ad
Deshabhimani

print edition അയാന്റെ സ്വപ്‌നങ്ങൾക്ക്‌ ഇനി ആകാശമാണ്‌ അതിര്

ayaan  from up

അച്ഛൻ മുഹമ്മദ് ഷുഹൈബ് അന്സാരിയുടെയും ഭാര്യ ഷത്മ ഹൈദറും മകൻ മുഹമ്മദ് ഹയാൻ അൻസാരിയും പെരളശ്ശേരി എ കെ ജി സ്മാരക ഹയർ സെക്കന്ററി സ്കൂളിൽ

avatar
സുപ്രിയ സുധാകർ

Published on May 03, 2026, 12:01 AM | 1 min read

കണ്ണൂർ : പൊതുവിദ്യാലയങ്ങളിൽ മികച്ചതേതെന്ന അന്വേഷണമാണ്‌ മുഹമ്മദ്‌ അയാന്റെ കുടുംബത്തെ കേരളത്തിലെത്തിച്ചത്‌. കേട്ടറിഞ്ഞ സ്‌കൂളിലെത്തിയപ്പോൾ അവരുറപ്പിച്ചു ഇവിടെമതി. മകന്‌ മികച്ച വിദ്യാഭ്യാസമെന്ന സ്വപ്‌നം കളറാക്കാൻ ഉത്തർപ്രദേശിൽനിന്നൊരു കുടുംബമെത്തിയത്‌ പെരളശേരിയിലേക്ക്‌. ഉത്തർപ്രദേശ്‌ വിദ്യാഭ്യാസവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ മുഹമ്മദ്‌ ഷുയൈബ്‌ അൻസാരിയാണ്‌ മകൻ മുഹമ്മദ്‌ അയാൻ അൻസാരിയുമായി പെരളശേരി എകെജി സ്‌മാരക ഗവ. എച്ച്‌എസ്‌എസിൽ എത്തിയത്‌. അഞ്ചാംക്ലാസ്‌ പ്രവേശനത്തിനൊപ്പം പാഠപുസ്‌തകവും യൂണിഫോം തുണിയും സ‍ൗജന്യമായി ലഭിച്ച സന്തോഷത്തിലാണ്‌ ഉമ്മ ഷദ്‌മ ഹൈദറിനുമൊപ്പം അയാൻ മടങ്ങിയത്‌.


ഉത്തർപ്രദേശിലെ സർക്കാർ സ്‌കൂളുകൾ വിദ്യാഭ്യാസനിലവാരത്തിലും അടിസ്ഥാനസ‍ൗകര്യങ്ങളിലും കേരളത്തേക്കാൾ വളരെ പിറകിലാണ്‌. കുട്ടികൾക്ക്‌ പ്രത്യേക ശ്രദ്ധ ലഭിക്കുന്നില്ല. അവരെ ആകർഷിക്കാനുള്ള സ‍ൗകര്യങ്ങൾ സ്‌കൂളുകളിലുമില്ല. സ്വകാര്യസ്‌കൂളുകളിലും പഠനനിലവാരം കുറവാണ്‌, താങ്ങാനാകാത്ത ഫീസും. കേരളത്തിലെ സ്‌കൂളുകളെക്കുറിച്ച്‌ ദേശീയതലത്തിലും മികച്ച അഭിപ്രായമാണ്‌. അതിനാലാണ്‌ കേരളത്തിലേക്ക്‌ കുടുംബവുമായി എത്തിയതെന്ന്‌ ഉത്തർപ്രദേശിലെ ബസ്‌തി ജില്ലയിലെ സമഗ്രശിക്ഷ മാധ്യമിക് കോ– ഓഡിനേറ്ററായ മുഹമ്മദ്‌ ഷുയൈബ്‌ അൻസാരി പറഞ്ഞു.


മകന്‌ മികച്ച വിദ്യാഭ്യാസം നൽകണമെന്നത്‌ തന്റെ വലിയ ആഗ്രഹമാണ്‌. വിദ്യാഭ്യാസമേഖലയിൽ ജോലി ചെയ്യുന്നതിനാൽ രാജ്യത്തെ ഓരോ സംസ്ഥാനത്തെയും വിദ്യാഭ്യാസനിലവാരമറിയാം. പെരളശേരി സ്‌കൂളിന്റെ നിരവധി വീഡിയോകൾ സമൂഹമാധ്യമങ്ങളിലൂടെ കണ്ടിട്ടുണ്ട്‌. സ്‌മാർട്‌ ക്ലാസ്‌ റൂം, ലിഫ്‌റ്റ്‌ സ‍ൗകര്യം, ലൈബ്രറി, ലാബ്‌, ഡിജിറ്റൽ സ‍ൗകര്യങ്ങൾ എന്നിവയെല്ലാമുള്ള അന്താരാഷ്‌ട്ര നിലവാരത്തിലുള്ള സർക്കാർ സ്‌കൂൾ. സ്‌കൂളിൽ പ്രവേശനം നേടുന്നതിനുമുന്പ്‌ ഇവിടെയെത്തിയപ്പോൾ ആളുകളുടെ പെരുമാറ്റവും സഹകരണവും സന്തോഷിപ്പിച്ചു.


അലിഗഡ്‌ മുസ്ലിം യൂണിവേഴ്‌സിറ്റിയിൽനിന്ന്‌ ഇലക്‌ട്രോണിക്‌സ്‌ ആൻഡ്‌ ടെലികമ്യൂണിക്കേഷൻസ്‌ ബിരുദം നേടിയ മുഹമ്മദ്‌ ഷുയൈബ്‌ ബിഎസ്‌സി മാത്‌സ്‌, എംഎ ഇംഗ്ലീഷ്‌, എംബിഎ ഹ്യൂമൺ റിസോഴ്‌സ്‌ കൂടാതെ ഐടി, കംപ്യൂട്ടർ സയൻസ്‌ ഡിപ്ലോമകളും നേടിയിട്ടുണ്ട്‌. പെരളശേരി സ്‌കൂളിന്‌ സമീപം വടക്കുമ്പാടെ വാടകവീട്ടിലാണ്‌ ഇനി കുടുംബം കഴിയുക. ഇവർക്ക്‌ മൂന്നു വയസുള്ള അസ്‌ലൻ എന്ന മകനുമുണ്ട്‌. ഇവരെ കേരളത്തിന്റെ കരങ്ങളിലേൽപ്പിച്ച്‌ മുഹമ്മദ്‌ ഷുയൈബ്‌ ജോലിക്കായി യുപിയിലേക്ക്‌ മടങ്ങും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home