വോട്ടുപരിഷ്‌കരണം ജനാധിപത്യ അട്ടിമറിക്ക് : മണിക് സർക്കാർ

ചൊക്ലി
ത്രിപുര മോഡൽ ജനാധിപത്യ അട്ടിമറി വലിയ സംസ്ഥാനങ്ങളിൽ സാധ്യമല്ലാത്തതിനാലാണ് തീവ്ര വോട്ടർലിസ്‌റ്റ് പരിഷ്‌കരണമടക്കമുള്ള നടപടികളുമായി ബിജെപി മുന്നോട്ടുപോകുന്നതെന്ന് ത്രിപുര മുൻ മുഖ്യമന്ത്രി മണിക് സർക്കാർ പറഞ്ഞു. ചൊക്ലിയിൽ കോടിയേരി സ്‌മൃതി സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പ് കമീഷനടക്കമുള്ള എല്ലാ ജനാധിപത്യസ്ഥാപനങ്ങളെയും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനായി സംഘപരിവാർ ഉപയോഗിക്കുന്നു. തങ്ങൾക്ക് വിധേയരായവരെയാണ് കമീഷൻ അംഗങ്ങളായി തെരഞ്ഞെടുക്കുന്നത്. അടുത്ത നവംബർ, ഡിസംബർ മാസങ്ങളിൽ വോട്ടർപട്ടികയിൽ കടന്നുകയറി, അവർക്ക് താൽപ്പര്യമില്ലാത്ത വോട്ടർമാരെ നീക്കാനാണ് ശ്രമം. ബിഹാറിൽമാത്രം 65 ലക്ഷം വോട്ട് നീക്കി. മുസ്ലിം, പട്ടികജാതി– വർഗ, ദരിദ്ര തൊഴിലാളി വിഭാഗങ്ങൾക്കാണ് വോട്ട് നഷ്ടമായത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിഹാറിൽ മുപ്പതോളം ബിജെപി എംഎൽഎമാരുടെ ഭൂരിപക്ഷം കേവലം ആയിരത്തിനും മൂവായിരത്തിനുമിടയിലാണ് എന്നറിയുന്പോഴാണ് വോട്ടുനീക്കത്തിന്റെ ഗൗരവം മനസിലാകുന്നത്. അടുത്തഘട്ടത്തിൽ പൊതുതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ അസമിൽ മാത്രമെ ബിജെപി സർക്കാരുള്ളൂ. അതിനാലാണ് അവർ വോട്ടർപട്ടിക തിരക്കുപിടിച്ച് പരിഷ്കരിക്കുന്നത്.
ത്രിപുരയിൽ 48 ശതമാനം വോട്ടുവിഹിതമുണ്ടായ കോൺഗ്രസാണ് ബിജെപിയെ ഭരണത്തിലെത്തിച്ചത്. 2018ൽ അവർക്ക് കേവലം രണ്ടുശതമാനം വോട്ടേ കിട്ടിയുള്ളൂ. എന്നാൽ ബിജെപി വോട്ടുവിഹിതം 52 ശതമാനമായി ഉയർന്നു.
ബിജെപി അധികാരത്തിൽ വന്നശേഷം പ്രതിപക്ഷസ്വരത്തെ പാർലമെന്റിൽ അപ്രസക്തമാക്കി. മതനിരപേക്ഷതയും ജനാധിപത്യമൂല്യങ്ങളുമെല്ലാം ഇല്ലാതാക്കി. ജുഡീഷ്യറിയെ സ്വാധീനിക്കാനുള്ള നീക്കത്തിലാണിപ്പോൾ. ഇൗ ഘട്ടത്തിലാണ്, കേരളത്തിന്റെ ബദൽനയങ്ങൾ ദേശീയമായി പ്രാധാന്യമുള്ളതാകുന്നത്. ഗവർണറെയടക്കം ഉപയോഗിച്ച് കേരളവികസനം അട്ടിമറിക്കാൻ ശ്രമിക്കുന്നു. കേന്ദ്രപദ്ധതികൾ വരുന്നത് തടയുന്നു. ഇതിലൊന്നും പ്രതികരിക്കാത്ത കോൺഗ്രസിന്റെ അവസരവാദ നിലപാടും നമ്മൾ തിരിച്ചറിയണം. ഇതിനെയെല്ലാം അതീജീവിച്ച് കേരളജനത ഇടതുപക്ഷത്തെ വീണ്ടും ഭരണത്തിലേറ്റുമെന്നും മണിക് സർക്കാർ പറഞ്ഞു.









0 comments