ദുരന്തബാധിതരുടെ പേരിൽ ലീഗിന്റെ ഭൂമിക്കൊള്ള ; വിറ്റത് തോട്ടഭൂമിയെന്ന് ഉടമകൾ

അജ്നാസ് അഹമ്മദ്
Published on Aug 04, 2025, 01:00 AM | 1 min read
കൽപ്പറ്റ
ചൂരൽമല– മുണ്ടക്കൈ ദുരന്തബാധിതർക്ക് വീടുനിർമിക്കാൻ മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റയിൽ മുസ്ലിംലീഗ് വാങ്ങിയത് തോട്ടഭൂമിയെന്ന് ഉടമകൾ. ലാൻഡ് ബോർഡ് ഹിയറിങ്ങിലാണ് ഉടമകൾ ഇത് സമ്മതിച്ചത്. തോട്ടം വാങ്ങിയശേഷം ലീഗ് നേതൃത്വമാണ് കാപ്പിച്ചെടികൾ പിഴുത് തരംമാറ്റാൻ ശ്രമിച്ചതെന്ന് ഉടമകൾ മൊഴിനൽകിയതായി താലൂക്ക് ലാൻഡ് ബോർഡ് അധികൃതർ പറഞ്ഞു. തോട്ടംഭൂമിയല്ലെന്നും നിർമാണ യോഗ്യമായ ഭൂമി ‘പൊന്നുംവിലയ്ക്ക് ’ വാങ്ങിയെന്നുമാണ് ലീഗിന്റെ അവകാശ വാദം. എന്നാൽ, തോട്ടംഭൂമി സെന്റിന് 15,000 രൂപയ്ക്കുവരെ ലഭിക്കുന്ന പ്രദേശത്ത് സെന്റിന് 98,000 രൂപ മുതൽ 1.22 ലക്ഷം രൂപവരെ വില നൽകി തട്ടിപ്പുനടത്തുകയായിരുന്നുവെന്ന് ഇതോടെ വ്യക്തമായി.
ലീഗ് വാങ്ങിയ 11.21 ഏക്കറിലെ ഒരേക്കർ ഒഴികെ ബാക്കി നിർമാണ അനുമതിയില്ലാത്ത കാപ്പിത്തോട്ടമാണെന്ന വില്ലേജ് ഓഫീസറുടെ റിപ്പോർട്ടിനെ തുടർന്നാണ് ഭൂഉടമകൾക്ക് വൈത്തിരി താലൂക്ക് ലാൻഡ് ബോർഡ് നോട്ടീസ് നൽകിയത്. പി കെ കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവും വീട് നിർമാണസമിതി അംഗവുമായ അഭിഭാഷകൻ കല്ലൻകോടൻ മൊയ്തുവാണ് ഹിയറിങ്ങിൽ ഹാജരായി മൊഴിനൽകിയത്. മൊയ്തുവടക്കം അഞ്ചുപേരിൽനിന്നാണ് ലീഗ് ഭൂമി വാങ്ങിയത്. മൊയ്‌തു ലീഗിന്റെ നിർമാണസമിതിക്ക് നിയമോപദേശവും നൽകിയിരുന്നു. ഇതോടെ ദുരന്തബാധിതരുടെ പേരിൽ ലീഗിനുള്ളിൽ നടന്ന കൊള്ളയാണ് പുറത്തുവരുന്നത്.









0 comments