വടക്കേ അമേരിക്കന്‍ കൊടുമുടിയിൽ കുടുങ്ങിയ മലയാളി പർവതാരോഹകൻ സുരക്ഷിതൻ

തിരുവനന്തപുരം: നോർത്ത് അമേരിക്കയിലെ ഡെനാലി പർവതത്തിൽ കുടുങ്ങിയ മലയാളി പർവതാരോഹകൻ ഷെയ്ഖ് ഹസൻ സുരക്ഷിതൻ. ഇതുസംബന്ധിച്ച അറിയിപ്പുകൾ ലഭിച്ചതായി സർക്കാർ വൃത്തങ്ങളും ഷേയ്ഖിന്റെ ബന്ധുക്കളും സ്ഥിരീകരിച്ചു. ഷെയ്ഖിനെയും സഹ പർവതാരോഹകനെയും കണ്ടെത്തി ബേസ് ക്യാമ്പിലേക്ക് മാറ്റിയതായി അലാസ്ക ഗവർണർ അറിയിച്ചു. സെക്രട്ടറിയറ്റിൽ ധനവകുപ്പിലെ അസിസ്റ്റന്റ് സെക്ഷൻ ഓഫീസറാണ് ഷെയ്ഖ്. പത്തനംതിട്ട പന്തളം സ്വദേശിയാണ്.
തമിഴ്‌നാട് സ്വദേശിക്കൊപ്പമാണ് ഷെയ്ഖ് ഹസൻ ഖാൻ ഡെനാലിയിലേക്ക് പോയത്. ഏറെ ദുഷ്‌കരമായ കാലാവസ്ഥയുള്ള മേഖലയാണ് അലാസ്ക. മലയാളികൾ ആരും തന്നെ പ്രദേശത്ത് ഉണ്ടായിരുന്നില്ലെന്ന് നോർക്ക അധികൃതർ പറഞ്ഞു. ഇന്ത്യൻ എംബസി സ്ഥിതിചെയ്യുന്ന വാഷിങ്‌ടണിൽനിന്ന് 6000 കിമീ ദൂരയാണ് അലാസ്ക. ഷെയ്‌ഖ് കുടുങ്ങിയ അഞ്ചാം ക്യാമ്പ് ഏറ്റവും അവസാനത്തേതാണ്. ഇവിടെനിന്ന് കൊടുമുടിയുടെ ഏറ്റവും ഉയർന്ന പ്രദേശത്തെത്താൻ 14 മുതൽ 18 മണിക്കൂർ വേണം.
എവറസ്റ്റ് ഉൾപ്പെടെ 7 ഭൂഖണ്ഡങ്ങളിലെയും ഉയരംകൂടിയ പർവതങ്ങൾ കീഴടക്കിയ ഏക മലയാളിയാണ് ഷെയ്ഖ് ഹസൻ ഖാൻ. രണ്ടാം തവണയാണ് ഡെനാലി കീഴടക്കാൻ പുറപ്പെട്ടത്. സമുദ്രനിരപ്പിൽനിന്ന് 17,000 അടി ഉയരത്തിലാണ് ഹസൻ കുടുങ്ങിയത്. ബുധൻ രാവിലെ 9.08ഓടെയാണ് താൻ കുടുങ്ങിക്കിടക്കുകയാണെന്ന് അറിയിച്ച് സാറ്റലൈറ്റ് ഫോൺവഴിയുള്ള ഷെയ്ഖ് ഹസൻ ഖാന്റെ സന്ദേശമെത്തിയത്.
ശക്തമായ കൊടുങ്കാറ്റിനെത്തുടർന്നാണ് അലാസ്കയിലെ ഡെനാലി കൊടുമുടിയുടെ ക്യാമ്പ് 5-ൽ ഷെയ്ഖ് ഹസനും സഹ പർവതാരോഹകനും കുടുങ്ങിയത്. പരിമിതമായ ഭക്ഷണവും വെള്ളവും മാത്രമേയുള്ളൂവെന്നും സഹായം ആവശ്യമാണെന്നും സാറ്റലൈറ്റ് ഫോൺ സന്ദേശം വഴി ഷെയ്‌ഖ് അറിയിച്ചിരുന്നു. തുടർന്ന് ബുധനാഴ്ച തന്നെ ഇദ്ദേഹത്തിന്റെ ഭാര്യാപിതാവ് നോർക്കയുമായി ബന്ധപ്പെട്ടു. നോർക്ക വാഷിങ്‌ടണിലെ ഇന്ത്യൻ എംബസിയോട് സഹായം തേടി. വിദേശകാര്യ മന്ത്രാലയം വഴിയും സഹായം തേടിയിരുന്നു.









0 comments