നെടുമ്പാശേരി വാഹനക്കുരുതി; പ്രതികളുടെ ജാമ്യഹർജി ഇന്ന് കോടതിയിൽ

കൊച്ചി : നെടുമ്പാശേരിയിൽ മദ്യലഹരിയിൽ 19കാരൻ ഓടിച്ച വാഹനമിടിച്ച് മൂന്നുപേർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. ഒന്നാം പ്രതി സുഹൈൽ സജീവടക്കം നാലുപേരുടെ ജാമ്യഹർജി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. കേസിന്റെ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും കൂടുതല്‍ നിര്‍ണ്ണായക തെളിവുകള്‍ ലഭിക്കാനുണ്ടെന്നും ചൂണ്ടിക്കാട്ടി പ്രോസിക്യൂഷനും പൊലീസും ജാമ്യാപേക്ഷ എതിർക്കും. നാലു പ്രതികളുടെയും ജാമ്യാപേക്ഷ അങ്കമാലി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. പിന്നാലെയാണ് സെഷൻസ് കോടതിയെ സമീപിച്ചത്. സുഹൈലിന് പുറമെ ആലപ്പുഴ തുമ്പോളി പാലപ്പറമ്പിൽ നിനവ് (19), ആലപ്പുഴ സ്വദേശികളായ ജോയൽ (19), അമീൻ (19) എന്നിവരാണ് കേസിലെ പ്രതികൾ.
ഈ മാസം 11ന് പുലർച്ചെയാണ് നെടുമ്പാശേരി എയർപോട്ട് റോഡിൽ അപകടമണ്ടായത്. മദ്യലഹരിയിൽ അമിതവേഗതയിലെത്തിയ മിനി കൂപ്പർ വാഹനം സ്കൂട്ടർ യാത്രികരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ കൽപ്പറ്റ മടക്കിമല താഴെവീട്ടിൽ സന്തോഷ്‌ഭവനിൽ സന്തോഷിന്റെ മകൾ ദേവിക (21), പാലക്കാട് കരിമ്പ ചെമ്പൻത്തിട്ട മുള്ളൻകുഴിയിൽ വീട്ടിൽ പ്രദീപ്‌കുമാറിന്റെ മകൾ ഗോപിക (21), കർണാടക സുള്ള്യ കനകമഞ്ചൽ വീട്ടിൽ ഇബ്രാഹിമിന്റെ മകൾ ഇയാസ് (21) എന്നിവരാണ് മരിച്ചത്.
പാലാരിവട്ടം, കടവന്ത്ര, നെടുമ്പാശേരി എന്നിവിടങ്ങളിലെ ബാറുകളിൽ കയറി മദ്യപിച്ച ശേഷമായിരുന്നു സുഹൈലിന്റെ മരണപ്പാച്ചിൽ. 150 കിലോമീറ്ററോളം വേഗതയിലാണ് സുഹൈൽ കാറോടിച്ചിരുന്നത്. കേസിലെ പ്രധാന പ്രതിയെ സംരക്ഷിക്കാൻ പൊലീസ് ബോധപൂർവമായ ശ്രമങ്ങൾ നടത്തിയത് ചർച്ചയായിരുന്നു. ദുർബലമായ വകുപ്പുകൾ ചുമത്തിയാണ് മുഖ്യപ്രതി സുഹൈലിനെതിരെ ആദ്യം കേസെടുത്തത്. പ്രതിയെ ബോസ്റ്റൽ സ്കൂളിലേക്ക് മാറ്റിയതടക്കം വിവാദമായിരുന്നു.








0 comments