ഗവർണർമാരുടെ അധികാരം സംബന്ധിച്ചുള്ള സുപ്രീംകോടതിയുടെ വിധി ചരിത്രപരം : കെ എൻ ബാല​ഗോപാൽ

k n balagopal
വെബ് ഡെസ്ക്

Published on Apr 08, 2025, 03:26 PM | 1 min read

തിരുവനന്തപുരം: സംസ്ഥാന ഗവർണർമാരുടെ അധികാരം സംബന്ധിച്ചുള്ള ചരിത്രപരമായ വിധിയാണ് ഇന്ന് സുപ്രീംകോടതി പുറപ്പെടുവിച്ചതെന്ന് ധനമന്ത്രി കെ എൻ ബാല​ഗോപാൽ. തമിഴ്നാട് സർക്കാർ ഗവർണർക്ക് എതിരെ നൽകിയ ഹർജി പരിഗണിച്ച സുപ്രീം കോടതി സംസ്ഥാന സർക്കാരിൻ്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ വേണം ഗവർണർ പ്രവർത്തിക്കേണ്ടത് എന്ന് അസന്നിഗ്ദ്ധമായി വ്യക്തമാക്കിയിരിക്കുകയാണ്.


നിയമസഭ പാസാക്കിയ ബില്ലുകൾ തടഞ്ഞുവെക്കാൻ ഗവർണർക്ക് അധികാരമില്ലെന്നും ഭരണഘടന ഗവർണർക്ക് വീറ്റോ അധികാരം നൽകുന്നില്ലെന്നും നിയമസഭാ പാസാക്കുന്ന ബില്ലുകളിൽ മൂന്നുമാസത്തിനുള്ളിൽ ഗവർണർ തീരുമാനം കൈക്കൊള്ളണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.


അനിശ്ചിതകാലം ബില്ലുകളിൽ തീരുമാനമെടുക്കാതെ നീട്ടിവെക്കാനും നിയമസഭ രണ്ടാമതും പാസാക്കുന്ന ബില്ലുകൾ രാഷ്ട്രപതിക്ക് വിടാനും ഗവർണർക്ക് അധികാരമില്ലെന്നും അത്തരം ബില്ലുകളിൽ ഒരു മാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്നുമാണ് കോടതിയുടെ തീർപ്പ്. ഭരണഘടനയുടെ ആർട്ടിക്കിൾ 200 പ്രകാരം ഗവർണറുടെ വിവേചനാധികാരം എന്നൊന്നില്ല എന്നും ആർട്ടിക്കിൾ 200 ൽ അനുശാസിക്കുന്ന നടപടികളിലൊന്ന് ഗവർണർ സ്വീകരിച്ചേ മതിയാകൂ എന്നും സുപ്രീം കോടതി വ്യക്തമാക്കി.


സംസ്ഥാന സർക്കാരുകളുടെ അധികാരങ്ങൾക്കുമേൽ ഗവർണർമാരെ ഉപയോഗപ്പെടുത്തി കേന്ദ്രസർക്കാർ നടത്തുന്ന കടന്നുകയറ്റങ്ങൾക്കെതിരെയുള്ള ശക്തമായ തിരിച്ചടിയാണ് സുപ്രീംകോടതി വിധി. ഇന്ത്യൻ ഭരണഘടനയുടെ ശക്തിയും ചൈതന്യവും ഉയർത്തിപ്പിടിക്കുന്ന ഈ വിധി രാജ്യത്തിന്റെ ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. കേരള സർക്കാരും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും വർഷങ്ങളായി സ്വീകരിച്ച നിലപാടുകൾ ശരിയാണ് എന്ന് തെളിയിക്കുന്നതാണ് സുപ്രീംകോടതിയുടെ വിധിയെന്നും മന്ത്രി കെ എൻ ബാല​ഗോപാൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home