ad
Deshabhimani

സർവേ അത് 
മനോരമ 
 തന്നെ !

print edition സർവേയിലെങ്കിലും ജയിപ്പിച്ചെടുക്കാൻ ; രക്ഷാപ്രവർത്തനവും
 പൊളിയുന്നു

malayala manorama election survey
വെബ് ഡെസ്ക്

Published on Feb 11, 2026, 02:45 AM | 3 min read


തിരുവനന്തപുരം

കനുഗോലു ടീം നടത്തിയ സർവേയടക്കം യുഡിഎഫിന്‌ തിരിച്ചടി പ്രവചിച്ചതോടെ രക്ഷാപ്രവർത്തനവുമായി മനോരമ. മനോരമ ന്യൂസ്‌ചാനലാണ്‌ എൽഡിഎഫിനെതിരെ തട്ടിക്കൂട്ട്‌ സർവേയുമായി രംഗത്തെത്തിയത്‌. 40.3 ശതമാനം പേർ എൽഡിഎഫ്‌ സർക്കാർ തുടരണമെന്ന്‌ അഭിപ്രായപ്പെട്ടപ്പോൾ 53.7 ശതമാനംപേർ മാറണമെന്ന്‌ പറഞ്ഞതായി ചാനൽ അവകാശപ്പെടുന്നു. കനുഗോലു യുഡിഎഫിനുവേണ്ടി നടത്തിയ സർവേയിൽ കേരളത്തിൽ ഇഞ്ചോടിഞ്ച്‌ പോരാട്ടമാണെന്നും തിരുവനന്തപുരം അടക്കം നാലു ജില്ലകളിൽ യുഡിഎഫ്‌ പിന്നിലാണെന്നും കണ്ടെത്തിയിരുന്നു. എൽഡിഎഫ്‌ എംഎൽഎമാരുടേത്‌ മികച്ച പ്രവർത്തനമാണെന്നും ജനപ്രീതി വർധിച്ചതായും വ്യക്തമായിരുന്നു. ഇതോടെ അപകടം മണത്താണ്‌ മനോരമ രംഗത്തെത്തിയത്‌. ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ്‌ അവതരിപ്പിച്ച ദിവസം മനോരമ ഓൺലൈൻ, ഓൺലൈൻ സർവേ നടത്തിയിരുന്നു. 89.61 ശതമാനത്തിനു മുകളിൽപേർ മികച്ച ബജറ്റെന്ന്‌ രേഖപ്പെടുത്തിയതോടെ ഫലം പ്രസിദ്ധീകരിക്കാതെ പിൻവലിച്ചിരുന്നു.


ശബരിമല സ്വർണമോഷണക്കേസും രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസും കോൺഗ്രസിന്‌ വലിയ തിരിച്ചടിയാകുമെന്ന്‌ ഉറപ്പായതോടെ ‘വീര്യം’ കുറയ്‌ക്കാനുള്ള ശ്രമവുമുണ്ട്‌ സർവേയിൽ. ശബരിമല കേസിലെ അന്വേഷണം നേർദിശയിലല്ലെന്നും രാഹുൽ മാങ്കൂ‍ട്ടത്തിലിനെതിരായ ആരോപണങ്ങൾ തെരഞ്ഞെടുപ്പ്‌ വിഷയമാണെന്നും കൂടുതൽപേർ അഭിപ്രായപ്പെട്ടതായി സർവെ പറയുന്നു. ശബരിമല സ്വർണക്കേസിൽ യുഡിഎഫ്‌ കൺവീനർ അടൂർ പ്രകാശിനെ എസ്‌ഐടി ചോദ്യം ചെയ്‌തു. എസ്‌ഐടി അന്വേഷണത്തിൽ പൂർണതൃപ്‌തി രേഖപ്പെടുത്തിയ ഹൈക്കോടതി കൊടിമരം മാറ്റിസ്ഥാപിച്ചത്‌ അന്വേഷിക്കാനും ഉത്തരവിട്ടു. ആന്റോ ആന്റണി എംപി രണ്ടുകോടി രൂപ വാങ്ങിയ വിവരവും പുറത്തുവന്നു. ഇതോടെകേസിൽ കോൺഗ്രസ്‌ നേതാക്കളുടെ പങ്ക്‌ മറനീക്കുകയാണ്‌. ഇക്കാര്യം ബോധ്യമായതോടെയാണ്‌ ശബരിമല വിഷയവും സർവേയിൽ ഉൾപ്പെടുത്തിയതെന്ന്‌ വ്യക്തം. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ്‌ എക്‌സിറ്റ്‌പോളിൽ മനോരമ തോൽപ്പിച്ച 30ലേറെപേരെയാണ്‌ ജനം ജയിപ്പിച്ചത്‌. അതിൽനിന്നുതന്നെ മനോരയുടെ പ്രീപോൾ ഉദ്ദേശ്യം വ്യക്തം.


സർവേ അത് 
മനോരമ 
 തന്നെ !

സാധാരണ എക്‌സിറ്റ്‌ പോൾ സർവേകൾ വലിയതോതിൽ തെറ്റാറില്ല. സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിൽ ശാസ്‌ത്രീയമായി തയ്യാറാക്കുന്നതാണ്‌ അത്‌. ഇന്ത്യയിലെയും വിദേശരാജ്യങ്ങളിലെയും അടുത്തിടെനടന്ന സർവേകൾ ഒട്ടുമിക്കവയും യഥാർഥ ഫലത്തിന്‌ അടുത്തെത്തിയിരുന്നു. എന്നാൽ, 2021ൽ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം മനോരമ ചാനൽ നടത്തിയ സർവേ, എക്‌സിറ്റ്‌പോൾ ചരിത്രത്തിലെ ഏറ്റവും അപഹാസ്യമായ ഒന്നായിരുന്നു. യുഡിഎഫിനുവേണ്ടി നടത്തിയതായിരുന്നു അത്‌. പത്രത്തിന്റെ രാഷ്‌ട്രീയവും ആഗ്രഹവുമായിരുന്നു പ്രതിഫലിച്ചത്‌. എൽഡിഎഫിന്‌ 68 മുതൽ 73 സീറ്റ്‌ വരെ എന്നായിരുന്നു പ്രവചനം. തൂക്കുനിയമസഭയെന്നും പ്രവചിച്ചു. എന്നാൽ, മനോരമ തോൽപ്പിച്ച മുപ്പതിലേറെ എൽഡിഎഫ്‌ സ്ഥാനാർഥികളെയാണ്‌ ജനം ജയിപ്പിച്ചത്‌.


survey
2021ൽ മനോരമ ചാനൽ സർവേ ഫലം പുറത്തുവിട്ടപ്പോൾ


മന്ത്രിയായിരുന്ന എം എം മണി ​ഉടുമ്പൻചോലയിൽ തോൽക്കുമെന്നതായിരുന്നു പ്രവചനങ്ങളിൽ പ്രധാനം. മണിക്ക്‌ 40.7 ശതമാനം വോട്ടും എതിർ സ്ഥാനാർഥി ഇ എം അഗസ്‌തിക്ക്‌ 42 ശതമാനം വോട്ടുമെന്നായിരുന്നു കണ്ടെത്തൽ. എന്നാൽ, ജനങ്ങൾ മണിക്ക്‌ നൽകിയത്‌ 61.8 ശതമാനം വോട്ട്‌. സംസ്ഥാനത്തെ ഏറ്റവുംകൂടിയ വോട്ട്‌ ശതമാനങ്ങളിൽ ഒന്നാണിത്‌. മട്ടന്നൂരിൽ കടുത്ത മത്സരംവിധിച്ച കെ കെ ശൈലജ സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷത്തിനാണ്‌ (60,963) വിജയിച്ചത്‌. 39.2 ശതമാനം വോട്ട്‌ പ്രവചിച്ച സ്ഥാനത്ത്‌ ശൈലജ നേടിയത്‌ 62.3 ശതമാനം. പ്രവചിച്ചതിനേക്കാൾ പത്തും ഇരുപതും ശതമാനംവരെ വ്യത്യാസംവന്ന മണ്ഡലങ്ങൾ വേറെയുമുണ്ട്‌. പി രാജീവും പി എ മുഹമ്മദ്‌ റിയാസും എം ബി രാജേഷും വി ജോയിയും കെ ടി ജലീലും അഹമ്മദ്‌ ദേവർകോവിലും തോൽക്കുമെന്നും പറഞ്ഞിരുന്നു.


പൂഞ്ഞാറിൽ പി സി ജോർജും മഞ്ചേശ്വരത്ത്‌ കെ സുരേന്ദ്രനും കഴക്കുട്ടത്ത്‌ ശോഭ സുരേന്ദ്രനും ജയിക്കുമെന്നും പ്രവചിച്ചെങ്കിലും ഇവരാരും നിയമസഭയുടെ പടികണ്ടതുമില്ല.


യുഡിഎഫ്‌ സർവേയ്‌ക്കും പെയ്ഡ്‌ ബൂസ്റ്റ്‌

നിയമസഭാ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി യുഡിഎഫ്‌ അനുകൂല അന്തരീക്ഷമെന്ന പ്രതീതി സൃഷ്‌ടിക്കാൻ നടത്തുന്ന തട്ടിക്കൂട്ട്‌ സർവേകളുടെ വാർത്തകൾക്ക്‌ പ്രചാരം കൂട്ടാൻ വ്യാപകമായി ‘പെയ്ഡ്‌ ബൂസ്റ്റ്‌’ .


‘സർവേയിൽ ഞെട്ടി സിപിഎം’, ‘യുഡിഎഫ്‌ തരംഗം', "പിണറായി സർക്കാരിന്‌ വൻ തിരിച്ചടി' തുടങ്ങി ഒരേ അച്ചിൽ വാർത്തെടുത്ത ഉള്ളടക്കമാണ്‌ സർവേ ഫലമെന്ന രീതിയിൽ യുഡിഎഫ്‌ അനുകൂല പേജുകൾ തയ്യാറാക്കി അവതരിപ്പിക്കുന്നത്‌.


വിശ്വാസ്യതയില്ലാത്ത പേജുകളിലൂടെയുള്ള തട്ടിപ്പ്‌ സർവേഫലം കൂടുതൽ ആളുകൾക്ക്‌ മുന്നിലെത്തിക്കാൻ വൻതുക മുടക്കിയാണ്‌ "പെയ്ഡ്‌ ബൂസ്റ്റിങ്‌' നടത്തുന്നത്‌. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ പല യുഡിഎഫ്‌ സ്ഥാനാർഥികളും ഇത്തരത്തിൽ പെയ്ഡ്‌ പ്രൊമോഷൻ രീതികൾ പ്രചാരണത്തിനായി ഉപയോഗിച്ചിരുന്നു. നിരവധി പരസ്യ, മാർക്കറ്റ്‌ റിസർച്ച്‌ കമ്പനികളെ യുഡിഎഫ്‌ സംവിധാനം ഒന്നാകെയും വിവിധ നേതാക്കൾ വ്യക്തിപരമായും പണിക്ക്‌ വച്ചിട്ടുണ്ട്‌,


എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ തൊഴിലാളി സ്ത്രീകൾക്കൊപ്പം കപ്പയും ചമ്മന്തിയും കഴിക്കുന്ന വീഡിയോ പ്രചരിപ്പിക്കാൻ യുഡിഎഫ്‌ അനുകൂല പേജുകൾ പണം മുടക്കിയതായി സോഷ്യൽ മീഡിയ പരിശോധിച്ചാൽ വ്യക്തമാകും.

ജനപിന്തുണയുണ്ടെന്ന്‌ കൃത്രിമമായി കാണിക്കാനും അഭിപ്രായ നിർമിതിക്കും ഏറെക്കാലമായി ബിജെപി പ്രയോഗിക്കുന്ന തന്ത്രമാണിത്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home