'സത്യത്തിന്റെ വഴിയിലേക്ക് സാവധാനമെങ്കിലും കടന്നുവരൂ സഹോദരന്മാരേ'; പെൻഷനിലും ദേശീയപാതയിലും പ്രതിപക്ഷത്തോട് സ്വരാജ്

നിലമ്പൂർ: പെൻഷൻ വിതരണത്തിലും ദേശീയപാത വികസനത്തിലും പ്രതിപക്ഷം ബോധപൂർവം കളവ് പറയുകയാണെന്ന് എം സ്വരാജ്. യുഡിഎഫ് ഭരണത്തിന്റെ അവസാന കാലത്ത് ഒരൊറ്റ പെൻഷനും കൊടുത്തിരുന്നില്ല. പിന്നീട് വന്ന എൽഡിഎഫ് സർക്കാരാണ് ആ കുടിശികയും തീർത്തത്. പെൻഷനിൽ കേന്ദ്രസർക്കാരിന്റെ വിഹിതം ശരാശരി 200 രൂപയാണ്. യുഡിഎഫ് കാലത്ത് 32 ലക്ഷം പേർക്കായിരുന്നു പെൻഷന് അർഹതയുള്ളതായി കണ്ടെത്തിയത്. എന്നാൽ ഇപ്പോൾ എൽഡിഎഫ് ഭരണത്തിൽ 62 ലക്ഷം പേർക്കാണ് പെൻഷൻ നൽകുന്നത്. വിശദാംശങ്ങൾ എടുത്ത് പരിശോധിക്കാനുള്ള ആർജവം പ്രതിപക്ഷം കാണിക്കണം. സത്യത്തിന്റെ വഴിയിലേക്ക് സാവധാനമെങ്കിലും കടന്നുവരൂ സഹോദരന്മാരെ എന്ന് പറയാൻ മാത്രമേ സാധിക്കൂ- സ്വരാജ് മാധ്യമങ്ങളോട് പറഞ്ഞു.
ദേശീയപാത വികസനത്തിലും യുഡിഎഫ് പുകമറ സൃഷ്ടിക്കുകയാണ്. ദേശീപാത നിർമാണം നടത്തുന്നത് ദേശീയപാത അതോറിറ്റിയാണെന്ന് ഏത് കൊച്ചുകുട്ടിക്കും അറിയാം. നിർമാണത്തിൽ ചിലയിടത്ത് തകരാറുണ്ടായപ്പോൾ അതുംകൂടി എടുത്ത് ഇടതുപക്ഷത്തിന്റെ തലയിൽ വെക്കാനുള്ള നീക്കമാണ് നടത്തുന്നത്. യുഡിഎഫ് കാലത്ത് ദേശീയപാത വികസനം കേരളത്തിൽ നടക്കില്ല എന്ന് തീർപ്പ്കൽപ്പിച്ച് ഫയൽ ക്ലോസ് ചെയ്തതായിരുന്നു. അത് 30 മീറ്ററിൽ നിർമിക്കാനാകില്ല എന്ന് എൻഎച്ച്എഐയും കൂടുതൽ വീതികൂട്ടാനാകില്ലെന്ന് യുഡിഎഫ് സർക്കാരും നിലപാടെടുത്തപ്പോഴാണ് ആ പദ്ധതി തന്നെ മുടങ്ങിപ്പോയത്. എന്നാൽ എൽഡിഎഫ് സർക്കാർ വന്നപ്പോൾ മുടങ്ങിക്കി്ടന്ന ദേശീയപാത പദ്ധതിക്ക് ജീവൻവെപ്പിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എൻഎച്ച്എഐയും കേന്ദ്രമന്ത്രിയുമായും ചർച്ചനടത്തുകയും 45 മീറ്ററിൽ നിർമാണം നടത്താൻ ധാരണയാകുകയും ചെയ്തു. ഭൂമി ഏറ്റെടുക്കാൻ 6000 കോടി രൂപ കേരളം ചെലവഴിച്ചു. അതാണ് കേരളത്തിന്റെ പങ്ക്. നിർമാണത്തിന് ഡിപിആർ തയ്യാറാക്കുന്നതും മേൽനോട്ടം വഹിക്കുന്നതും എല്ലാം എൻഎച്ച്എഐയാണ്.
മൻമോഹൻസിങിന്റെ കാലത്ത് കൊണ്ടുവന്ന നിയമമുള്ളതുകൊണ്ടാണ് ഭൂമിഏറ്റെടുക്കാൻ കഴിഞ്ഞതെന്നും, അതുകൊണ്ട് ദേശീയപാത വികസനത്തിന്റെ അവകാശികൾ തങ്ങളാണെന്നുമുള്ള രൂപത്തിലാണ് ഒരു യുഡിഎഫ് എംഎൽഎ പറഞ്ഞത്. ദേശീയപാത നിർമാണത്തിന് ഭൂമി ഏറ്റെടുക്കുന്നത് ഈ നിയമപ്രകാരം സാധിക്കില്ല എന്ന് ആ നിയമത്തിൽ തന്നെ വ്യവസ്ഥയുണ്ട്. എന്നിട്ടും കള്ളംപ്രചരിപ്പിക്കുകയാണെന്നും സ്വരാജ് പറഞ്ഞു.
ദേശീയപാത വികസനം തടസ്സപ്പെടണം എന്നാണ് യുഡിഎഫ് ആഗ്രഹിക്കുന്നത്. അതൊരു അന്യായമായ ആഗ്രഹമാണ്. സുഗമമായ ഗതാഗതം വരണം എന്നാണ് ജനങ്ങളും എൽഡിഎഫും ആഗ്രഹിക്കുന്നത്. നിർമാണം സുഗമമായി നടന്ന് പൂർത്തിയായി ജനങ്ങൾക്ക് അതിന്റെ ഗുണഫലം ലഭിക്കണം എന്ന ആഗ്രഹത്തിന്റെ പ്രതിഫലനമാണ് പൊതുമരാമത്ത് മന്ത്രിയുടെ പ്രതികരണമെന്നും, അത് കേരളത്തിലെ ജനങ്ങളുടെയാകെ ശബ്ദമാണെന്നും സ്വരാജ് പറഞ്ഞു.








0 comments