വിസിയുടേത് നിയമവിരുദ്ധ നടപടി, തള്ളി കളയുന്നു: ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ

തിരുവനന്തപുരം: കേരള സർവ്വകലാശാല രജിസ്ട്രാർ ഡോ. കെ എസ് അനിൽകുമാറിനെ സസ്പെൻഡ് ചെയ്ത താൽകാലിക വൈസ് ചൻസിലറുടെ ഉത്തരവ് തള്ളികളയുന്നുവെന്ന് സിൻഡിക്കേറ്റിലെ ഇടത് അംഗങ്ങൾ പറഞ്ഞു. സിൻഡിക്കേറ്റ് തീരുമാനപ്രകാരമാണ് രജിസ്ട്രാറായി പ്രവർത്തിക്കുന്നത്. സർവ്വകലാശാല ഫസ്റ്റ് സ്റ്റാറ്റൂട്ട് 1977 ചാപ്റ്റർ 4 സ്റ്റാറ്റ്യൂട്ട് 27 പ്രകാരം ഡെപ്യൂട്ടി രജിസ്ട്രാറിന് മുകളിൽ ഉള്ള ഉദ്യോഗസ്ഥർക്ക് എതിരെ അച്ചടക്ക നടപടി എടുക്കാനുള്ള അധികാരം സിൻഡിക്കേറ്റിന് മാത്രമാണ്. താൽകാലിക വൈസ് ചാൻസിലറിന് അതിന് അധികാരമില്ലെന്നും ഇടത് അംഗങ്ങൾ പ്രസ്താവനയിൽ പറഞ്ഞു.
ഇത് സംബന്ധിച്ച് ഇറക്കിയ ഏതുത്തരവും ചാൻസിലറുടെ നിർദ്ദേശനുസരണമാണെങ്കിൽ പോലും അങ്ങേയറ്റം നിയമവിരുദ്ധമാണ്. അതുകൊണ്ട് തന്നെ ഈ ഉത്തരവ് രജിസ്ട്രാർ അംഗീകരിക്കേണ്ടതില്ല. സർവ്വകലാശാല സെനറ്റ് ഹാൾ മാർഗനിർദ്ദേശങ്ങൾ ലംഘിച്ച് ഉപയോഗിച്ച ശ്രീപത്മനാഭ സേവ സമിതിയുടെ തെറ്റായ നടപടിയെ തിരുത്താനാണ് രജിസ്ട്രാർ തയ്യാറായത്. അത് സർവ്വകലാശാല നിയമമനുസരിച്ച് അദ്ദേഹത്തിൻ്റെ ചുമതലയാണ്. അത് നിർവ്വഹിക്കുക മാത്രമാണ് ചെയ്തത്. ബാഹ്യശക്തികളുടെ സമ്മർദ്ദത്തിന് വഴങ്ങി ആർഎസ്എസിൻറെ അജണ്ട കേരള സർവ്വകലാശാലയിൽ നടപ്പിലാക്കാൻ അനുവദിക്കില്ലെന്നും പ്രസ്താവനയിൽ പറഞ്ഞു.









0 comments