ad
Deshabhimani

ദേശീയ വിദ്യാഭ്യാസ സൂചികയിൽ കേരളത്തിന് വൻ കുതിപ്പ്; 'പ്രചേസ്ത-2' പദവി കൈവരിച്ചു: മുൻ മന്ത്രി വി ശിവൻകുട്ടി

sivankutty

മുൻ മന്ത്രി വി ശിവൻകുട്ടി

വെബ് ഡെസ്ക്

Published on May 13, 2026, 08:57 AM | 1 min read

തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ദേശീയ പെർഫോമൻസ് ഗ്രേഡിംഗ് ഇൻഡക്സിൽ കേരളത്തിന് ഉജ്ജ്വല മുന്നേറ്റം. പൊതുവിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരവും പ്രകടനവും വിലയിരുത്തുന്ന സൂചികയിൽ കേരളം 'പ്രചേസ്ത-2' പദവിയിലേക്ക് ഉയർന്നതായി മുൻ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താക്കുറിപ്പിൽ അറിയിച്ചു.


2023-24 അധ്യയന വർഷത്തെ അപേക്ഷിച്ച് കേരളത്തിന്റെ സ്കോറിലും ഗ്രേഡിലും വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം കേരളത്തിന്റെ മൊത്തം സ്കോർ 594.2 ആയിരുന്നെങ്കിൽ ഇത്തവണ അത് 687.7 ആയി ഉയർന്നു. ചുരുങ്ങിയ കാലയളവിൽ 93.5 പോയിന്റിന്റെ റെക്കോർഡ് വർധനവാണ് സംസ്ഥാനം കൈവരിച്ചത്.


ഇതോടെ 'പ്രചേസ്ത-3' ഗ്രേഡിൽ നിന്നുമാണ് കേരളം 'പ്രചേസ്ത-2' പദവിയിലേക്ക് ഉയർന്നത്. പഠന നിലവാരം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിൽ സർക്കാർ നടത്തുന്ന കൃത്യമായ ഇടപെടലുകളും നിക്ഷേപവുമാണ് ഈ നേട്ടത്തിന് ആധാരമെന്ന് വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.


ചണ്ഡീഗഡ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങൾക്കൊപ്പമാണ് മികച്ച ഗ്രേഡിംഗുമായി കേരളം ദേശീയ തലത്തിൽ ഇടം പിടിച്ചിരിക്കുന്നത്. ദേശീയ പഠനനേട്ട സർവെയിൽ നേടിയ ഉയർന്ന സ്കോറും കേരളത്തിന് കരുത്തായി.


ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ പൊതുവിദ്യാഭ്യാസ രംഗത്ത് നടപ്പിലാക്കിയ ഗുണമേന്മാ വിദ്യാഭ്യാസ പരിപാടികളുടെ വിജയമാണ് ഈ അംഗീകാരമെന്നും വി ശിവൻകുട്ടി പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാതെ തന്നെ അവ നടപ്പിലാക്കിയ സംസ്ഥാനങ്ങളെക്കാൾ മികച്ച നേട്ടം കൈവരിക്കാൻ കേരളത്തിനായി എന്നത് ശ്രദ്ധേയമാണ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home