ഗവർണർമാരെ തെറ്റായ രീതിയിൽ ഉപയോഗിക്കുന്ന കേന്ദ്രസർക്കാരിന്റെ നിലപാട് തിരുത്തുകയാണ് സുപ്രീംകോടതി: എം വി ഗോവിന്ദൻ

കോഴിക്കോട് : മോദി സർക്കാർ നടപ്പാക്കുന്ന ഫാസിസ്റ്റ്, ഹിന്ദുത്വ പ്രവണതകൾക്കിടയിലും നിയമവാഴ്‌ചയ്ക്ക് സാധ്യതയുണ്ടെന്ന് വ്യക്തമാക്കുന്നതാണ് സുപ്രീംകോടതിയുടെ ഇടപെടലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗവർണറുടെയോ രാഷ്ട്രപതിയുടെയോ അംഗീകാരമില്ലാതെ നിയമനിർമാണ സഭകൾ പാസാക്കിയ ബില്ലുകൾ നിയമമായത് ഇന്ത്യയുടെ ചരിത്രത്തിലെ പുതിയ അധ്യായമാണ്. സുപ്രീംകോടതി വിധിക്കെതിരെ കേരള ഗവർണറടക്കം ചില പ്രതികരണങ്ങൾ നടത്തി. രാഷ്ട്രപതിയും ഗവർണറും പ്രധാനമന്ത്രിയുമെല്ലാം ഭരണഘടനാപരമായിരിക്കണമെന്ന ഓർമപ്പെടുത്തലാണ് സുപ്രീംകോടതിയുടേത്.
കാവിവൽക്കരണ അജണ്ടവെച്ച് ഗവർണർമാരെ തെറ്റായ രീതിയിൽ ഉപയോഗിക്കുന്ന കേന്ദ്രസർക്കാരിന്റെ നിലപാടാണ് സുപ്രീംകോടതി തിരുത്തിയിരിക്കുന്നത്. വിധി അങ്ങേയറ്റം ശ്ലാഘനീയമാണ്. സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നതിന്റെ മറവിൽ നിയമസഭയും പാർലമെന്റും പാസാക്കുന്ന ബില്ലുകളിൽ ഒപ്പുവെക്കാതെ തങ്ങളുടെ ഇഛയ്ക്ക് അനുസരിച്ച് തടഞ്ഞുവെക്കാനോ നീട്ടിക്കൊണ്ട് പോകാനോ ഉള്ള നീക്കത്തെ ഫലപ്രദമായി സുപ്രീംകോടതി നേരിട്ടിരിക്കുകയാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.









0 comments