റിലയൻസുമായി കൈകോർത്ത് 10,000 വനിതകൾക്ക് തൊഴിലൊരുക്കാൻ കുടുംബശ്രീ

തിരുവനന്തപുരം: കുടുംബശ്രീയും ടെലികോം കമ്പനിയായ റിലയൻസ് ജിയോയും കൈകോർത്ത് 10,000 വനിതകൾക്ക് തൊഴിൽ നൽകുന്ന ബൃഹത്തായ പദ്ധതിക്ക് തുടക്കമിട്ടതായി തദ്ദേശ ഭരണ മന്ത്രി എം ബി രാജേഷ് അറിയിച്ചു. തൊഴിൽ ക്യാമ്പയിന്റെ ഭാഗമായി കുടുംബശ്രീയും റിലയൻസുമായി നടത്തിയ ചർച്ചകളുടെ ഫലമായാണ് ആദ്യഘട്ടത്തിൽ ഇത്രയും വലിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നത്.
ഡിജിറ്റൽ ഉൽപ്പന്നങ്ങളുടെ വിപണനം, വർക്ക് ഫ്രം ഹോം അടിസ്ഥാനത്തിലുള്ള കസ്റ്റമർ ടെലികോളിംഗ് തുടങ്ങിയ മേഖലകളിലാണ് കുടുംബശ്രീ വനിതകൾക്ക് മുൻഗണന. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് റിലയൻസ് ആവശ്യമായ എല്ലാ പരിശീലനങ്ങളും നൽകും. ആകർഷകമായ വേതനവും ഉറപ്പാക്കിയിട്ടുണ്ട്.
കുടുംബശ്രീയും റിലയൻസ് പ്രോജക്ട്സ് ആൻഡ് പ്രോപ്പർട്ടി മാനേജ്മെന്റ് സർവീസസ് ലിമിറ്റഡും (RPPMSL) സംയുക്തമായി 2025 ഒക്ടോബർ 8-ന് ധാരണാപത്രം ഒപ്പുവെച്ചു. മന്ത്രി എം ബി രാജേഷിന്റെ സാന്നിധ്യത്തിൽ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശനും റിലയൻസ് ജിയോ കേരള ബിസിനസ് ഹെഡ് ഹേമന്ത് അംബോർക്കറുമാണ് ധാരണാപത്രം കൈമാറിയത്.
പദ്ധതിയുടെ ലക്ഷ്യങ്ങൾ:
ആദ്യഘട്ടത്തിൽ റിലയൻസ് ജിയോയുടെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള ഡിജിറ്റൽ ഉൽപ്പന്നങ്ങളുടെ വിപണനവും മറ്റ് ഡിജിറ്റൽ സേവനങ്ങളും ഊർജിതമാക്കുന്നതിനാണ് കുടുംബശ്രീ വനിതകളുടെ സേവനം പ്രയോജനപ്പെടുത്തുന്നത്.
തൊഴിലവസരങ്ങളുടെ എണ്ണത്തിനനുസരിച്ച് യോഗ്യരായ കുടുംബശ്രീ വനിതകളുടെ പട്ടിക അതത് കുടുംബശ്രീ സിഡിഎസുകൾ വഴി റിലയൻസിന് ലഭ്യമാക്കും.
ഫ്രീലാൻസ് മാതൃകയിലായിരിക്കും ഇവരുടെ ജോലി. ചെയ്യുന്ന ജോലിക്കനുസരിച്ചാണ് വേതനം ലഭിക്കുന്നത്. നിലവിൽ ജിയോയിൽ ഈ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രതിമാസം 15,000 രൂപയിലേറെ വരുമാനം ലഭിക്കുന്നുണ്ട്.
ജിയോ കസ്റ്റമർ അസോസിയേറ്റ്സിന്റെ കീഴിൽ ടെലികോളിംഗ് മേഖലയിൽ 300 പേർക്ക് വർക്ക് ഫ്രം ഹോം ജോലിയും നൽകുന്നുണ്ട്. ഇത് വീട്ടമ്മമാരായ കുടുംബശ്രീ വനിതകൾക്ക് ഏറെ സഹായകമാകും.
മറ്റ് തൊഴിൽ പങ്കാളിത്തങ്ങൾ:
റിലയൻസിനു പുറമേ, മൈ ജി, ലുലു ഹൈപ്പർ മാർക്കറ്റ്, ട്രാവൻകൂർ മെഡിസിറ്റി, പോപ്പുലർ ഹ്യുണ്ടായ്, കിംസ് ഹോസ്പിറ്റൽ, ഇൻഫോപാർക്ക് പള്ളിപ്പുറം, മെക് ഡൊണാൾഡ്സ്, ചെമ്മണ്ണൂർ ഇന്റർനാഷണൽ, ടിവിഎസ് ഗ്രൂപ്പ്, കല്യാൺ സിൽക്സ്, നിക്ഷാൻ, കെൽട്രോൺ, ആസ്റ്റർ മിംസ് ഹോസ്പിറ്റൽ, മാങ്ങോട് മെഡിക്കൽ കോളേജ്, ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് മിഡിൽ ഈസ്റ്റ്, അജ്ഫാൻ, മലബാർ ഗ്രൂപ്പ്, സൈലം, കയർ കമ്പനികൾ, പോപ്പി, ജോൺസ്, പഗോഡാ റിസോർട്ട്സ്, റമദാ, കോക്കോടഫ്റ്റ് ഉൾപ്പെടെയുള്ള കയർ കമ്പനികൾ, ഹൗസ് ബോട്ട് അസോസിയേഷൻ തുടങ്ങി നിരവധി സ്വകാര്യ സ്ഥാപനങ്ങളിൽ കുടുംബശ്രീ അംഗങ്ങൾക്ക് മികച്ച വേതനത്തോടെ തൊഴിൽ ലഭ്യമായിട്ടുണ്ട്. ഈ പ്രവർത്തനങ്ങൾ തുടർന്നുവരുന്നു.
ഇൻഷുറൻസ്, ബാങ്കിംഗ് മേഖലകളിൽ:
എൽഐസി ബീമാ സഖി പദ്ധതി പ്രകാരം 1070 ബീമാ സഖി തൊഴിലവസരങ്ങൾ ലഭ്യമായി. ഇതിനോടകം 872 പേരെ കണ്ടെത്തിയിട്ടുണ്ട്. ഇവർക്ക് എൽഐസി മുഖേന പരിശീലനം നൽകി നിയമിക്കും.
ബാങ്കിംഗ് സേവനങ്ങൾ വാതിൽപ്പടിയിൽ എത്തിക്കുന്ന ബിസിനസ് കറസ്പോണ്ടന്റ് സഖി (ബി സി സഖി) പദ്ധതി പ്രകാരം കനറാ ബാങ്കിന് വേണ്ടി 350 പേരെ നിയമിക്കുന്നതിന് മാഗ്നോട് എന്ന ഏജൻസിയുമായി കരാറിൽ ഏർപ്പെട്ടു.
കേരള ഗ്രാമീൺ ബാങ്ക് (332), ഇന്ത്യൻ ഓവർസീസ് ബാങ്ക് (305), ഇന്ത്യൻ ബാങ്ക് (15), ബാങ്ക് ഓഫ് ബറോഡ (22) എന്നീ ബാങ്കുകൾക്ക് വേണ്ടി ആകെ 674 പേരെ നിയമിക്കുന്നതിന് ഇന്റഗ്ര എന്ന ഏജൻസിയുമായി കരാർ ഒപ്പുവെക്കുന്നത് അന്തിമഘട്ടത്തിലാണ്.
കേരള ബാങ്കിനും ഫെഡറൽ ബാങ്കിനും വേണ്ടി ബി സി സഖി പദ്ധതി വ്യാപിപ്പിക്കുന്നതിനുള്ള ചർച്ചകൾ നടന്നു വരുന്നു. ഇതിലൂടെ ആകെ 2025 തൊഴിലവസരങ്ങൾ പ്രതീക്ഷിക്കുന്നു.









0 comments