ആറുമാസം കഴിഞ്ഞിട്ടും നെൽവില ലഭിച്ചില്ല; കർഷകരെ വഞ്ചിച്ച് യുഡിഎഫ് സർക്കാർ

പാലക്കാട് /കുട്ടനാട്: കഴിഞ്ഞ സീസണിലെ കൃഷി കഴിഞ്ഞ് ആറ് മാസമായിട്ടും സംഭരിച്ച നെല്ലിന്റെ തുക ലഭിക്കാതെ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ നെൽ കർഷകർ. പ്രതിസന്ധി രൂക്ഷമായി ബാധിച്ചിട്ടുള്ളത് പാലക്കാട് ജില്ലയിലും ആലപ്പുഴയിലെ കുട്ടനാട്ടിലുമാണ്.
നെല്ല് സംഭരിച്ച് ആറുമാസം പിന്നിട്ടിട്ടും വില ലഭിക്കാതെ സംസ്ഥാനത്തെ പതിനായിരക്കണക്കിന് നെൽകർഷകരാണ് പ്രതിസന്ധിയിൽ. പാലക്കാട് ജില്ലയിൽ ഏകദേശം 10,000 കർഷകർക്ക് ഇനിയും നെൽവില ലഭിക്കാനുണ്ടെന്നാണ് കർഷകർ പറയുന്നത്. അടുത്ത കൃഷി എത്തിയിട്ടും മുൻവിളയുടെ പണം ലഭിക്കാത്ത സാഹചര്യത്തിലാണ് കർഷകർ.
ഓണത്തിന് മുമ്പ് കുടിശ്ശിക വിതരണം ചെയ്യുമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നെങ്കിലും വളരെ കുറച്ച് കർഷകർക്ക് മാത്രമാണ് പണം ലഭിച്ചതെന്ന് കർഷകർ പറഞ്ഞു. ദിവസേന വിരലിലെണ്ണാവുന്ന കർഷകർക്ക് മാത്രമാണ് പണം ലഭിക്കുന്നതെന്നും ബാങ്കുകളിൽ അന്വേഷിക്കുമ്പോൾ “ഇന്ന് വരും, നാളെ വരും” എന്ന മറുപടിയാണ് ലഭിക്കുന്നതെന്നും അവർ പറഞ്ഞു.
നെൽവില വിതരണം വൈകുന്നതിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥതയും ധനകാര്യ, കാർഷിക വകുപ്പുകളുടെ അലംഭാവവുമാണെന്ന് കർഷകർ പറയുന്നു.
പ്രതിപക്ഷത്തായിരുന്നപ്പോൾ എൽഡിഫ് സർക്കാരിനെതിരെ ഘോര ഘോരം പ്രസംഗിച്ച യുഡിഎഫ് ഭരണത്തിൽ വന്നപ്പോൾ കർഷകരെ ഉപേക്ഷിച്ച നിലയിലാണ് കാര്യങ്ങൾ മാറിയിരിക്കുന്നത്.
സപ്ലൈകോ അനുവദിച്ച വായ്പാപരിധി കഴിഞ്ഞിട്ടും ബാങ്കുകൾക്ക് തിരിച്ചടവ് നടത്താത്തതിനെ തുടർന്ന് ബാങ്കുകൾ നെൽവില വിതരണം നിർത്തിവച്ചതാണ് പ്രതിസന്ധിക്ക് ഒരു കാരണം. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് മില്ലുടമകളുമായുള്ള കിഴിവ് തർക്കങ്ങളും നെല്ല് സംഭരിക്കുന്നതിലെ കാലതാമസവും പ്രതിസന്ധി രൂക്ഷമാക്കിയതായി കർഷകർ പറയുന്നു
കൃഷിയിറക്കുന്നതിനും തൊഴിലാളികൾക്ക് കൂലി നൽകുന്നതിനും യന്ത്രങ്ങളുടെ ചെലവ് വഹിക്കുന്നതിനും പണമില്ലാത്ത സ്ഥിതിയിലാണ് പല കർഷകരും. ആഭരണങ്ങൾ പണയംവെച്ചും മറ്റ് വായ്പകൾ എടുത്തുമാണ് ഒന്നാം വിള കൃഷിയിറക്കിയതെന്നും കർഷകർ പറഞ്ഞു.
നെൽവില വൈകുന്നത് മൂലം പല പാടശേഖരങ്ങളിലും ഇത്തവണ കൃഷി ഉപേക്ഷിച്ച് തരിശിടേണ്ട സാഹചര്യമുണ്ടെന്നും അവർ വ്യക്തമാക്കി. 70 വയസ്സ് കഴിഞ്ഞ കർഷകർക്ക് പണം ലഭിക്കാൻ നോമിനിയെ നിർദേശിക്കണമെന്ന വ്യവസ്ഥയും കാലതാമസത്തിന് കാരണമാകുന്നതായി കർഷകർ പറയുന്നു.
കുട്ടനാട്ടിലും സമാന പ്രതിസന്ധി
കുട്ടനാട്ടിലും നെൽവില ലഭിക്കാത്തതിനെ തുടർന്ന് കർഷകർ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. പതിനായിരക്കണക്കിന് കർഷകർക്ക് സംഭരിച്ച നെല്ലിന്റെ തുക ലഭിക്കാനുണ്ട്.
പുഞ്ചകൃഷിയുടെ പണം ലഭിക്കാത്തതിനാൽ രണ്ടാം കൃഷിക്കായി വളം, കീടനാശിനി തുടങ്ങിയവ വാങ്ങുന്നതിനും തൊഴിലാളികൾക്ക് കൂലി നൽകുന്നതിനും കർഷകർ ബുദ്ധിമുട്ടുകയാണ്. പലരും ഉയർന്ന പലിശയ്ക്ക് വായ്പയെടുത്തും ആഭരണങ്ങൾ പണയംവെച്ചുമാണ് കൃഷിയിറക്കുന്നത്.
സ്ഥിരമായി രണ്ടാം കൃഷിയുണ്ടായിരുന്ന കുട്ടനാട്ടിലെ വിവിധ പാടശേഖരങ്ങളും ,കായൽ നിലങ്ങളും പുഞ്ച കൃഷിയുടെ പണം ലഭിക്കാത്തതുമൂലം തരിശ് ഇടേണ്ട അവസ്ഥയും ഇതുമൂലം കർഷകനും കാർഷിക മേഖലയുമായി ബന്ധപ്പെട്ട നിൽക്കുന്ന കളപറിക്കൽ, വരമ്പ് വെട്ട്, കൊയ്ത്തുജോലികൾ ,നെല്ല് ചുമട് ഉൾപ്പടെയുള്ള കുട്ടനാട്ടിലെ വലിയ ഒരു വിഭാഗം തൊഴിലുകളെ ഇത് ബാധിക്കുമെന്ന് കർഷകർ പറഞ്ഞു.
പുഞ്ചകൃഷിയുടെ തുക ലഭിക്കാത്തതിനാൽ കൈനകരി, പുളിങ്കുന്ന്, കായൽപ്പുറം, വെളിയനാട്, എടത്വ, മാമ്പുഴക്കരി, മുട്ടാർ, വേണാട്ട്കാട് ,ചമ്പക്കുളം,നെടുമുടി,മങ്കൊമ്പ്, കിടങ്ങറ തുടങ്ങിയ പ്രദേശങ്ങളിലെ ചില പാടശേഖരങ്ങളിലും കോട്ടയം ജില്ലയിലെ കുട്ടനാടിന്റെ പ്രദേശങ്ങളിലുൾപ്പെടുന്ന വിവിധ കായലുകളിലും രണ്ടാം കൃഷി ഉപേക്ഷിക്കേണ്ട സാഹചര്യമുണ്ടായെന്നും കർഷകർ പറയുന്നു.
കൂടാതെ കിഴക്കൻ വെള്ളത്തിന്റെ വരവ് തടയാൻ ഈ സർക്കാർ ഒന്നും ചെയ്യാതിരുന്നതിനാൽ മടവീഴ്ചമൂലം കുട്ടനാട്ടിലെ വിവിധ പാടശേഖരങ്ങളിലും കായൽ നിലങ്ങളിലും കൃഷി നശിച്ചു.
ഇങ്ങനെ കേരളത്തിന്റെ വിവിധ ജില്ലകളിൽ നെൽകർഷകർ സംഭരിച്ച നെല്ലിന്റെ പണം ലഭിക്കാതെ വലയുന്നു. യുഡിഎഫ് സർക്കാരിന്റെ കെടുകാര്യസ്ഥതയും കൃഷി വകുപ്പിന്റെയും മുഖ്യമന്ത്രിയുടെ സ്വന്തം വകുപ്പായ ധനകാര്യ വകുപ്പിന്റെയും അലംഭാവവും കർഷകരെ ആത്മഹത്യയിലേക്ക് വരെ തള്ളി വിടുന്ന രീതിയിൽ കടക്കെണിയിലാക്കുന്നു.
കർഷകരുടെ കുടിശ്ശിക അടിയന്തരമായി വിതരണം ചെയ്യണമെന്നും അടുത്ത കൃഷിയിറക്കുന്നതിന് ആവശ്യമായ സാമ്പത്തിക സഹായം ഉറപ്പാക്കണമെന്നുമുള്ള ആവശ്യം ശക്തമായി ഉയരുകയാണ്.








0 comments