മെട്രോ തിരുവനന്തപുരത്തിന് ഇനി സ്വപ്‌നമല്ല, യാഥാർഥ്യം

തിരുവനന്തപുരം: തലസ്ഥാനത്തിന്റെ ഗതാഗതവികസനത്തിൽ വിപ്ലവകരമായ മാറ്റമാകും മെട്രോ റെയിൽ പദ്ധതി. പാപ്പനംകോടിനെയും കഴക്കൂട്ടത്തിനെയും ബന്ധിപ്പിക്കുന്നതിനൊപ്പം നഗരത്തിൽനിന്ന് മെഡിക്കൽ കോളേജ്, വിമാനത്താവളം, തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് പോകാനും ഇത് സഹായകരമാകും. നഗരത്തിലെത്തുന്ന സ്വകാര്യവാഹനങ്ങളുടെ എണ്ണം കുറയ്ക്കാനും ഗതാഗതക്കുരുക്ക് അഴിക്കാനും സാധിക്കുമെന്നാണ് വിലയിരുത്തൽ.
പതിറ്റാണ്ടുനീണ്ട കാത്തിരിപ്പിനാണ് ഒന്നാംഘട്ട അലെയ്‌ൻമെന്റ് അംഗീകരിച്ചതോടെ വിരാമമായത്. തിരുവനന്തപുരത്ത് മെട്രോ ആവശ്യമുണ്ടോയെന്നറിയാൻ സമഗ്ര ഗതാഗത പദ്ധതി (സിഎംപി) തയ്യാറാക്കിയിരുന്നു. മോണോ റെയിലോ ലൈറ്റ് മെട്രോയോ– ഏതാണ് വേണ്ടതെന്ന് അറിയാനായിരുന്നു പഠനമെങ്കിലും ഭാവിയിലേക്ക് ഇതുരണ്ടും ഗുണകരമാകില്ലെന്ന് കണ്ടെത്തി. തുടർന്നാണ് കൊച്ചി മെട്രോയോ രാജ്യത്ത് നടപ്പാക്കിയ മറ്റ് മെട്രോകളോ പോലെ ഒന്നുമതിയെന്ന് തീരുമാനിച്ചത്. സിഎംപിയുടെ അടിസ്ഥാനത്തിൽ ആറ് പുതിയ റൂട്ടുകളാണ് കൊച്ചി മെട്രോ അവതരിപ്പിച്ചത്.
ജൂൺ 11ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ഇക്കാര്യം പരിശോധിച്ചു. യുക്തമായ തീരുമാനം കൈക്കൊള്ളാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സെക്രട്ടറിതല കമ്മിറ്റിയെ ചുമതലപ്പെടുത്തി. ധനം, റവന്യു, തദ്ദേശം, ട്രാൻസ്പോർട്ട് (മെട്രോ) സെക്രട്ടറിമാർ കമ്മിറ്റിയിൽ അംഗങ്ങളാണ്. കമ്മിറ്റി അതിൽനിന്ന് രണ്ടെണ്ണം തെരഞ്ഞെടുത്തു. ടെക്‌നോപാർക്കിനെക്കൂടി ഉൾപ്പെടുത്തി അലെയ്‌ൻമെന്റ് തയ്യാറാക്കാൻ നിർദേശിച്ചു. സെൻട്രൽ റെയിൽവേ സ്റ്റേഷനും നോർത്ത് റെയിൽവേ സ്റ്റേഷനും വിമാനത്താവളവും ഉൾപ്പെടുത്തിയ അലെയ്‌ൻമെന്റ മുഖ്യമന്ത്രി അംഗീകരിക്കുകയും ചെയ്‌തു. ഇതിന്റെ ഡിപിആർ കൊച്ചി മെട്രോ വേഗത്തിൽ സംസ്ഥാന സർക്കാരിന് സമർപ്പിക്കും. തുടർഘട്ടങ്ങൾ സർക്കാർ പിന്നീട് തീരുമാനിക്കും








0 comments