പാലക്കാട് സ്മാർട്ട് സിറ്റി: ചരിത്രപരമായ നാഴികക്കല്ല്; അഭിനന്ദനവുമായി കേന്ദ്രം

തിരുവനന്തപുരം: കേരളത്തിൽ എല്ലാ വികസനവും അതിവേഗം യാഥാർത്ഥ്യമാകുമെന്നതിന് മറ്റൊരു ഉദാഹരണം കൂടിയാവുകയാണ് പാലക്കാട് സ്മാർട് സിറ്റി. രാജ്യത്താകെ പ്രഖ്യാപിച്ച 12 വ്യവസായ ഇടനാഴികളിൽ പാലക്കാട് സ്മാർട്ട് സിറ്റി ഏറ്റവും ആദ്യം ടെന്റർ നടപടി പൂർത്തിയാക്കിയിരിക്കുന്നു എന്നത് ചരിത്രപരമായ നാഴികക്കല്ലാണെന്ന് വിശേഷിപ്പിച്ചിരിക്കുകയാണ് നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡവലപ്മെൻ്റ് കോർപ്പറേഷൻ. കേരളത്തിന്റെ നടപടികളെ കേന്ദ്രം തന്നെ അഭിനന്ദിച്ചിരുക്കുന്നു എന്നത് സംസ്ഥാനത്ത് വികസനം നടക്കില്ല എന്ന് പ്രചരിപ്പിക്കുന്ന പ്രതിപക്ഷം അടക്കമുള്ളവർക്കുള്ള മറുപടി കൂടിയായി മാറി. കേരളത്തിൽ എല്ലാ വികസനവും സാധ്യമാകും എന്നല്ല, എല്ലാ വികസനവും അതിവേഗം യാഥാർത്ഥ്യമാകും എന്നാണ് ഈ സർക്കാർ നൽകുന്ന ഉറപ്പെന്നും വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം
ഈ കുറിപ്പ് യൂണിയൻ ഗവണ്മെൻ്റിന് കീഴിലുള്ള നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡവലപ്മെന്റ് കോർപ്പറേഷൻ പങ്കുവെച്ചതാണ്. രാജ്യത്ത് പുതുതായി പ്രഖ്യാപിച്ച 12 വ്യവസായ ഇടനാഴികളിൽ ഏറ്റവും ആദ്യം ടെൻ്റർ നടപടി പൂർത്തിയാക്കിയ പാലക്കാട് സ്മാർട്ട് സിറ്റി - ചരിത്ര പരമായ നാഴികക്കല്ലാണെന്ന് NICDC ഔദ്യോഗിക പേജിലൂടെ പങ്കുവെക്കുമ്പോൾ കേരളത്തിലേക്ക് വരുന്ന നിക്ഷേപകരോട് ഇവിടൊന്നും നടക്കില്ല എന്ന് പറയുന്നവർക്കുള്ള ഏറ്റവും മികച്ച മറുപടി കൂടി ആകുകയാണ് ഈ കുറിപ്പ്. കേരളത്തിൽ എല്ലാ വികസനവും സാധ്യമാകും എന്നല്ല, എല്ലാ വികസനവും അതിവേഗം യാഥാർത്ഥ്യമാകും എന്നാണ് ഈ സർക്കാർ നൽകുന്ന ഉറപ്പ്.
ഏറ്റവും കൃത്യതയോടെയാണ് കേരളം വ്യവസായ ഇടനാഴിക്കായി പ്രവർത്തിച്ചത്. ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്താണ് കൊച്ചി ബംഗളൂരു വ്യവസായ ഇടനാഴിക്കായുള്ള അംഗീകാരം നേടിയെടുക്കുന്നത്. മൂന്ന് സോണുകളിലായി പാലക്കാട് ജില്ലയിൽ സ്ഥാപിക്കുന്ന ഇൻ്റഗ്രേറ്റഡ് മാനുഫാക്ചറിങ്ങ് ക്ലസ്റ്ററിനായി കിൻഫ്രയും നാഷണൽ ഇൻ്റസ്ട്രിയൽ കോറിഡോർ ഡെവലപ്മെൻ്റ് ആൻ്റ് ഇമ്പ്ലിമെൻ്റേഷൻ ട്രസ്റ്റും തമ്മിൽ ഒപ്പുവച്ചു. ഈ സർക്കാർ അധികാരത്തിലേറി ഒരു മാസത്തിനുള്ളിൽ കേന്ദ്ര വ്യവസായ മന്ത്രി പീയൂഷ് ഗോയലുമായി കൂടിക്കാഴ്ച നടത്തുകയും വ്യവസായ ഇടനാഴിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കുകയും ചെയ്തു. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം നാല് മാസം തികയുന്നതിന് മുൻപ് ആയിരത്തിലധികം ഏക്കർ ഭൂമി ഇടനാഴിക്കായി കിൻഫ്ര ഏറ്റെടുത്തു. അതിവേഗത്തിൽ വ്യവസായ ഇടനാഴിക്കായുള്ള 1710 ഏക്കർ ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കാനും കിൻഫ്രക്ക് സാധിച്ചു. 3806 കോടി രൂപ ചെലവ് കണക്കാക്കുന്ന പദ്ധതിയുടെ 50% ചെലവും കേരളമാണ് വഹിക്കുന്നത്.
2024 ഫെബ്രുവരി മാസത്തിലാണ് നമുക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രായലത്തിൽ നിന്ന് പാരിസ്ഥിതികാനുമതി പുതുശ്ശേരി ഏകീകൃത ഉത്പാദന ക്ലസ്റ്റർ നിർമ്മാണത്തിന് ലഭിക്കുന്നത്. തുടർന്ന് ജൂൺ മാസത്തിൽ ഒരിക്കൽ കൂടി കേന്ദ്ര വ്യവസായ - വാണിജ്യമന്ത്രി പിയൂഷ് ഗോയലിനെ ഡൽഹിയിലെത്തി കൂടിക്കാഴ്ച നടത്തുകയും വ്യവസായ ഇടനാഴിക്കുള്ള അംഗീകാരം ഉടൻ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം സമർപ്പിക്കുകയും ചെയ്തു. ആഗസ്ത് മാസത്തിൽ നമ്മളേറെ കാത്തിരുന്ന ഈ പദ്ധതിക്ക് അംഗീകാരം ലഭിച്ചു. അംഗീകാരം ലഭിച്ചതിനാൽ ബാക്കി നടപടിക്രമങ്ങൾ വളരെ പെട്ടെന്ന് പൂർത്തിയാക്കാൻ ഞങ്ങൾ ഒരു ടാസ്ക് ഫോഴ്സിന് രൂപം നൽകി. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് ഐ എ എസിൻ്റെ നേതൃത്വത്തിലുള്ള ടാസ്ക് ഫോഴ്സ് മികച്ച പ്രവർത്തനമാണ് തുടർന്ന് കാഴ്ച വെച്ചത്. പദ്ധതിയുടെ ടെൻ്റർ നടപടികളും പൂർത്തിയാക്കി നിർമ്മാണത്തിലേക്ക് കടക്കുന്നതിലൂടെ ഏറ്റവും വേഗത്തിൽ ഈ പ്രക്രിയകൾ പൂർത്തിയാക്കിയെന്ന പ്രശംസയും കേരളത്തിന് സ്വന്തമായി. ദിലീപ് ബിൽഡ്കോൺ ലിമിറ്റഡും പി എസ് പി പ്രൊജക്റ്റ്സ് ലിമിറ്റഡും ചേർന്നുള്ള സംയുക്ത സംരംഭത്തിനാണ് ടെൻ്റർ ലഭിച്ചിരിക്കുന്നത്.








0 comments