ക്രമീകരണത്തിന് പുതിയ ഓഫീസുകൾ ആരംഭിക്കും , 3000 ചതുരശ്രയടിവരെയുള്ള ഒരു കെട്ടിടത്തിനും ഫീസ് അടയ്‌ക്കേണ്ടതില്ല , 95 ശതമാനം വീടുകൾക്കും ക്രമീകരണം വേണ്ടിവരില്ല
ഭൂപതിവ് നിയമ ഭേദഗതി ; ചട്ടങ്ങൾക്ക് അംഗീകാരം , വിജ്ഞാപനം ഉടൻ

തിരുവനന്തപുരം
മലയോര ജനതയുടെ ഭൂപ്രശ്‌നത്തിന് ശാശ്വത പരിഹാരമാകുന്ന ഭൂപതിവ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ചട്ടങ്ങൾക്ക് നിയമസഭാ സബ്‌ജക്ട് കമ്മിറ്റി അംഗീകാരം നൽകി. ഉടൻ വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അതോടെ ചട്ടം പ്രാബല്യത്തിൽ വരും.
പട്ടയഭൂമിയിലെ വകമാറ്റിയുള്ള വിനിയോഗം ക്രമീകരിക്കാനും പതിച്ചുനല്‍കിയ ആവശ്യങ്ങള്‍ക്കല്ലാതെ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനും വ്യവസ്ഥകളോടെ അനുമതി നല്‍കുന്നതാണിത്. ക്രമീകരിക്കുമ്പോൾ 3000 ചതുരശ്രയടിവരെയുള്ള ഒരു കെട്ടിടത്തിനും ഫീസ് അടയ്‌ക്കേണ്ടതില്ല. വിനോദസഞ്ചാര ആവശ്യങ്ങൾക്കുള്ള ഭൂമിയിലെ ക്രമീകരണത്തിന് ന്യായവിലയുടെ 10 ശതമാനം ഫീസ് ഒടുക്കണമെന്നത് അഞ്ചായി കുറച്ചു. സ്വകാര്യ ആശുപത്രികൾക്ക് 3000 ചതുരശ്രയടിവരെ പണം അടയ്‌ക്കേണ്ടതില്ല. 3000ത്തിന് മുകളിലാണെങ്കിൽ ന്യായവിലയുടെ 10 ശതമാനം അടച്ചാൽ മതി യാകും.
ഇവയ്‌ക്കുള്ള ക്രമീകരണത്തിനായി പുതിയ ഓഫീസ് ആരംഭിക്കും. പട്ടയ രേഖ കൈവശമില്ലെങ്കിൽ നിജസ്ഥിതി സർട്ടിഫിക്കറ്റ് മതിയാകും. ക്രമീകരണ സമയത്ത് പുതിയ വിഷയം ഉയർന്നുവന്നാൽ അത് ദൂരീകരിക്കാനുള്ള വ്യവസ്ഥയും ചട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൈമാറ്റംവഴി ലഭിച്ച ഭൂമി മുന്‍കൂര്‍ അനുമതിയോടെ വകമാറ്റി ഉപയോഗിക്കാനുള്ള ചട്ടം രൂപീകരിക്കാൻ നടപടി തുടങ്ങിയതായും മന്ത്രി അറിയിച്ചു.








0 comments