"വീണിതല്ലോ കിടക്കുന്നു ധരണിയിൽ...; എവിടെയാണ് അദ്ദേഹം, ഇവിടെ കാണുന്നില്ലല്ലോ"

എം ബി രാജേഷ്
തിരുവനന്തപുരം: കോടതിയെയും നിയമസഭയെയും ജനങ്ങളെയും പ്രതിപക്ഷത്തിന് ഭയമാണെന്ന് മന്ത്രി എം ബി രാജേഷ്. ഉന്നതനീതിപീഠത്തിൽ പ്രതിപക്ഷത്തിന് വിശ്വാസം നഷ്ടപ്പെട്ടിട്ട് കുറച്ചുകാലമായി. കോടതികളിൽനിന്ന് തുടർച്ചയായ തിരിച്ചടികൾ പ്രതിപക്ഷത്തിന് ലഭിച്ചുകൊണ്ടിരിക്കുകയാണ്. ശബരിമലയിലെ ദ്വാരപാലക ശിൽപ്പപാളി വിവാദത്തിൽ നിയമസഭയിൽ ചർച്ചയ്ക്ക് തയ്യാറാകാത്ത പ്രതിപക്ഷം തങ്ങളുടെ ഭീരുത്വം തുടർച്ചയായി പ്രകടിപ്പിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
"വീണിതല്ലോ കിടക്കുന്നു ധരണിയിൽ.. ശോണിതവുമണിഞ്ഞയ്യോ.. എന്ന മട്ടിലൊരു അംഗമുണ്ടല്ലോ, ആ അംഗത്തെ ഇവിടെ കാണുന്നില്ലല്ലോ. എവിടെയാണ് അദ്ദേഹം. രാഷ്ട്രയക്കളിയുമായി ഇങ്ങോട്ട് വരരുതെന്ന് ആ അംഗത്തോട് സുപ്രീംകോടതി പറഞ്ഞത് ഇന്നലെയാണ്"- സിഎംആർഎൽ എക്സാലോജിക് കേസിൽ മാത്യു കുഴൽനാടൻ എംഎൽഎയ്ക്ക് സുപ്രീംകോടതിയിൽ നിന്നും ഏറ്റ തിരിച്ചടി ഓർമിപ്പിച്ച് മന്ത്രി പറഞ്ഞു.
ആർഎസ്എസ് പുറത്ത് ഉയർത്തുന്ന മുദ്രാവാക്യമാണ് സഭയിൽ യുഡിഎഫ് ഏറ്റെടുത്തിരിക്കുന്നതെന്ന് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ശിൽപ്പപാളി വിവാദത്തിൽ ഹൈക്കോടതി പറഞ്ഞതിനനുസരിച്ച് സർക്കാർ നിലപാടെടുത്തു. എന്നാൽ കോടതിയെ വെല്ലുവിളിക്കുകയാണ് പ്രതിപക്ഷം. സത്യം പുറത്തുവരാതെ പുകമറ മാത്രം സൃഷ്ടിക്കാനാണ് പ്രതിപക്ഷത്തിന് താൽപര്യമെന്നും മന്ത്രി ബാലഗോപാൽ പറഞ്ഞു.









0 comments