ദാരിദ്ര്യം കുറവ് കേരളത്തിൽ: സാമ്പത്തിക അവലോകന റിപ്പോർട്ട്


സ്വന്തം ലേഖകൻ
Published on Feb 10, 2025, 01:23 AM | 2 min read
തിരുവനന്തപുരം: രാജ്യത്ത് ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനമായി കേരളം. നിതി ആയോഗിന്റെ 2023ലെ ദേശീയ ബഹുമുഖ ദാരിദ്ര്യ സൂചിക (നാഷണൽ മൾട്ടി- ഡൈമൻഷണൽ പോവർട്ടി ഇൻഡക്സ്-) അവലോകന റിപ്പോർട്ട് പ്രകാരം കേരളത്തിലെ ബഹുമുഖ ദരിദ്രരുടെ എണ്ണം 0.55 ശതമാനമായി കുറഞ്ഞു.
2021ലെ നിതി ആയോഗിന്റെ പ്രഥമ ബഹുമുഖ ദാരിദ്ര്യ സൂചിക റിപ്പോർട്ടിൽ 0.71 ശതമാനമായിരുന്നു കേരളത്തിലെ ദാരിദ്ര്യനിരക്ക്. പിന്നിൽ ഗോവ (3.76 ശതമാനം) ആണ്. സിക്കിം (3.82 ശതമാനം), തമിഴ്നാട് (4.89 ശതമാനം), പഞ്ചാബ് (5.59 ശതമാനം) എന്നിവയാണ് തൊട്ടുപിന്നിലുള്ള സംസ്ഥാനങ്ങൾ.
ഭൂപരിഷ്കരണം, എല്ലാവർക്കും വിദ്യാഭ്യാസ –- ആരോഗ്യ സംരക്ഷണം, അധികാര വികേന്ദ്രീകരണം, സാമൂഹ്യ സുരക്ഷാ പദ്ധതി, പൊതുവിതരണ സമ്പ്രദായം, സ്ത്രീ ശാക്തീകരണം തുടങ്ങിയവ ദാരിദ്ര്യത്തോത് കുറയ്ക്കുന്നതിൽ പങ്ക് വഹിച്ചുവെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ടിൽ പറയുന്നു.
സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ദാരിദ്ര്യം അനുഭവിക്കുന്നവർ ഇപ്പോഴുമുണ്ട്. പട്ടികജാതി–-വർഗ വിഭാഗത്തിലുള്ളവർ, മത്സ്യത്തൊഴിലാളികൾ, മൺപാത്ര–-കരകൗശല തൊഴിലാളികൾ തുടങ്ങിയവർക്കിടയിലാണിത്. വിവിധ ക്ഷേമ പദ്ധതികളിലൂടെ ദാരിദ്ര്യം ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് സർക്കാർ.
44,539 കുടുംബത്തിന് മോചനം
അതിദാരിദ്ര്യ നിർമാർജന പ്രവർത്തനങ്ങളിലൂടെ സംസ്ഥാനത്ത് 44,539 കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽനിന്ന് മോചിപ്പിച്ചു. 1,032 തദ്ദേശസ്ഥാപനങ്ങളിലായി 64,006 കുടുംബങ്ങളെയാണ് അതിദരിദ്രരായി കണ്ടെത്തിയിരുന്നത്. നവംബർ ഒന്നോടെ സംസ്ഥാനത്ത് അതിദാരിദ്ര്യം സമ്പൂർണമായി തുടച്ചുനീക്കും.
അടിസ്ഥാന രേഖകൾപോലുമില്ലാതെ ബുദ്ധിമുട്ടിയവർക്ക് ‘അവകാശം അതിവേഗം’ യജ്ഞത്തിന്റെ ഭാഗമായി റേഷൻ കാർഡ്, ആധാർ കാർഡ്, തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് തുടങ്ങിയ രേഖകളും ആരോഗ്യ ഇൻഷുറൻസ്, സാമൂഹ്യ സുരക്ഷാ പെൻഷൻ എന്നിവയും സർക്കാർ ലഭ്യമാക്കി. കുടുംബശ്രീയുടെ ഉജ്ജീവനം പദ്ധതിയിലൂടെയും വിവിധ വകുപ്പുകളിലൂടെയും 3,155 കുടുംബങ്ങൾക്ക് ഉപജീവന മാർഗം കണ്ടെത്തി നൽകി.
മികച്ച ‘ആരോഗ്യം'
തിരുവനന്തപുരം: സംസ്ഥാനത്ത് 694 പൊതുജനാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറ്റി ആരോഗ്യവകുപ്പ്. 886 ആരോഗ്യ കേന്ദ്രങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാകുക. നിലവിൽ 78.32 ശതമാനം ആരോഗ്യകേന്ദ്രങ്ങളുടെയും പ്രവൃത്തി പൂർത്തിയായതായി സാമ്പത്തിക അവലോകന റിപ്പോർട്ടിൽ പറയുന്നു. 62 എണ്ണത്തിന്റെ പ്രവൃത്തി പുരോഗമിക്കുന്നു. 130 കേന്ദ്രങ്ങളിൽ നിർമാണം ആരംഭിച്ചിട്ടില്ല.
പൊതുജനാരോഗ്യ മേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പൊതുജനാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായാണ് അടിസ്ഥാനസൗകര്യ വികസനം നടപ്പാക്കിയത്. പുതിയ കെട്ടിടം, അധിക ജീവനക്കാർ, മരുന്ന് ലഭ്യത എന്നിവയെല്ലാം ഉറപ്പാക്കിയാണ് ഈ നവീകരണം. 75 സാമൂഹ്യാരോഗ്യകേന്ദ്രങ്ങളെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കിയും മാറ്റിയിട്ടുണ്ട്.
മെഡിക്കൽ കോളേജ് ഉൾപ്പെടെ ആരോഗ്യകേന്ദ്രങ്ങളിലെ ഒപി സംവിധാനങ്ങളിൽ കാര്യക്ഷമമായ മാറ്റം വന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.
വൈദ്യസഹായം എല്ലാവർക്കും
കൃത്യമായ വൈദ്യസഹായം ലഭിക്കുന്നതിൽ രാജ്യത്ത് മുൻപന്തിയിലാണ് കേരളം. വൈദ്യസഹായം ലഭിക്കാതെ മരിക്കുന്നവരുടെ കണക്ക് കേരളത്തിൽ ദേശീയ ശരാശരിയേക്കാൾ നാലിലൊന്ന് കുറവാണ്. കേരളത്തിൽ 80.70 ശതമാനംപേർക്ക് മരണപൂർവ ചികിത്സ ലഭിക്കുന്നു. ദേശീയനിരക്ക് 48.70 ശതമാനം മാത്രമാണെന്നും സാമ്പത്തിക അവലോകന റിപ്പോർട്ടിൽ പറയുന്നു.
കേരളത്തിലെ വനവിസ്‌തൃതി കൂടി
ഫോറസ്‌റ്റ് സർവേ ഓഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം കേരളത്തിലെ വനവിസ്‌തൃതി 0.52 ശതമാനം (109 ചതുരശ്രമീറ്റർ) കൂടിയതായി സാമ്പത്തിക അവലോകന റിപ്പോർട്ട്. 2019നും 2021നും ഇടയിലാണ് വർധന. വനസംരക്ഷണത്തിനുവേണ്ടി സംസ്ഥാന സർക്കാർ നടത്തിവരുന്ന നപടികളുടെ ഭാഗമായാണ് വനവിസ്‌തൃതി കൂടിയത്. വനങ്ങളിൽ താമസിക്കുന്ന ആദിവാസി – ഇതര കുടുംബങ്ങൾക്ക് സ്വമേധയാ പുനരധിവാസത്തിന് അവസരം നൽകുന്ന ‘നവകിരണം’ പദ്ധതിയുൾപ്പെടെ കേരളം നടപ്പാക്കി.
കേരളത്തിന്റെ വൃക്ഷാവരണം വർധിച്ചു. സാമൂഹിക വനവൽകരണം, നഗരവനവൽകരണം, കാവുകളുടെ സംരക്ഷണം, പൊതു ഇടങ്ങളിൽ വൃക്ഷങ്ങൾവച്ചുപിടിപ്പിക്കൽ, സ്വാഭാവിക വനസംരക്ഷണം തുടങ്ങി വനംവകുപ്പ് നടപ്പാക്കുന്ന പദ്ധതികളാണ് ഈ നേട്ടം കൈവരിക്കാൻ സഹായിച്ചത്. അതേസമയം, സംസ്ഥാനത്ത് ഭൂഗർഭ ജലത്തിന്റെ അളവ് കുറയുന്നതായി സാമ്പത്തിക അവലോകന റിപ്പോർട്ടിലെ വിലയിരുത്തൽ. കേരളത്തിലെ മൊത്തം വാർഷിക ഭൂഗർഭ ജലലഭ്യത കുറഞ്ഞതായും ഉപയോഗം വർധിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
2023ലെ ഡൈനാമിക് ഗ്രൗണ്ട് വാട്ടർ റിസോഴ്‌സ് അസസ്‌മെന്റ് റിപ്പോർട്ട് പ്രകാരം സംസ്ഥാനത്തെ മൊത്തം വാർഷിക ഭൂഗർഭജല റീചാർജിങ് 5.5 ബില്യൻ ക്യുബിക് മീറ്ററും വാർഷിക ഭൂഗർഭ ജലലഭ്യത അഞ്ച് ബില്യൺ ക്യുബിക് മീറ്ററുമാണ്. ഭൂഗർഭ ജല ഉപയോഗത്തിന്റെ നിലവിലെ തോത് 54.6 ശതമാനമാണ്. 2022 വരെയുള്ള കണക്കുമായി താരതമ്യപ്പെടുത്തുമ്പോൾ മൊത്തം വാർഷിക ഭൂഗർഭജല റീ ചാർജ് 5.7ൽനിന്ന് 5.5 ബില്യൺ ക്യുബിക് മീറ്ററായി കുറഞ്ഞു.









0 comments