നേട്ടത്തിന്റെ കൊടുമുടിയിൽ സോജ; ഖാർദുങ് ലാ ചാലഞ്ച് പൂർത്തിയാക്കിയ ആദ്യ മലയാളി വനിത

സോജ സിയ ഖാർദുങ് ലാ ചാലഞ്ച് പൂർത്തിയാക്കിയശേഷം
സ്വന്തം ലേഖിക
Published on Sep 17, 2025, 08:06 AM | 1 min read
തിരുവനന്തപുരം: ലോകത്തിലെ ഉയർന്ന അൾട്രാമാരത്തൺ എന്നറിയപ്പെടുന്ന ഖാർദുങ് ലാ ചാലഞ്ച് പൂർത്തിയാക്കിയ ആദ്യ മലയാളി വനിതയായി സോജ സിയ. കുട്ടിക്കാലംമുതൽ ഓട്ടത്തിലും സൈക്കിളിങ്ങിലും പ്രതിഭയായിരുന്ന സോജയ്ക്ക് കോളേജ് കാലത്തുണ്ടായ അപകടത്തോടെ എല്ലാം നഷ്‌ടപ്പെട്ടുവെന്ന് കരുതിയതാണ്.
പക്ഷേ, കായിക മേഖലയോടുള്ള അടങ്ങാത്ത ആഗ്രഹം അവരെ വീണ്ടും കളത്തിലിറക്കി. കെഎസ്‌എഫ്‌ഇ ജീവനക്കാരിയായി മാറിയിട്ടും ആഗ്രഹം വിട്ടില്ല. 35–ാം വയസ്സിൽ വീണ്ടും ഓടിത്തുടങ്ങി.
2019ൽ ആണ് ഖാർദുങ് ലാ ചാലഞ്ച് അൾട്രാമാരത്തൺ എന്ന ആഗ്രഹം മനസ്സിലെത്തിയത്. കടുത്ത തണുപ്പ്, കഠിനമായ കയറ്റങ്ങൾ, കുറഞ്ഞ ഓക്സിജൻ നിലയൊക്കെ വെല്ലുവിളിയായി. മത്സരത്തിന് പത്തുദിവസം മുമ്പേ ലഡാക്കിലെത്തി. ലേയിലായിരുന്നു താമസം. അവിടെയും പരിശീലനം തുടർന്നു.
ചലഞ്ച് പൂർത്തിയാക്കാൻ 14 മണിക്കൂറാണ് വേണ്ടത്. ലഡാക്കിലെ ഖാർദുങ് വില്ലേജിൽനിന്ന് ആരംഭിച്ച് ഖാർദുങ് ചുരംവഴി ലാ സിറ്റിയിൽ അവസാനിക്കുന്ന മത്സരം അവസാനത്തെ രണ്ട് മിനിറ്റിന് മുമ്പ് പൂർത്തിയാക്കുമ്പോൾ ജീവിതകാലം മുഴുവൻ നെഞ്ചിലേറ്റിയ സ്വപ്നം സാക്ഷാൽക്കരിക്കപ്പെടുകയായിരുന്നു.
""ആദ്യകാല എതിർപ്പുകളെ മറികടന്ന് പ്രോത്സാഹിപ്പിച്ചത് ഉമ്മ ഹസീനയും ബാപ്പ സിയാവുദ്ദീനുമാണ്. ഉമ്മ മരിച്ചതിന്റെ രണ്ടാംവാർഷിക ദിവസമാണ് ഞാൻ ഓടുന്നത്. ഇന്റർസ്റ്റീഷ്യൽ ശ്വാസകോശരോഗം ബാധിച്ച് ഉമ്മ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്നത് ഓർമയിലുണ്ട്. ഓടുന്നതിനിടെ ശ്വാസമെടുക്കാൻ പ്രയാസപ്പെട്ടപ്പോഴും ഉമ്മയുടെ അനുഗ്രഹംകൊണ്ടാണ് ഒന്നും സംഭവിക്കാതിരുന്നതെന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം. ഉമ്മയ്ക്കുവേണ്ടിയുള്ളതാണ് ഇൗ വിജയം’’– സോജ പറയുന്നു.
ഐറ്റൻ റണ്ണേഴ്സ് ക്ലബ്ബിലെ അംഗമായ സോജയ്‌ക്ക് ഖാർദുങ് ലാ ചാലഞ്ച് പൂർത്തിയാക്കിയ പ്രവീൺ ബാബുവാണ് പിന്തുണ നൽകിയത്. മത്സരത്തിന് പങ്കെടുക്കുന്നതിനുള്ള സാമ്പത്തിക പിന്തുണ കെഎസ്‌എഫ്‌ഇയും നൽകി.
ഭർത്താവ്: ഷംനാദ്, മകൻ: അസീം ഷാ.









0 comments