ഇവിടം സന്ദർശിക്കാൻ കഴിഞ്ഞതിൽ ആഹ്ലാദവാനാണ്; നൂൽപ്പുഴ എഫ്‌എച്ച്‌സിയെ അഭിനന്ദിച്ച്‌ നിതി ആയോഗ്‌ വൈസ് ചെയർമാൻ

NITI Aayog Vice Chairman
avatar
സ്വന്തം ലേഖകൻ

Published on Aug 29, 2025, 09:29 PM | 1 min read

കൽപ്പറ്റ: "ആശുപത്രിയിൽ രോഗികൾക്ക് ലഭ്യമാക്കിയ സൗകര്യങ്ങളിൽ അതീവ സന്തുഷ്‌ടി രേഖപ്പെടുത്തുന്നു. ഇവിടം സന്ദർശിക്കുന്നതിൽ നിന്നും മഴ എന്നെ തടയാഞ്ഞതിൽ ഞാൻ ആഹ്ലാദവാനാണ്.'– വയനാട് നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിയ നിതി ആയോഗ് വൈസ് ചെയർമാൻ സുമൻ കെ ബറി സന്ദർശക ഡയറിയിൽ കുറിച്ചതാണിത്‌. ആശുപത്രിയിലെ സൗകര്യങ്ങൾ വിലയിരുത്തിയ ശേഷമായിരുന്നു ഇ‍ൗ അനുമോദനം.


ഫിസിയോതെറാപ്പി യൂണിറ്റ്, ഡേ കെയർ, വിളർച്ചാ നിയന്ത്രണ പദ്ധതിയായ "അമ്മ താരാട്ട്', ഗർഭിണികളായ ആദിവാസി സ്‌ത്രീകൾക്കുള്ള "പ്രതീക്ഷ' പദ്ധതികൾ, റോബോട്ടിക് ഗെയ്റ്റ് ട്രെയ്നർ സംവിധാനം, പഠന പ്രശ്‌നങ്ങളുള്ള വിദ്യാർഥികൾക്കുള്ള വിർച്വൽ റിയാലിറ്റി തെറാപ്പി തുടങ്ങിയവ നിതി ആയോഗ് സംഘം പരിശോധിച്ചു. ആശുപത്രിക്കുള്ള നിതി ആയോഗിന്റെ അംഗീകാരം മന്ത്രി വീണാ ജോർജ്‌ ഫെയ്‌സ്‌ബുക്കിൽ പങ്കുവച്ചു.



2018ൽ നാഷണൽ ക്വാളിറ്റി അഷൂറൻസ് സ്‌റ്റൻഡേർസിൽ (എൻക്യുഎസ്‌) 98 ശതമാനം മാർക്ക് നേടി രാജ്യത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ ഒന്നാമത്തെത്തിയ നൂൽപ്പുഴ 2022ലും എൻക്യുഎസിൽ 95 ശതമാനം മാർക്ക് നേടി മികവ് ആവർത്തിച്ചു. 2020ൽ ആർദ്രം പദ്ധതിയിൽ സംസ്ഥാനത്തെ മികച്ച ആരോഗ്യ കേന്ദ്രമായി. കായകൽപ്പ അവാർഡുകളും ലഭിച്ചു. കേരളത്തിൽ ഏറ്റവും കൂടുതൽ ഗോത്രവിഭാഗങ്ങൾ അധിവസിക്കുന്ന രണ്ടാമത്തെ പഞ്ചായത്താണ്‌ നൂൽപ്പുഴ. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നുള്ള രോഗികളും ഇവിടെയെത്തുന്നു. ആസ്‌പിരേഷണൽ ഡിസ്ട്രിക്‌ട്‌സ്‌ ആൻഡ്‌ ബ്ലോക്ക്സ് പദ്ധതിയുടെ ഭാഗമായാണ് നിതി ആയോഗ് സംഘം ജില്ല സന്ദർശിച്ചത്‌.


ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സമീഹ സൈതലവി, ഡെപ്യൂട്ടി ഡിഎംഒ ഡോ. പി ബിനീഷ്, കുടുംബാരോഗ്യ കേന്ദ്രം അസി. സർജൻ ഡോ. വി പി ദാഹർ മുഹമ്മദ്‌, ഡോ. ജെറിൻ എന്നിവർ സംഘത്തോട്‌ ആശുപത്രിയിലെ സേവനങ്ങളും സ‍ൗകര്യങ്ങളും വിശദീകരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home