'യാനം' ട്രാവൽ-ലിറ്റററി ഫെസ്റ്റിവൽ കേരള ടൂറിസത്തിന്റെ കൈയൊപ്പ് ചാർത്തുന്ന പരിപാടി: മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ഒക്ടോബർ 17 മുതൽ 19 വരെ വർക്കലയിൽ നടക്കുന്ന കേരള ടൂറിസത്തിന്റെ 'യാനം' ട്രാവൽ-ലിറ്റററി ഫെസ്റ്റിവലിന്റെ ആദ്യ പതിപ്പ് കേരള ടൂറിസത്തിൻറെ കൈയൊപ്പ് ചാർത്തുന്ന പരിപാടിയാണെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. ഇന്ത്യയിലും വിദേശത്തെയും എഴുത്തുകാർ, കലാകാരന്മാർ, ഡോക്യുമെന്ററി സംവിധായകർ, വ്ലോഗർമാർ, യാത്രാപ്രേമികൾ, പാചകരംഗത്തെ പ്രഗത്ഭർ എന്നിവരുടെ കൂടിച്ചേരലിന് വേദിയൊരുക്കും. വ്യത്യസ്ത മേഖലകളിലുള്ള പ്രമുഖ വ്യക്തികളുടെ സർഗാത്മക അനുഭവങ്ങളും ഉൾക്കാഴ്ചകളും പങ്കിടാനുള്ള ഇടമായി ഫെസ്റ്റിലെ സെഷനുകൾ മാറും.
ബുക്കർ സമ്മാന ജേതാവ് ഷെഹാൻ കരുണതിലക, ഗ്രാഷ്യൻ അവാർഡ് നേടിയ ശ്രീലങ്കൻ എഴുത്തുകാരൻ ആൻഡ്രൂ ഫിഡൽ ഫെർണാണ്ടോ എന്നിവരുൾപ്പെടെ 33 പ്രഭാഷകരുടെ ശ്രദ്ധേയമായ നിരയാണ് യാനം ഫെസ്റ്റിലുള്ളത്. ഡെസ്റ്റിനേഷൻ വെഡ്ഡിങ് ആൻഡ് മൈസ് ടൂറിസം കോൺക്ലേവ്, ഉത്തരവാദിത്ത ടൂറിസം കോൺക്ലേവ് തുടങ്ങി ടൂറിസം പ്രചാരണത്തിനായി സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച വ്യത്യസ്തമായ സമ്മേളനങ്ങളുടെ മാതൃകയിൽ സംഘടിപ്പിക്കുന്ന പരിപാടിയാണ് യാനം ഫെസ്റ്റിവെൽ. ഇത്തരമൊരു ആശയം രാജ്യത്ത് തന്നെ ആദ്യമായാണ് നടപ്പിലാക്കുന്നത്.
'സെലിബ്രേറ്റിംഗ് വേഡ്സ് ആൻഡ് വാണ്ടർലസ്റ്റ്' എന്നതാണ് ഫെസ്റ്റിവെലിൻറെ കേന്ദ്രപ്രമേയം. സാഹിത്യവും യാത്രയുമായുള്ള ചിരകാല ബന്ധത്തെ ഇത് സൂചിപ്പിക്കുന്നു. ടിബറ്റൻ കവി ടെൻസിൻ സുണ്ടു, പത്രപ്രവർത്തകനും എഴുത്തുകാരനുമായ സുദീപ് ചക്രവർത്തി, 2015 ലെ ഹെൻറി കാർട്ടിയർ ബ്രെസൺ അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ട പ്രശസ്ത ഫോട്ടോഗ്രാഫർ ആശ തദാനി ഗ്രാമി അവാർഡ് ജേതാവായ സംഗീതജ്ഞൻ പ്രകാശ് സോൺതെക്ക, വർത്തമാനകാല ഓർഫ്യൂസ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന കവിയും നാടകകൃത്തും യാത്രാ എഴുത്തുകാരിയുമായ പ്രൊഫ. നതാലി ഹാൻഡൽ, നോവലിസ്റ്റ് ബെന്യാമിൻ, പത്രപ്രവർത്തകയും എഴുത്തുകാരിയുമായ പല്ലവി അയ്യർ, പ്രസിദ്ധ യാത്രാ ഡോക്യുമെൻററി നിർമ്മാതാക്കളായ പ്രിയ ഗണപതി, അനുരാഗ് മല്ലിക്, ഫുഡ് ഗുരു കാരെൻ ആനന്ദ്, പ്രമുഖ യാത്രാ വ്ളോഗർ കൃതിക ഗോയൽ, ശ്രീലങ്കൻ എഴുത്തുകാരി സിയാര മണ്ടുലി മെൻഡിസ്, ശ്രീലങ്കൻ എഴുത്തുകാരൻ പ്രമുദിത്ത് ഡി രൂപസിംഗെ എന്നിവരും പങ്കെടുക്കും.
യാനം ഒരു യാത്രാ സാഹിത്യോത്സവം മാത്രമല്ല. യാത്രകളെ വ്യത്യസ്ത രീതിയിൽ അടയാളപ്പെടുത്തിയ ലോകോത്തര പ്രതിഭകളുടെ സംഗമം ആയിരിക്കും. ലോകത്താകെയുള്ള സഞ്ചാരസാഹിത്യ മേഖലയിലേക്ക് കേരളത്തെ കൂടുതൽ അടയാളപ്പെടുത്തുവാനാണ് ഫെസ്റ്റിലൂടെ ഉദ്ദേശിക്കുന്നത്. വർക്കലയുടെ ടൂറിസം സാധ്യതകൾ ലോകത്തിനു പരിചയെപ്പടുത്താനും യാനത്തിലൂടെ ലക്ഷ്യമിടുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേരളത്തിൽ നിന്നുള്ള 22കാരിയായ സോളോ ട്രാവലർ അഫീദ ഷെറിൻ മൗറീഷ്യസിലേക്കുള്ള തൻറെ ആദ്യ അന്താരാഷ്ട്ര യാത്രയെക്കുറിച്ച് ഫെസ്റ്റിൽ സംസാരിക്കും. ബെംഗളൂരുവിൽ നിന്നുള്ള എഴുത്തുകാരി സുമ ടെക്കൂറിൻറെ 'ദി മോങ്ക്സ് ഹു ലാഫ്ഡ് വെൻ ദി ബംബിൾബീ സ്റ്റങ് മി' (2024) എന്ന പുസ്തകം 18 രാജ്യങ്ങളിലേക്ക് നടത്തിയ യാത്രകളെക്കുറിച്ച് വിവരണമാണ്. ഇതിനെക്കുറിച്ചുള്ള അനുഭവങ്ങൾ അവർ പങ്കുവയ്ക്കും. ജോഹന്നാസ്ബർഗിലെ പ്രശസ്തമായ യോവിൽ ഡിന്നർ ക്ലബ്ബിൻറെ സ്ഥാപകനായ 'എ ഗ്യാസ്ട്രോണമിക് സ്മഗ്ളർ' എന്നറിയപ്പെടുന്ന ഷെഫ് സാൻസ സാൻഡിൽ യാനത്തിലെ ശ്രദ്ധേയ സാന്നിധ്യമാണ്.
ആറ് രാജ്യങ്ങളിലായി 17,000 കിലോമീറ്റർ ബൈക്കിംഗ് നടത്തിയ പിയ ബഹാദൂർ സാഹസികവും സ്ത്രീകൾക്ക് പ്രചോദനവുമാകുന്ന തൻറെ യാത്രാനുഭവങ്ങൾ ഫെസ്റ്റിൽ പങ്കുവയ്ക്കും. പിയയുടെ യാത്രാനുഭവങ്ങളുടെ പുസ്തകമാണ് 'റോഡ് ടു മെകോങ്'. പ്രശസ്ത ട്രാവൽ ഡോക്യുമെൻററി സംവിധായകരും എഴുത്തുകാരുമായ പ്രിയ ഗണപതി, അനുരാഗ് മല്ലിക്ക്, സിമ്പിൾ കുക്കിംഗ് എന്ന പുസ്തക പരമ്പരയിലൂടെ പാരീസിലെ ഗോർമണ്ട് വേൾഡ് കുക്ക്ബുക്ക് അവാർഡിന് നാമനിർദേശം നേടിയ ഫുഡ് ഗുരു കരൺ ആനന്ദ്, ട്രാവൽ വ്ലോഗറും സ്റ്റോറി ടെല്ലറുമായ കൃതിക ഗോയൽ, കവിയും പെർഫോമൻസ് ആർട്ടിസ്റ്റും ക്യൂറേറ്ററുമായ മധു രാഘവേന്ദ്ര, എഴുത്തുകാരനും പത്രപ്രവർത്തകനും രാഷ്ട്രീയ നിരൂപകനുമായ ഉല്ലേഖ് എൻ പി, സാംസ്കാരിക എഴുത്തുകാരൻ ഫൈസൽ ഖാൻ, പത്രപ്രവർത്തകനും എഴുത്തുകാരനുമായ ബിനു കെ ജോൺ എന്നിവരും പരിപാടിയുടെ ഭാഗമാകും.
നോവലിസ്റ്റും ക്യൂറേറ്ററുമായ സബിൻ ഇക്ബാലും എഴുത്തുകാരി നിർമ്മല ഗോവിന്ദരാജനും ചേർന്നുള്ള സംഘമാണ് യാനം ഫെസ്റ്റിവെൽ ക്യുറേറ്റ് ചെയ്യുന്നത്. എഴുത്ത്, ഫേട്ടോഗ്രഫി, ആയുർസൗഖ്യം (വെൽനെസ്) തുടങ്ങിയ വിഷയങ്ങളിൽ വിജ്ഞാനപ്രദമായ പരിശീലന കളരികളും യാനത്തിൻറെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.








0 comments