തൊഴിൽ നിയമ പരിഷ്കാരങ്ങളും തൊഴിലാളി ക്ഷേമവും: കേരള മാതൃക ദേശീയതലത്തിൽ അവതരിപ്പിച്ച് ശിവൻകുട്ടി

V Shivankutty
വെബ് ഡെസ്ക്

Published on Nov 13, 2025, 10:26 AM | 2 min read

ന്യൂഡൽഹി: കേന്ദ്ര തൊഴിൽ മന്ത്രി മൻസൂഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിൽ നടന്ന ദേശീയ തൊഴിൽ മന്ത്രിമാരുടെ സമ്മേളനത്തിൽ കേരളം തൊഴിലാളി ക്ഷേമ പ്രവർത്തനങ്ങളിലും തൊഴിൽ നിയമ പരിഷ്കാരങ്ങളിലും കൈവരിച്ച നേട്ടങ്ങൾ വിശദീകരിച്ച് മന്ത്രി വി ശിവകുട്ടി. സാമൂഹിക നീതിക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള കേരളത്തിന്റെ പ്രവർത്തനങ്ങളാണ് മന്ത്രി വിശദീകരിച്ചത്. തൊഴിൽ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുന്നതിനാൽ തൊഴിലാളികളുടെ ഉന്നമനത്തിനായുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത ഉത്തരവാദിത്തം ആണെന്ന് അദ്ദേഹം പറഞ്ഞു.


സമ്മേളനത്തിൽ കേരളം അവതരിപ്പിച്ച പുതിയ പ്രധാന പദ്ധതികൾ:


- വേതന സംരക്ഷണ സംവിധാനം ( ഡബ്‌ള്യൂപിഎസ്): വിവിധ മേഖലകളിലെ (എൻബിഎഫ്ഐ, ടെക്സ്റ്റൈൽസ്, ജ്വല്ലറികൾ, സ്വകാര്യ ആശുപത്രികൾ, ഐടി, സ്വാശ്രയ സ്ഥാപനങ്ങൾ, നിർമ്മാണ മേഖല) തൊഴിലാളികൾക്ക് കൃത്യ സമയത്ത് വേതനം ഉറപ്പാക്കുന്ന ഈ പോർട്ടൽ വഴി മിനിമം വേതനം കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് ലേബർ ഇൻസ്പെക്ടർമാർക്ക് പരിശോധിക്കാൻ കഴിയും.


- തൊഴിൽ കമ്മീഷണറേറ്റ് ഓട്ടോമേഷൻ സിസ്റ്റം (എൽസിഎഎസ്): ലേബർ വകുപ്പിന്റെ മിക്കവാറും എല്ലാ സേവനങ്ങളും (രജിസ്‌ട്രേഷൻ, പുതുക്കൽ, ട്രേഡ് യൂണിയൻ രജിസ്ട്രേഷൻ, പരിശോധനകൾ, പരാതി പരിഹാരം) ഡിജിറ്റലായി കൈകാര്യം ചെയ്യുന്ന സംവിധാനമാണിത്.


- ഡിജിറ്റൽവൽക്കരണത്തിലൂടെയുള്ള പുരോഗതി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധിപ്പിച്ച ഓൺലൈൻ ബിഒസിഡബ്ല്യൂ സെസ്സ് മൊഡ്യൂൾ വഴി ഒരു വർഷത്തിനുള്ളിൽ സെസ്സ് പിരിവിൽ 60% വർധനവുണ്ടായി.


- അന്തർ സംസ്ഥാന തൊഴിലാളി ക്ഷേമം: ഓരോ ജില്ലയിലും ഫെസിലിറ്റേഷൻ സെന്ററുകളും ഇൻഷുറൻസ് പരിരക്ഷ നൽകുന്ന ആവാസ് ആരോഗ്യ സംരക്ഷണ പദ്ധതിയും നടപ്പിലാക്കുന്നു.


പുതിയ തൊഴിൽ കോഡുകളിൽ കേരളത്തിന്റെ വിയോജിപ്പ്


കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പുതിയ തൊഴിൽ കോഡുകളിൽ കേരളത്തിന് വിയോജിപ്പുണ്ടെന്ന് സമ്മേളനത്തിൽ വ്യക്തമാക്കി.ട്രേഡ് യൂണിയനുകൾ ഉന്നയിച്ച ആശങ്കകൾ കേന്ദ്രം പരിഹരിക്കണം. തൊഴിലാളി ക്ഷേമം എന്നത് തൊഴിലാളികളുടെ ക്ഷേമം തന്നെയായിരിക്കണം. ഈ തത്വത്തിൽ വിട്ടുവീഴ്ചക്കില്ല എന്ന കാര്യവും വ്യക്തമാക്കി.


ഇഎസ്ഐ. സേവനങ്ങൾ മെച്ചപ്പെടുത്തണം: കേന്ദ്രമന്ത്രിക്ക് നിവേദനം നൽകി


കേരളത്തിലെ ഇഎസ്ഐ. സേവനങ്ങളുടെ നിലവാരവും അടിസ്ഥാന സൗകര്യങ്ങളും അടിയന്തരമായി മെച്ചപ്പെടുത്തുന്നതിനായി കേന്ദ്ര തൊഴിൽ മന്ത്രി മൻസൂഖ് മാണ്ഡവ്യയ്ക്ക് നിവേദനം നൽകി.


നിവേദനത്തിലെ പ്രധാന ആവശ്യങ്ങൾ:


ഇഎസ്ഐ സീലിംഗ് പരിധി വർധിപ്പിക്കുക: ഓരോ ഇൻഷ്വർ ചെയ്ത വ്യക്തിക്കും നിലവിൽ അനുവദിച്ച ചെലവ് പരിധി 3,000 രൂപയിൽ നിന്ന് കുറഞ്ഞത് 4,000 രൂപ ആയി ഉയർത്തണം.


- സ്വകാര്യ ആശുപത്രികളിലെ സ്പെഷ്യലിസ്റ്റ് ചികിത്സകൾ തുടരണം: നിലവിൽ സർക്കാർ മെഡിക്കൽ കോളേജുകൾ വഴി മാത്രമായി പരിമിതപ്പെടുത്തിയ സ്പെഷ്യാലിറ്റി ചികിത്സകൾ (ലഭ്യമല്ലാത്ത ആശുപത്രികളിൽ) എംപാനൽഡ് സ്വകാര്യ ആശുപത്രികൾ വഴി തുടർന്നും നൽകണം.


- അധിക തസ്തികകൾക്ക് സാമ്പത്തിക സഹായം: 9 ഇഎസ്ഐ ആശുപത്രികളിലായി കോമൺ സപ്പോർട്ട് മിഷൻ ശുപാർശ ചെയ്ത 664 അധിക തസ്തികകൾ സൃഷ്ടിക്കുന്നതിന് ആവശ്യമായ സാമ്പത്തിക സഹായം ലഭ്യമാക്കണം.


- 'ധന്വന്തരി' സോഫ്റ്റ്‌വെയർ മെച്ചപ്പെടുത്തണം: സോഫ്റ്റ്‌വെയറിന്റെ വേഗത വർദ്ധിപ്പിക്കുക, എല്ലാ സ്ഥാപനങ്ങളിലും ആവശ്യമായ ഹാർഡ്‌വെയർ നൽകുക, ഫാർമസി മൊഡ്യൂളിന്റെ പൂർണ്ണമായ പ്രവർത്തനക്ഷമത ഉറപ്പാക്കുക.


- അടിസ്ഥാന സൗകര്യങ്ങളുടെ മെച്ചപ്പെടുത്തൽ: വാടകക്കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന 96 ഡിസ്‌പെൻസറികളെ ഇഎസ്ഐസിയുടെ സ്വന്തം കെട്ടിടങ്ങളിലേക്ക് മാറ്റി സ്ഥാപിക്കാൻ നടപടി സ്വീകരിക്കണം.


- നെഫ്രോളജിയും യൂറോളജിയും PIP പോളിസിയിൽ ഉൾപ്പെടുത്തുക: സൂപ്പർ സ്പെഷ്യാലിറ്റി ഡിപ്പാർട്ട്‌മെന്റുകളായ നെഫ്രോളജി, യൂറോളജി എന്നിവയെയും ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള പ്രോജക്ട് ഇംപ്ലിമെന്റേഷൻ പ്ലാൻ (പിഐപി) പോളിസിയിൽ ഉൾപ്പെടുത്തണം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home