ഭൂമി വാങ്ങിയത് പി കെ കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവും നിർമാണ സമിതിയംഗവുമായ അഭിഭാഷകന്റേതടക്കം അഞ്ച് വ്യക്തികളിൽനിന്ന്
ഭൂമിക്കച്ചവടത്തിൽ ലീഗിന്റെ കൊള്ള ; വാങ്ങിയ 11.5 ഏക്കറിൽ നിർമാണാനുമതിയുള്ള ഭൂമി ഒരേക്കർ മാത്രം

അജ്നാസ് അഹമ്മദ്
Published on Jul 14, 2025, 01:04 AM | 1 min read
കൽപ്പറ്റ
മുണ്ടക്കൈ,- ചൂരൽമല ദുരന്തബാധിതർക്ക് വീട് നിർമിച്ചുനൽകാൻ മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റയിൽ മുസ്ലിംലീഗ് ഭൂമി വാങ്ങിയത് മൂന്നുമുതൽ നാലിരട്ടിവരെ വിലയ്‌ക്ക്. തൃക്കൈപ്പറ്റ വെള്ളിത്തോട് വാങ്ങിയ 11.5 ഏക്കറിൽ ഒരേക്കർ ഒഴികെ ബാക്കി മുഴുവനും നിർമാണാനുമതിയില്ലാത്ത ഭൂമിയാണെന്ന വില്ലേജ് ഓഫീസറുടെ റിപ്പോർട്ട് വന്നതിനുപിന്നാലെയാണ് ഭൂമിയിടപാടിലെ കൊള്ള പുറത്തായത്. വെള്ളിത്തോടിന് സമീപം ആറുകോടി രൂപയ്‌ക്ക് ലഭിക്കുമായിരുന്ന ഭൂമിയാണ് 12 കോടി മുടക്കി വാങ്ങിയത്.
ദുരന്തബാധിതരുടെ പുനരധിവാസത്തിന് 40 കോടിരൂപയോളമാണ് പൊതുജനങ്ങളിൽനിന്ന് ലീഗ് സമാഹരിച്ചത്. സ്ഥലം വാങ്ങാൻ 12 കോടിയിലധികം രൂപ ചെലവഴിച്ചെന്ന് നേതൃത്വം പറയുന്നു. സെന്റിന് മുപ്പതിനായിരം രൂപയ്‌ക്ക് മുതൽ ലഭ്യമാകുന്ന ഭൂമിക്ക് 1,25,000 രൂപ വരെ നൽകിയാണ് വാങ്ങിയത്. ഇതേയിടത്ത് നിർമാണ യോഗ്യമായ ഭൂമി സെന്റിന് 65000 രൂപ നിരക്കിൽ കിട്ടുമായിരുന്നു. പി കെ കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവും നിർമാണ സമിതിയംഗവുമായ അഭിഭാഷകന്റേതടക്കം അഞ്ച് വ്യക്തികളിൽനിന്നായാണ് ഭൂമി വാങ്ങിയത്.
തോട്ടം ഭൂമി വീടുനിർമാണത്തിന് വിറ്റതിന് ഉടമകൾക്ക് താലൂക്ക് ലാൻഡ് ബോർഡ് നോട്ടീസ് നൽകിയിട്ടുണ്ട്. തോട്ടം ഭൂമിയല്ലെന്നും രേഖകൾ കൈവശമുണ്ടെന്നുമാണ് ലീഗ് നേതാക്കളുടെ വാദം. 16 മുതൽ ലാൻഡ് ബോർഡ് ഹിയറിങ്ങുണ്ട്. 105 കുടുംബങ്ങൾക്ക് വീട് നിർമിച്ചുനൽകുമെന്നായിരുന്നു ലീഗിന്റെ വാഗ്‌ദാനം. സർക്കാർ കൽപ്പറ്റയിൽ ഒരുക്കുന്ന ടൗൺഷിപ്പിലെ ഗുണഭോക്താക്കളായിരുന്നു ഇതിലെ ഭൂരിഭാഗവും. വീട് വേണ്ടെന്നും പുനരധിവാസ മാർഗമുണ്ടെന്നും അറിയിച്ച് 15 ലക്ഷം രൂപ കൈപ്പറ്റി ഇവർ ടൗൺഷിപ്പിൽനിന്ന് ഒഴിയുകയായിരുന്നു. വെട്ടിപ്പ് പുറത്തായതോടെ വീട് നിർമാണം സർക്കാർ തടസ്സപ്പെടുത്തുകയാണെന്ന വാദവുമാണ് ലീഗ് ഉയർത്തുന്നത്.









0 comments