കേരള സർവകലാശാല വി സിയുടേത് നിയമവിരുദ്ധ നടപടികൾ: സിൻഡിക്കറ്റ്

തിരുവനന്തപുരം: കേരള സർവകലാശാലയിൽ വൈസ് ചാൻസലർ നിയമവിരുദ്ധവും ക്രമവിരുദ്ധവുമായ നടപടികൾ തുടരുന്നുവെന്ന് സിൻഡിക്കറ്റ്. സർവകലാശാലയിൽ രജിസ്ട്രാർ ഇല്ലെങ്കിൽ മറ്റൊരാൾക്ക് ചുമതല നൽകാനുള്ള അധികാരം സിൻഡിക്കറ്റിനാണ് എന്നാണ് ചട്ടം. സർവകലാശാലയിൽ രജിസ്ട്രാർ ചെയ്യേണ്ട ജോലികൾ എന്തൊക്കെയാണ് എന്ന് നിശ്ചയിക്കാനുള്ള അധികാരവും സിൻഡിക്കറ്റിനാണ്. ഇതെല്ലാം മറികടന്ന് വിസി ചട്ടവിരുദ്ധമായി അമിതാധികാര പ്രയോഗം നടത്തുകയാണ്. നിയമപരമായി ഉത്തവ് പോലും പുറത്തിറങ്ങാതെയാണ് രജിസ്ട്രാറായി ഇപ്പോൾ പുതുതായി വിസി ഏർപ്പെടുത്തിയയാൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.
കേരള സർവകലാശാലയിലെ രജിസ്ട്രാർ ഡോ.കെ എസ് അനിൽകുമാറിനെതിരായി സിൻഡിക്കറ്റിന്റെ അതികാരം ഉപയോഗിച്ച് വിസി നടപടി എടുത്തത് തെറ്റാണ്. സിൻഡിക്കറ്റ് അംഗങ്ങൾ യോഗം ചേർന്ന് അത് തിരുത്തി. അനിൽകുമാർ വീണ്ടും ചുമതല ഏറ്റെടുത്ത് രജിസ്ട്രാർ ആയി തുടരുന്നു. ഈ സാഹചര്യത്തിലാണ് എട്ട് ദിവസത്തേക്ക് താത്കാലിക വൈസ് ചാൻസലറായി എത്തിയിരിക്കുന്ന ഡോ. സിസ തോമസ് സിൻഡിക്കറ്റിന്റെ അധികാരങ്ങൾ കവർന്നെടുത്ത് തെറ്റായ നടപടികൾ സ്വീകരിച്ചത്. ഇത് നിയമവിരുദ്ധമാണ്.
രജിസ്ട്രാർ ഡോ. കെ എസ് അനിൽകുമാർ അയച്ച ഫയലുകൾ വൈസ് ചാൻസലർ തിരിച്ചയച്ചു. മൂന്ന് ഫയലുകളാണ് മടക്കി അയച്ചത്. അതേ സമയം ഡോ. മിനി കാപ്പൻ അയച്ച ഫയലുകൾ അംഗീകരിച്ചു. 25 ഫയലുകളാണ് മിനി കാപ്പൻ അയച്ചത്. രജിസ്ട്രാർ ഇൻ ചാർജ് എന്ന നിലയിലാണ് മിനി കാപ്പൻ ഫയലുകൾ അയച്ചത്. തെറ്റായ ഉത്തരവിൻ പ്രകാരം ആരെങ്കിലും ഏതെങ്കിലും ഫയൽ നോക്കിയിട്ടുണ്ടെങ്കിൽ അത് സർവകലാശാലയുടെ തീരുമാനമായി മാറില്ല. അത്തരം പ്രവർത്തികൾ ചെയ്യുന്നവർ ഭവിഷത്തുകൾ നേരിടേണ്ടിവരും.
കേരളത്തിലെ ഏറ്റവും വലിയ സർവകലാശാലയാണ് കേരള സർവകലാശാല. എല്ലാ ദിവസവും സർവകലാശാലയിലെത്തേണ്ട വിസി അവിടെ എത്തുന്നില്ല. അത് വളരെ ഗുരുതരമായ പ്രശ്നമാണ്. വിദ്യാർഥികളുടെ പരീക്ഷ, അഡിമിഷൻ എന്നിവ നടക്കുകയാണ്. ഈ ഘട്ടത്തിൽ വൈസ് ചാൻസലർ അവിടെ എത്തേണ്ടതാണ്. സിൻഡിക്കറ്റ് കൃത്യമായി കമ്മിറ്റികൾ വിളിച്ച് യോഗം ചേരുന്നുണ്ട്. അതുമായി ബന്ധപ്പെട്ട ഫയലുകൾ വിസിക്ക് അയക്കുന്നുണ്ട്. എന്നാൽ അദ്ദേഹം അത് ഒപ്പിടുന്നില്ല.
തന്റെ താത്പര്യങ്ങൾ സിൻഡിക്കറ്റ് അനുസരിച്ചില്ലെങ്കിൽ വൈസ് ചാൻസിലർ ഒപ്പിടില്ലെന്ന നിലപാടെടുക്കുമ്പോൾ വിദ്യാർഥികളാണ് പ്രതിസന്ധിയിലാകുന്നത്. സർവകലാശാലയിൽ ഭരണ പ്രതിസന്ധിയുണ്ടെന്ന് വരുത്തി തീർക്കാനാണ് അധികാരികൾ ശ്രമിക്കുന്നതെങ്കിൽ അതിനെ സർവകലാശാലാ സമൂഹം ശക്തമായി പ്രതിരോധിക്കുമെന്നും സിൻഡിക്കറ്റ് വ്യക്തമാക്കി.









0 comments