Deshabhimani

print edition കേരള കർഷകസംഘം സംസ്ഥാനസമ്മേളനം; ആലപ്പുഴയിൽ ഇന്ന് പതാകയുയരും

karshaka sankam
വെബ് ഡെസ്ക്

Published on Sep 17, 2026, 12:00 AM | 1 min read

ആലപ്പുഴ: കേരള കർഷകസംഘത്തിന്റെ 28–ാം സംസ്ഥാന സമ്മേളനത്തിന്‌ വ്യാഴാഴ്‌ച ആലപ്പുഴയിൽ പതാകയുയരും. എം പ്രകാശൻ ക്യാപ്‌റ്റനായി കയ്യൂരിൽനിന്ന്‌ ആരംഭിച്ച കൊടിമരജാഥയെ പകൽ രണ്ടിന്‌ അരൂരിലും എസ്‌ കെ ശ്രീജ ക്യാപ്‌റ്റനായ പതാകജാഥയെ പകൽ രണ്ടിന്‌ കിടങ്ങറയിലുംവച്ച്‌ ജില്ലയിലേക്ക്‌ സ്വീകരിക്കും. പ്രതിനിധി സമ്മേളനനഗറിൽ ഉയർത്താനുള്ള പതാകജാഥ പകൽ രണ്ടിന്‌ കള്ളിക്കാട്‌ രക്‌തസാക്ഷി മണ്ഡപത്തിൽനിന്ന്‌ പ്രയാണം ആരംഭിക്കും. കെ എച്ച്‌ ബാബുജാനാണ്‌ ജാഥാ ക്യാപ്‌റ്റൻ.


മൂന്ന്‌ ജാഥയും വൈകിട്ട്‌ അഞ്ചിന്‌ ഇ എം എസ്‌ സ്‌റ്റേഡിയത്തിന്‌ സമീപം സംഗമിച്ച്‌ പ്രകടനമായി പൊതുസമ്മേളനനഗരിയായ വി എസ്‌ അച്യുതാനന്ദൻ നഗറിലേക്ക്‌ (മഹേശ്വരി ഗ്ര‍ൗണ്ട്‌) എത്തിച്ചേരും. സ്വാഗതസംഘം ജനറൽ കൺവീനർ സി ശ്രീകുമാർ ഉണ്ണിത്താൻ പതാക ഏറ്റുവാങ്ങും. സ്വാഗതസംഘം ചെയർമാൻ ആർ നാസർ പതാകയുയർത്തും.


ജി ഹരിശങ്കർ ക്യാപ്‌റ്റനായ ദീപശിഖാ പ്രയാണം വെള്ളി രാവിലെ ഏഴിന്‌ വലിയ ചുടുകാട്‌ രക്‌തസാക്ഷി മണ്ഡപത്തിൽനിന്ന്‌ ആരംഭിക്കും. പ്രതിനിധി സമ്മേളനം നടക്കുന്ന കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ (കാമിലോട്ട്‌ കൺവൻഷൻ സെന്റർ) കിസാൻസഭ അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റ്‌ ഇ പി ജയരാജൻ ദീപശിഖ ഏറ്റുവാങ്ങും. തുടർന്ന്‌, പ്രതിനിധിസമ്മേളന നഗരിയിൽ കർഷകസംഘം സംസ്ഥാന പ്രസിഡന്റ്‌ എം വിജയകുമാർ പതാകയുയർത്തും. പ്രതിനിധിസമ്മേളനം അഖിലേന്ത്യാ കിസാൻസഭ ജനറൽസെക്രട്ടറി വിജൂ കൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്യും.

‘വളരുന്ന സമരങ്ങളും തുറന്നുകാട്ടപ്പെടുന്ന ഭരണകൂടവും’ എന്ന വിഷയത്തിൽ വൈകിട്ട്‌ നാലിന്‌ നടക്കുന്ന സെമിനാർ കിസാൻസഭ പ്രസിഡന്റ്‌ ഡോ. അശോക്‌ ധാവ്‌ളെ ഉദ്‌ഘാടനം ചെയ്യും. അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ പ്രസിഡന്റ്‌ എ വിജയരാഘവൻ മുഖ്യപ്രഭാഷണം നടത്തും. ശനിയാഴ്‌ച പ്രതിനിധി സമ്മേളനം തുടരും.


ഞായറാഴ്‌ച പുതിയ ഭാരവാഹികളെ സമ്മേളനം തെരഞ്ഞെടുക്കും. 20ന്‌ വൈകിട്ട്‌ മൂന്നിന്‌ അരലക്ഷം കർഷകർ അണിനിരക്കുന്ന റാലി നടക്കും. നാലിന്‌ വി എസ്‌ അച്യുതാനന്ദൻ നഗറിൽ (മഹേശ്വരി ഗ്ര‍ൗണ്ട്‌) ചേരുന്ന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ്‌ പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. സമ്മേളനത്തിനുശേഷം ‘മിസ’ നാടകം അരങ്ങേറും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home