മലയാളത്തിന്റെ ലാലേട്ടന് ഓർമകളുടെ റീലുകളുമായി ചലിക്കുന്ന ക്യാൻവാസ്

LALmomento
avatar
ഹർഷിദ ബത്താലി

Published on Oct 05, 2025, 03:06 PM | 2 min read

ദാദാ സാഹേബ് ഫാൽക്കെ അവാർഡിനർഹനായ മലയാളത്തിന്റെ മഹാനടന് ആദരം അർപ്പിക്കുന്നതിന്റെ ഭാഗമായി മെമന്റോ രൂപകൽപ്പന ചെയ്യാനുള്ള ഉത്തരവാദിത്വം കേരള സർക്കാർ ഏൽപ്പിച്ചത് കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിനെയായിരുന്നു. ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിക്കർഹനായ ഒരാൾക്ക് സംസ്ഥാനം നൽകുന്ന ഈ ഉപഹാരം വെറുമൊരു ശിൽപം ആകരുത് എന്ന നിർബന്ധം സർക്കാരിനും ശിൽപികൾക്കും ഉണ്ടായിരുന്നു.


'തനിമ' നിലനിർത്തി, വ്യത്യസ്തത കൈവരിച്ച്


കലാമൂല്യമുള്ള വസ്തുക്കളുടെയും കരകൗശല ഉൽപന്നങ്ങളുടെയും വലിയൊരു ശേഖരം മോഹൻലാലിനുണ്ടെന്ന തിരിച്ചറിവാണ്, അദ്ദേഹത്തിന് നൽകുന്ന പുരസ്കാരം വേറിട്ടതും സവിശേഷവും ആയിരിക്കണം എന്ന ചിന്തയിലേക്ക് നയിച്ചത്. മെമന്റോ നിർമാണത്തിലെ ഏറ്റവും വലിയ വെല്ലുവിളിയും അത് തന്നെയായിരുന്നു. അത്രയും സവിശേഷമായ ശേഖരമുള്ള ഒരാൾക്ക് സർക്കാരിന്റെ ആദരം നൽകുമ്പോൾ, അത് അതുല്യമായിരിക്കണം. അദ്ദേഹത്തിന് ഇതുവരെ ലഭിച്ചിട്ടില്ലാത്ത അനുഭവിച്ചിട്ടില്ലാത്ത ഒരു ഘടകം അതിലുണ്ടാകണമെന്ന് ക്രാഫ്റ്റ് വില്ലേജ് ആഗ്രഹിച്ചു. ഈ വെല്ലുവിളിയാണ് അവരെ 'ലൈവ് മെമന്റോ' എന്ന ആശയത്തിലേക്ക് എത്തിച്ചത്.


ചലിക്കുന്ന അല്ലെങ്കിൽ പ്രവർത്തിക്കുന്ന മെമന്റോ തയ്യാറാക്കാൻ തീരുമാനിക്കുന്നത് അങ്ങനെയാണ്. ചലച്ചിത്ര കലയുടെ സെല്ലുലോയിഡ് കാലഘട്ടം മുതൽ അൾട്രാ മോഡേൺ ക്യാമറകളും ഡിജിറ്റൽ ഉപകരണങ്ങളും ഉപയോഗിക്കുന്ന ഇന്നത്തെ കാലം വരെ വ്യാപിച്ചുകിടക്കുന്ന മോഹൻലാലിന്റെ കരിയറിനെ പ്രതിഫലിപ്പിക്കാൻ ഈ ആശയം ഉചിതമാണെന്ന് ക്രാഫ്റ്റ് വില്ലേജിനും തോന്നി.


ചലിക്കുന്ന ക്യാൻവാസ്


മോഹൻലാലിന്റെ ജീവിതത്തിൽ ഏറ്റവും പ്രധാന ഘടകമായ ക്യാമറയെ പ്രതീകവൽക്കരിച്ചുകൊണ്ടാണ് മെമന്റോ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ചലിക്കുന്ന രണ്ട് വീലുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് ഒരേസമയം പഴയകാലത്തെ ചലിക്കുന്ന ഫിലിം റീലുകളെയും, അതോടൊപ്പം തന്നെ മുന്നോട്ട് സഞ്ചരിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തെയും പ്രതിനിധീകരിക്കുന്നു.


മെമന്റോയുടെ സ്ക്രീനിൽ, മലയാളികളുടെ മനസ്സിൽ മായാതെ നിൽക്കുന്ന ലാലേട്ടന്റെ അമ്പതോളം ഐക്കോണിക് കഥാപാത്രങ്ങളെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ കഥാപാത്ര ചിത്രങ്ങൾ ഒന്നിനുപിറകെ ഒന്നായി മാറിക്കൊണ്ടിരിക്കുന്നത് കാണാം. മഞ്ഞിൽ വിരി‍ഞ്ഞ പൂക്കൾ, പാദമുദ്ര, വാനപ്രസ്ഥം, സ്ഫടികം, അങ്കിൾ ബൺ, ദേവാസുരം, കമലദളം, തൂവാനത്തുമ്പികൾ, ‌ താഴ്‍വാരം, രാജാവിന്റെ മകൻ, ദൃശ്യം, ലൂസിഫർ, തുടരും തുടങ്ങിയ എക്കാലത്തെയും മികച്ച സിനിമകളിലെ കഥാപാത്രങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിനുപുറമെ, മോഹൻലാലിന്റെ ഛായാചിത്രം മെറ്റലിൽ കൊത്തിവെച്ചത് മെമന്റോയുടെ മനോഹാരിത ഒരിക്കൽ കൂടി വർധിപ്പിക്കുന്നു.



ചലച്ചിത്ര ലോകത്ത് താരം പിന്നിട്ട യാത്രയെ സജീവമായി ആവിഷ്കരിച്ച ഈ 'ഡിജിറ്റൽ മൊമെന്റോ' സംസ്ഥാന ആദരവുകൾക്ക് പുതിയ മാനവും സൗന്ദര്യവും നൽകുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home