print edition പോളിങ് ക്രമീകരണങ്ങൾ പൂർത്തിയായി

സ്വന്തം ലേഖകൻ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഏഴ് ജില്ല ചൊവ്വാഴ്ച പോളിങ് ബൂത്തിലേക്ക്. പോളിങ്ങിന് മുന്നോടിയായി ക്രമീകരണങ്ങൾ പൂർത്തിയായി.
വോട്ടെടുപ്പ് രാവിലെ ഏഴിന് ആരംഭിച്ച് വൈകിട്ട് ആറിന് അവസാനിക്കും. ക്യൂവിൽ കാത്തുനിൽക്കുന്ന വോട്ടർമാർക്ക് വൈകിട്ട് ആറിനുശേഷവും വോട്ട് ചെയ്യാൻ അവസരം ലഭിക്കും. ക്യൂവിലുള്ളവർക്ക് പോളിങ് ഓഫീസർമാർ ടോക്കൺ നൽകും. ടോക്കൺ കൈവശമുള്ള എല്ലാവർക്കും വോട്ട് രേഖപ്പെടുത്താം.
വോട്ടുചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
• തെരഞ്ഞെടുപ്പ് കമീഷൻ നിർദേശിച്ച തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലും ഒന്ന് നിർബന്ധമായും കൈവശം കരുതുക. വോട്ടർ ഐഡി കാർഡ്, ആധാർ കാർഡ്, പാൻകാർഡ്, പാസ്‌പോർട്ട്, ഡ്രൈവിങ് ലൈസൻസ്, ദേശസാൽകൃത ബാങ്കുകൾ നൽകുന്ന ഫോട്ടോ പതിപ്പിച്ച പാസ് ബുക്ക്, ഫോട്ടോ പതിപ്പിച്ച എസ്‌എസ്‌എൽസി ബുക്ക്, സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ നൽകുന്ന വോട്ടർ സ്ലിപ്പ് എന്നീ രേഖകൾ തിരിച്ചറിയലിനായി ഉപയോഗിക്കാം
• തിരിച്ചറിയൽ കാർഡ് സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധിച്ച് അകത്ത് പ്രവേശിപ്പിക്കും
• ഒന്നാം പോളിങ് ഓഫീസർ തിരിച്ചറിയൽ രേഖയും വോട്ടർപ്പട്ടികയിലെ വിവരങ്ങളും പരിശോധിക്കും
• പോളിങ് ഏജന്റുമാർ തർക്കം ഉന്നയിക്കുന്നില്ലെങ്കിൽ രണ്ടാം പോളിങ് ഓഫീസർ ഇടതുകയ്യിലെ ചൂണ്ടുവിരലിൽ മഷി പുരട്ടും
• രജിസ്റ്ററിൽ വോട്ടറുടെ ഒപ്പോ വിരലടയാളമോ പതിക്കും. വോട്ടർപ്പട്ടികയിലെ ക്രമനമ്പർ രേഖപ്പെടുത്തിയശേഷം സ്ലിപ് തരും
• സ്ലിപ്പ് പരിശോധിച്ച് പ്രിസൈഡിങ് ഓഫീസർ വോട്ടുചെയ്യാൻ അനുവദിക്കും
• മൂന്നാം പോളിങ് ഓഫീസർ കൺട്രോൾ യൂണിറ്റിലെ ബട്ടൺ അമർത്തുന്പോൾ ബാലറ്റ് യൂണിറ്റ് മെഷീന്റെ അടുത്തേക്കുപോകാം
• വോട്ടിങ് മെഷീനിലെ ബൾബ് പച്ച നിറത്തിൽ പ്രകാശിച്ചാൽ വോട്ടർ സ്ഥാനാർഥിയുടെ പേരിനും ചിഹ്നത്തിനും നേരെയുള്ള നീല ബട്ടൺ അമർത്തി വോട്ട് ചെയ്യണം. അപ്പോൾ പച്ച ബൾബ് അണഞ്ഞ് ചുവന്ന ബൾബ് കത്തും. നീണ്ട ബീപ് ശബ്ദവും കേൾക്കും.
• വോട്ട് രേഖപ്പെടുത്തുന്നതിന്റെ രഹസ്യസ്വഭാവം പാലിക്കണം. വോട്ട് ചെയ്തതിന്റെ ചിത്രങ്ങളോ ദൃശ്യങ്ങളോ പകർത്താൻ പാടില്ല
പഞ്ചായത്തുകളിൽ മൂന്ന് വോട്ട്
പഞ്ചായത്തുകളിൽ ഇടത്തുനിന്ന് ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് എന്ന ക്രമത്തിലാണ് ബാലറ്റ് യൂണിറ്റുകൾ. മൂന്ന് തലത്തിലെയും വോട്ട് രേഖപ്പെടുത്തിയാലേ നീണ്ട ബീപ് ശബ്ദം കേൾക്കൂ. മൂന്ന് വോട്ടും ചെയ്യാതെ ഒന്നോ രണ്ടോ മാത്രമേ ചെയ്യുന്നുള്ളൂവെങ്കിൽ വോട്ടിങ് പ്രക്രിയ പൂർത്തിയാക്കുന്നതിനായി അവസാനമുള്ള എൻഡ് ബട്ടൺ അമർത്തണം. അപ്പോഴും നീണ്ട ബീപ് ശബ്ദം കേൾക്കാം. നഗരസഭയിലും കോർപറേഷനിലും ഓരോ വോട്ടുമാത്രമാണ് ഉണ്ടാകുക.
പഞ്ചായത്ത്–വെള്ള, ബ്ലോക്ക്–പിങ്ക്, ജില്ല–ഇളംനീല
പോളിങ് ബൂത്തിൽ മൂന്ന് ബാലറ്റ് യൂണിറ്റുകൾ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നീ ക്രമത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്. ആദ്യ ബാലറ്റ് യൂണിറ്റിൽ പഞ്ചായത്തിലെ സ്ഥാനാർഥികളുടെ പേരും ചിഹ്നവും അടങ്ങുന്ന വെള്ള ബാലറ്റാണുണ്ടാകുക. ബ്ലോക്കിൽ പിങ്ക് ബാലറ്റും ജില്ലാപഞ്ചായത്തിന് ഇളംനീല ബാലറ്റുമാണുള്ളത്. മൂന്നിലും വോട്ട് രേഖപ്പെടുത്തണം. വോട്ട് രേഖപ്പെടുത്തൽ പൂർണമാകുമ്പോൾ നീണ്ട ഒരു ബീപ് ശബ്ദം കേൾക്കാനാകും. മൂന്ന് വോട്ട് രേഖപ്പെടുത്തിയെങ്കിൽ ‘എൻഡ്’ ബട്ടൺ അമർത്തേണ്ട ആവശ്യമില്ല. ഇൗ ബട്ടൺ അമർത്തിക്കഴിഞ്ഞാൽ ആ വോട്ടർക്ക് പിന്നീട് വോട്ട് ചെയ്യാനാകില്ല. ഒരേ സമയം ഒന്നിൽക്കൂടുതൽ ബട്ടൺ അമർത്തിയാലും ഒരു വോട്ട് മാത്രമേ രേഖപ്പെടുത്തുകയുള്ളൂ. ഒന്നിൽ കൂടുതൽ തവണ ഒരേ ബട്ടണിൽ അമർത്തിയാലും ഒരു വോട്ട് മാത്രമാണ് രേഖപ്പെടുത്തുക.
പാർടി പ്രതിനിധികൾക്ക് ബാഡ്ജും തിരിച്ചറിയൽ കാർഡും നിർബന്ധം
ബൂത്തിനകത്തുള്ള രാഷ്ട്രീയപാർടി പ്രതിനിധികൾക്ക് തെരഞ്ഞെടുപ്പ് കമീഷൻ നൽകുന്ന ബാഡ്ജും തിരിച്ചറിയൽരേഖയും നിർബന്ധമാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ. വോട്ടർമാർക്ക് വിതരണംചെയ്യുന്ന സ്ലിപ്പ് വെള്ളക്കടലാസിലായിരിക്കണം. അവയിൽ സ്ഥാനാർഥിയുടെയോ കക്ഷിയുടെയോ പേരോ ചിഹ്നമോ ഉണ്ടാകരുത്. പാർടികളോ സ്ഥാനാർഥികളോ വോട്ടർമാരെ പോളിങ് സ്റ്റേഷനിലെത്തിക്കാൻ വാഹനസൗകര്യം ഒരുക്കുന്നത് കുറ്റകരമാണ്. തെരഞ്ഞെടുപ്പ് നിരീക്ഷകൻ, വരണാധികാരി, സുരക്ഷാ ഉദ്യോഗസ്ഥർ, പ്രിസൈഡിങ് ഓഫീസർ, വെബ്കാസ്റ്റിങ് ഓഫീസർ, സെക്ടറൽ ഓഫീസർ എന്നിവർക്കൊഴികെ മറ്റാർക്കും പോളിങ് സ്റ്റേഷനകത്ത് മൊബൈൽ ഫോൺ ഉപയോഗിക്കാൻ അനുമതിയില്ല. പഞ്ചായത്തുകളിൽ പോളിങ് സ്റ്റേഷനിൽനിന്ന് 200 മീറ്റർ അകലത്തിലും നഗരസഭകളിൽ 100 മീറ്റർ അകലത്തിലും മാത്രമേ രാഷ്ട്രീയപാർടികളുടെ ബൂത്ത് സ്ഥാപിക്കാവൂ. സ്ഥാനാർഥിയുടെ പേര്, പാർടി ചിഹ്നം എന്നിവ വ്യക്തമാക്കുന്ന ഒരു ബാനർ സ്ഥാപിക്കാം. രാഷ്ട്രീയ കക്ഷികളുടെ പേരോ ചിഹ്നമോ ഉള്ള മാസ്ക്, വസ്ത്രം, തൊപ്പി എന്നിവ ഈ പരിധിക്കുള്ളിൽ ഉപയോഗിക്കാൻപാടില്ലെന്നും കമീഷണർ പറഞ്ഞു.
പോളിങ് ഉദ്യോഗസ്ഥര്‍ ബാങ്ക് അക്കൗണ്ട് വിവരം നല്‍കണം
പോളിങ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരില്‍ ഇ–-ഡ്രോപ് സോഫ്റ്റ് വെയറില്‍ ബാങ്ക് അക്കൗണ്ട് വിവരം നല്‍കാത്തവര്‍ ഉടൻ എന്റര്‍ ചെയ്യണം. ഇത് കൃത്യമായി ചെയ്യാത്തവര്‍ക്ക് പ്രതിഫലം യഥാസമയം ലഭിക്കില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ അറിയിച്ചു.









0 comments