സ്പേസ് പാർക്ക്: വരും, 6 ഉപകേന്ദ്രങ്ങളും

മിൽജിത് രവീന്ദ്രൻ
Published on Jun 20, 2025, 02:15 AM | 1 min read
തിരുവനന്തപുരം
സ്പേസ് പാർക്കിന്റെ പ്രവർത്തനം കൊച്ചി, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനു പുറമേ ആറ് ഉപകേന്ദ്രങ്ങൾ ആരംഭിക്കാനും പദ്ധതി. തിരുവനന്തപുരം, കൊച്ചി, പള്ളിപ്പുറം ടെക്‌നോസിറ്റി, തോന്നയ്‌ക്കൽ, വേളി, വലിയമല എന്നിവിടങ്ങളിലാണ് ഉപകേന്ദ്രങ്ങൾ ലക്ഷ്യമിടുന്നത്. സംരംഭകർക്ക് നൈപുണ്യ വികസനം, പ്രോട്ടോടൈപ്പിങ്, കൺസൾട്ടൻസി എന്നിവയ്‌ക്കായി ടെക്നോസിറ്റിയിൽ 9.54 ഏക്കറിൽ എംഎസ്‌എംഇ അഡ്വാൻസ്ഡ് മാനുഫാക്ചറിങ് ടെക്നോളജി സെന്റർ, തോന്നയ്ക്കലിൽ എയ്‌റോസ്‌പേസ് കോമ്പോസിറ്റ്സ് സെന്റർ, വേളിയിൽ 60 ഏക്കറിൽ എയ്‌റോസ്‌പേസ് കൺട്രോൾ സിസ്റ്റംസ് കോംപ്ലക്‌സ്, വലിയമലയ്‌ക്കു സമീപം ലിക്വിഡ് പ്രൊപ്പൽഷൻ ആൻഡ് അലൈഡ് സിസ്റ്റംസ് കോംപ്ലക്‌സ്, കൊച്ചിയിൽ എയ്‌റോസ്‌പേസ് ഇൻഡസ്ട്രി ക്ലസ്റ്റർ, തിരുവനന്തപുരത്ത് ഇന്റഗ്രേറ്റഡ് ഡിഫൻസ് ഇൻഡസ്ട്രിയൽ പാർക്ക് (ഐഡിഐപി) എന്നിവയാണ് ഉപകേന്ദ്രങ്ങൾ.
ടെക്‌നോസിറ്റിയിൽ നിർമിക്കുന്ന സിഎഫ്‌സി, ആർഡിസി എന്നിവയ്‌ക്കു പുറമെയുള്ള പതിനഞ്ച് ഏക്കർ സ്ഥലം ഈ രംഗത്തെ നിക്ഷേപകർക്ക് അനുവദിക്കും. നിലവിൽ 58 കമ്പനികൾ സ്പേസ് പാർക്കിൽ അഫിലിയേറ്റ് ചെയ്തിട്ടുണ്ട്, 11 പ്രമുഖ അക്കാദമിക്, ഗവേഷണ വികസന സ്ഥാപനങ്ങൾ ഔദ്യോഗിക പങ്കാളികളാണ്.
വിഎസ്‌എസ്‌സി, ഡിജിറ്റൽ സർവകലാശാല, അസാപ് കേരള, ഐസിടി അക്കാദമി, അനന്ത് ടെക്‌നോളജീസ് എന്നീ സ്ഥാപനങ്ങളുമായി വിവിധ പദ്ധതികൾക്കുള്ള ധാരണപത്രങ്ങളുണ്ട്. ഐഐഎസ്‌ടി, എൽപിഎസ്‌സി, ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ, ഐഎസ്‌ആർഒ ഇനേർഷ്യൽ സിസ്റ്റംസ് യൂണിറ്റ്, സോഫ്റ്റ്‌വെയർ ടെക്‌നോളജി പാർക്ക്‌സ് ഇന്ത്യ, കേരള സർവകലാശാല എന്നിവയുമായി സഹകരിച്ചുള്ള വിവിധ പദ്ധതികളും പരിഗണനയിലാണ്.








0 comments