print edition ബിജെപിക്ക് കീഴടങ്ങി കിഫ്‌ബിയെയും തകർക്കുന്നു: പിണറായി

പിണറായി വിജയൻ
തിരുവനന്തപുരം : കേരളത്തെ സാന്പത്തികമായി തകർക്കാർ നീക്കങ്ങളെ പ്രതിരോധിക്കാൻ സഹായിക്കുന്ന കിഫ്‌ബിയെ തകർക്കുന്നത് കേന്ദ്രത്തിന്റെ കോർപറേറ്റ് വികസന അജൻഡയ്ക്ക് കീഴടങ്ങലാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. കിഫ്‌ബിയെ കുറ്റപ്പെടുത്തുന്ന സുധ പിള്ള റിപ്പോർട്ടിലൂടെ കേന്ദ്ര സമീപനം ശരിയെന്ന് സമ്മതിക്കുകയാണ് സംസ്ഥാന സർക്കാർ. കിഫ്‌ബിയെ സാങ്കേതികമായി ഇല്ലാതാക്കുന്നതാണ് റിപ്പോർട്ട്.
ജനകീയ വികസന മാതൃകയാണ് ഇതിലൂടെ തകർക്കുന്നത്. കേന്ദ്രനയം കടുത്ത സ്വകാര്യവൽക്കരണമാണ്. ആ മോഡലിലേക്ക് കേരളവും നിങ്ങുന്നുവെന്ന് പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. വികസനത്തിന് പണമില്ലാതെ കേരളം ബുദ്ധിമുട്ടിയിരുന്നു. സ്‌കൂൾ, ആശുപത്രി, റോഡ്, പാലം തുടങ്ങിയവയ്‌ക്ക് പണം ബജറ്റിലൂടെ കണ്ടെത്തുകയും പ്രയാസമായി. വികസന മാതൃയിൽ അടിസ്ഥാന ചെലവിനുള്ള മാർഗമായാണ് കിഫ്‌ബിയെ പുനരുജ്ജീവിപ്പച്ചത്. നിയമസഭ ഏകകണ്‌ഠമായി അന്ന് കിഫ്‌ബിയെ അംഗീകരിച്ചു.
കിഫ്‌ബിക്ക് മുന്പ് 2013–16 ൽ മൂലധന ചെലവ് 7.6 ശതമാനമായിരുന്നത് പിന്നീട്11 ശതമാനമായി ഉയർന്നു. അടിസ്ഥാന സൗകര്യ വികസനക്കുതിപ്പിൽ കിഫ്‌ബി പ്രധാന പങ്കുവഹിച്ചു. ഇതൊന്നും കാണാതെയാണ് സുധ പിള്ള കമ്മിറ്റി കിഫ്‌ബിയെ അപഹസിച്ചത്. ലാഭം ഉണ്ടാക്കുന്ന വാണിജ്യസ്ഥാപനങ്ങളുടെ അളവുകോൽ വച്ചാണ് കിഫ്‌ബിയെ അളന്നത്. ആശുപത്രികളെയും സ്‌കൂളുകളെയും ലാഭകേന്ദ്രമായി കാണാനാകില്ല. അവ സമൂഹത്തിനുള്ള നിക്ഷേപമാണ്.
കിഫ്‌ബിയിൽ 61,678 കോടിരൂപ നഷ്ടവും 70,415 കോടിരൂപ ബാധ്യതയെന്നും റിപ്പോർട്ടിൽ കമ്മിറ്റി പറയുന്നു. വായ്‌പയെടുത്ത് നാടിന്റെ ആസ്‌തി വികസിപ്പിക്കുന്നത് എങ്ങനെയാണ് നഷ്‌ടമാകുന്നത്. വരുമാനമുണ്ടാക്കുന്ന 22 പദ്ധതികൾ കിഫ്‌ബി സ്ഥാപിച്ചിട്ടുണ്ട്. 4883 കോടിരൂപ കഴിഞ്ഞ സാന്പത്തിക വർഷം ലഭിച്ചു. 25,932 കോടിരൂപയുടെ വായ്‌പാ പരിധി കേന്ദ്രം വെട്ടിക്കുറച്ചത് സുധ പിള്ള കണ്ടില്ല. സംസ്ഥാനത്തിന്റെ സാന്പത്തിക സ്വയംഭരണാവകാശത്തിൽ കടന്നുകയറിയിട്ടും കേന്ദ്രത്തിനെതിരെ ഒരക്ഷരം മിണ്ടുന്നില്ല.
കേന്ദ്രത്തിന് കീഴടങ്ങുകയാണ് സർക്കാർ. ഭൂമി ഏറ്റെടുക്കലിനെതിരെ സർക്കാർ പുകമറ സൃഷ്‌ടിക്കുന്നു. കിഫ്‌ബിയില്ല, റവന്യൂവകുപ്പാണ് ഭൂമി ഏറ്റെടുക്കുന്നത്. യുപിഎ സർക്കാർ 2013ൽ കൊണ്ടുവന്ന ഭൂമി ഏറ്റെടുക്കൽ നയത്തിന്റെ ഭാഗമായാണ് വില നിശ്‌ചയിക്കുന്നത്. ഇൗ വിലയെ കന്പോള വിലയുമായി താരതമ്യപ്പെടുത്തുന്നത് അസംബന്ധമാണ്. കണ്ണൂരിൽ ഭൂമി ഏറ്റെടുത്തത് വിമാനത്താവളത്തിനടക്കം ഗുണമാകും. സ്ഥലം റിയൽ എസ്‌റ്റേറ്റുകാർക്ക് വിട്ടുകൊടുക്കാതെ ദീർഘവീക്ഷണത്തോടെ ഏറ്റെടുത്തത് നല്ലതാണെന്നും പിണറായി വിജയൻ പറഞ്ഞു.
പദ്ധതികൾ സ്‌തംഭിച്ചു: കെ എൻ ബാലഗോപാൽ
കേരള വികസനത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കിയ കിഫ്‌ബിയെ തകർക്കരുതെന്ന് കെ എൻ ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കാൻ 6000 കോടി രൂപയാണ് കിഫ്‌ബി വഴി നൽകിയത്. എന്നാൽ നിർമാണത്തിലിരിക്കുന്ന പദ്ധതികൾ സ്‌തംഭിച്ചിരിക്കുകയാണ്. കേന്ദ്രത്തിൽ ബിജെപി സർക്കാരിന്റെ നയമാണ് ഇവിടെ യുഡിഎഫും സ്വീകരിക്കുന്നത്. ഭസ്‌മാസുരന് വരം കൊടുത്തതിന് തുല്യമാണിതെന്നും അദ്ദേഹം പറഞ്ഞു.
കിഫ്‌ബി തകർക്കാനുള്ള സർക്കാർ തീരുമാനം ചർച്ച ചെയ്യാനാവശ്യപ്പെട്ട് അടിയന്തര പ്രമേയ നോട്ടീസിന് അനുമതിതേടി സംസാരിക്കുകയായിരുന്നു അദ്ദേഹം. കിഫ്‌ബിയെ എതിർക്കുന്ന നിലപാടാണ് ഭരണപക്ഷത്തുള്ളവർ സ്വീകരിക്കുന്നത്. ഭൂമി ഏറ്റെടുക്കുന്നത് യുപിഎ സർക്കാർ കൊണ്ടുവന്ന നയപ്രകാരമാണ്. കിഫ്‌ബിക്കെതിരെ കോടതിയിൽപോയ ചതിയൻ ചന്തു ഇൗ സഭയിലുണ്ടെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു. കെ രാജൻ, പി കെ പ്രവീൺ എന്നിവരും സംസാരിച്ചു.









0 comments