ആറളത്തുണ്ട് മരപ്പൊത്തിൽ മുട്ടയിടുന്ന പുതിയ ഇനം തുമ്പി

ആറളം വന്യജീവിസങ്കേതത്തിൽ കണ്ടെത്തിയ പുതിയ ഇനം തുമ്പി ലിറിയോതെമിസ് അബ്രഹാമി

സ്വന്തം ലേഖകൻ
Published on Jul 18, 2025, 10:37 AM | 1 min read
കാസർകോട്: വനമേഖലകളിൽ സ്ഥിരം പറന്നുനടന്നിട്ടും ഗവേഷകരുടെ കണ്ണിൽപ്പെടാതിരുന്ന പുതിയ ഇനം തുമ്പിയെക്കൂടി കണ്ടെത്തി. മരപ്പൊത്തിൽ മുട്ടയിടുന്ന ലിറിയോതെമിസ് അബ്രഹാമി (Lyriothemis abrahami) എന്നു പേരിട്ട ഇനത്തെയാണ് ആറളം വന്യജീവി സങ്കേതത്തിൽനിന്ന് ഗവേഷകർ കണ്ടെത്തിയത്. ട്രാവൻകൂർ നേച്വർ ഹിസ്റ്ററി സൊസൈറ്റി, സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ, കേരള കാർഷിക സർവകലാശാല, പാല അൽഫോൻസാ കോളേജ് എന്നിവിടങ്ങളിലേയും ഗവേഷകർ നടത്തിയ ഫീൽഡ് സർവേകളിലൂടെയാണ് ഇവയെ തിരിച്ചറിഞ്ഞത്.
ഇതിനായി ലാർവകളെ വളർത്തിയെടുക്കുകയുമുണ്ടായി. കേരളത്തിലെ തുമ്പി പഠനങ്ങൾക്ക് നേതൃത്വം നൽകിയ ഡോ. എബ്രഹാം സാമുവലിനോടുള്ള ആദരസൂചകമായാണ് ഇനത്തിന് പേര് നൽകിയത്. മധ്യ, തെക്കൻ പശ്ചിമഘട്ട പ്രദേശങ്ങളിൽ മാത്രം കാണപ്പെടുന്ന ഇനമാണിത്. കേരളത്തിൽ കല്ലാർ, പൊന്മുടി, നെയ്യാർ, ചെന്തുരുണി, പൂയംകുട്ടി, ഇടമലയാർ, സൈലന്റ്‌വാലി, നിലമ്പൂർ, വയനാട്, കർണാടകത്തിൽ കൂർഗ് എന്നിവിടങ്ങളിൽ ഇവയുണ്ട്.
ഡോ. കലേഷ് സദാശിവൻ, വിനയൻ പി നായർ, ജെബിൻ ജോസ്, ടോംസ് അഗസ്റ്റിൻ, കെ ബൈജു, ഡോ. ജാഫർ പാലോട്ട്, ഡോ. ഷാനാസ് സുധീർ, ഡോ. മായ ജോർജ് എന്നിവരാണ് ഗവേഷക സംഘത്തിലുണ്ടായത്. പുതിയ തുമ്പിയുടെ കണ്ടെത്തൽ കാടുകളിലെ സൂക്ഷ്മ ആവാസവ്യവസ്ഥകൾ സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു. ശ്രദ്ധിക്കപ്പെടാതെ പോകുന്ന മരപ്പൊത്തുകൾ ലിറിയോതെമിസ് അബ്രഹാമി പോലുള്ള തുമ്പികളുൾപ്പെടെയുള്ളവയുടെ പ്രജനന കേന്ദ്രങ്ങളാണ്. ഗവേഷണ വിവരങ്ങൾ അന്താരാഷ്ട്ര ജേർണൽ ആയ എന്റോമോണിന്റെ പുതിയ ലക്കത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് .









0 comments