Deshabhimani

മലയോര ഹൈവേ: മലമേലെ വഴി വെട്ടി മുന്നോട്ട്‌

hill-highway
avatar
എസ് കിരൺബാബു

Published on Feb 16, 2025, 12:41 AM | 1 min read

തിരുവനന്തപുരം: മലയാളക്കരയുടെ സ്വന്തം മലയോര ഹൈവേയുടെ ആദ്യഘട്ടം പൂർത്തിയാകുന്നു. ജനകീയ പങ്കാളിത്തത്തോടെ നിർമിച്ച ഈ പാത രാജ്യത്തിന് തന്നെ അഭിമാനമാണ്. ഒരു സംസ്ഥാനം ഈതാദ്യമായാണ് പൂർണമായും മലയോരത്തുകൂടി കടന്നുപോകുന്ന ബൃഹത് പാത നിർമിക്കുന്നത്. കാസർകോട് ജില്ലയിലെ നന്ദാരപ്പടവിൽ ആരംഭിച്ച്‌ തിരുവനന്തപുരം ജില്ലയിലെ പാറശ്ശാലയിൽ അവസാനിക്കുന്ന പാതയ്ക്ക് ആകെ 793.68 കിലോമീറ്ററാണ് നീളം. വികസനസാധ്യതങ്ങൾ തിരിച്ചറിഞ്ഞ ജനങ്ങൾ സൗജന്യമായാണ് ഭൂമി വിട്ടുനൽകിയത്.


250 കിലോമീറ്റർ പാതയാണ് ഇതിനോടകം പൂർത്തിയായത്. 2026 ഫെബ്രുവരിയിൽ 200 കിലോ മീറ്റർ കൂടി പൂർത്തിയാകുന്നതോടെ സംസ്ഥാനത്ത് വൻ വികസനക്കുതിപ്പുണ്ടാകും. 3500 കോടി രൂപയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഉന്നതനിലവാരത്തിലാണ് നിർമാണം. ഇതുവരെ 1288 കോടി രൂപ നിർമാണത്തിലായി ചെലവായി. സംസ്ഥാന സർക്കാരിന്റെ ഈ വമ്പൻ പദ്ധതിക്കായി ചിട്ടയായ പ്രവർത്തനമാണ് പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്നത്. വിവിധ വകുപ്പുകളെയും ജനപ്രതിനിധികളെയും ഏകോപിപ്പിച്ച് ഓരോ റീച്ചിലും പ്രവൃത്തി മുന്നോട്ട് കൊണ്ടു പോകുന്നതിന് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ പതിവായി യോ​ഗം ചേരുന്നുണ്ട്.


വകുപ്പ് തലത്തിൽ ആഴ്ച്ചയിൽ ഒരു ദിവസം മലയോര ഹൈവേ പ്രവൃത്തി വിലയിരുത്തുകയും പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നുമുണ്ട്. മുഖ്യമന്ത്രി തലത്തിലും മന്ത്രി തലത്തിലും കൃത്യമായ ഇടവേളകളിൽ പ്രവർത്തി പരിശോധിക്കും. ഓരോ പ്രവർത്തിക്കും സമയക്രമം നിശ്ചയിച്ചാണ് മുന്നോട്ട് പോകുന്നത്. 12 മീറ്റർ വീതിയിൽ രണ്ടുവരിയായി നിർമിക്കുന്ന മലയോര പാതയിൽ മെച്ചപ്പെട്ട റോഡ് പ്രതലവും മാർക്കിങ്ങുകളും അടിസ്ഥാന സുരക്ഷാസംവിധാനങ്ങളും ഉണ്ടാകും. റോഡിന്റെ അടിത്തറ ശക്തിപ്പെടുത്തി കൂടുതൽ കാലം നിലനിൽക്കുന്ന ഫുൾ ഡെപ്ത് റെക്ലമേഷൻ (എഫ്ഡിആർ) ഉൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യകൾ മലയോര പാതയുടെ നിർമാണത്തിൽ ഉപയോഗിച്ചിട്ടുണ്ട്.



deshabhimani section

Related News

0 comments
Sort by

Home