സംസ്ഥാനത്ത് സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ എസ്എഫ്ഐ തേരോട്ടം

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ നടന്ന സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐക്ക് ഉജ്വല വിജയം. സംഘടനാപരമായി തെരഞ്ഞെടുപ്പ് നടന്ന 699 സ്‌കൂളുകളിൽ 604 ഇടങ്ങളിലും എസ്‌എഫ്‌ഐ വിജയക്കൊടി പാറിച്ചു. ഇതിൽ 148 സ്‌കൂളുകളിൽ എതിരില്ലാതെയാണ് വിജയം കൈവരിച്ചത്.
വിദ്യാഭ്യാസമേഖലയെ വർഗീയവൽക്കരിക്കാനുള്ള ശ്രമങ്ങളെ ചെറുത്തുതോൽപ്പിക്കുന്ന എസ്എഫ്ഐയുടെ നിലപാടിനും വിദ്യാർഥികളുടെ അവകാശസംരക്ഷണ പോരാട്ടങ്ങൾക്കുമുള്ള വിദ്യാർഥികളുടെ അംഗീകാരമാണ് ഈ തിളക്കമാർന്ന വിജയമെന്ന് സംഘടന വ്യക്തമാക്കി.
ചരിത്രവിജയത്തിനുവേണ്ടി പ്രവർത്തിച്ച മുഴുവൻ വിദ്യാർഥികളെയും എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദും സെക്രട്ടറി പി.എസ്. സഞ്ജീവും അഭിവാദ്യം ചെയ്തു.
വിവിധ ജില്ലകളിലെ വിജയക്കണക്കുകൾ
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വലിയ മുന്നേറ്റമാണ് എസ്എഫ്ഐ കാഴ്ചവെച്ചത്. തിരുവനന്തപുരം ജില്ലയിൽ സംഘടനാപരമായി തെരഞ്ഞെടുപ്പ് നടന്ന 91 സ്കൂളിൽ 86 ഇടത്തും എസ്എഫ്ഐ വിജയം നേടി.
മറ്റു ജില്ലകളിലെ കണക്കുകൾ ഇങ്ങനെ (ബ്രാക്കറ്റിൽ ആകെ സ്‌കൂളുകൾ):
കൊല്ലം: 104 (117) ആലപ്പുഴ: 40 (43) കോട്ടയം: 11 (11) പത്തനംതിട്ട: 34 (35) ഇടുക്കി: 25 (25) എറണാകുളം: 4 (12 - എട്ട് സ്‌കൂളിൽ തെരഞ്ഞെടുപ്പ് നടന്നില്ല) തൃശൂർ: 38 (40) പാലക്കാട്: 69 (79) മലപ്പുറം: 9 (9) കോഴിക്കോട്: 40 (65) വയനാട്: 11 (15) കണ്ണൂർ: 93 (109) കാസർകോട്: 40 (49)
പ്രധാന കോട്ടകൾ പിടിച്ചെടുത്തു
എതിരാളികളുടെ സിറ്റിങ് സീറ്റുകളും ശക്തികേന്ദ്രങ്ങളും തകർത്താണ് പലയിടത്തും എസ്.എഫ്.ഐ വിജയം പിടിച്ചെടുത്തത്. മലപ്പുറത്ത് പെരിന്തൽമണ്ണ ബോയ്സ്, ഗേൾസ് സ്‌കൂളുകളിൽ എസ്എഫ്ഐ യൂണിയൻ തിരിച്ചുപിടിച്ചു.
കണ്ണൂർ ചെമ്പിലോടിൽ കെഎസ്‌യുവിന്റെ കോട്ട തകർത്ത എസ്എഫ്ഐ, കാടാച്ചിറ സ്കൂളും എതിരാളികളിൽ നിന്ന് പിടിച്ചെടുത്തു. കൂടാതെ പാനൂർ പി.ആർ, കെകെവി സ്കൂളുകൾ എംഎസ്എഫിൽ നിന്നും വിജയകരമായി തിരികെ പിടിച്ചു.









0 comments