യുഡിഎഫ് മലയോരജാഥ എൽഡിഎഫ് വികസനപാതയിലൂടെ ; 250 കി.മീ മലയോര ഹൈവേ ഡിസംബറിൽ പൂർത്തിയാകും

എസ് കിരൺബാബു
Published on Jan 28, 2025, 02:11 AM | 1 min read
തിരുവനന്തപുരം : മലയോരത്തിന്റെ വികസന സ്വപ്നങ്ങൾക്ക് വഴിവെട്ടുന്ന എൽഡിഎഫ് സർക്കാരിന്റെ അഭിമാനപദ്ധതിയായ മലയോര ഹൈവേ നിർമാണം സംസ്ഥാനത്ത് അതിവേഗം പുരോഗമിക്കുന്നു. 157.88 കിലോമീറ്റർ റോഡിന്റെ പ്രവൃത്തി പൂർത്തിയായി. 250 കിലോമീറ്റർ ഡിസംബറോടെ പൂർത്തിയാകും.
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നടത്തുന്ന മലയോര സമര യാത്ര പലജില്ലകളിലും, സംസ്ഥാന സർക്കാരിന്റെ ഈ വികസനപാതയിലൂടെയാണ് കടന്നുപോകുന്നത്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് കെആർഎഫ്ബി മുഖേന ബിഎം ബിസി നിലവാരത്തിൽ ആകെ 793.68 കി.മീ നീളത്തിലാണ് പാത നിർമിക്കുന്നത്. പ്രവൃത്തികൾക്കായി ഇതുവരെ 3593 കോടി രൂപയുടെ സാമ്പത്തികാനുമതി കിഫ്ബിയിൽനിന്നും അനുവദിച്ചു. ഇതിൽ 1288 കോടിയുടെ പ്രവൃത്തികളാണ് പൂർത്തിയായത്.
ആലപ്പുഴ ഒഴികെ 13 ജില്ലയിലൂടെയാണ് ഹൈവേ കടന്നുപോകുന്നത്. കാസർകോട് നന്ദാരപ്പദവ് നിന്ന് തുടങ്ങി തിരുവനന്തപുരം പാറശാലയിൽ അവസാനിക്കും. മൂന്നരവർഷത്തിനിടെ മലയോരമേഖലയിൽ ഉൾപ്പെടെ സംസ്ഥാനത്തെ 60 ശതമാനം റോഡും ബിഎം- ബിസി നിലവാരത്തിലേക്ക് ഉയർത്തി.
2021 ൽ രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വരുമ്പോൾ അഞ്ച് വർഷംകൊണ്ട് പൊതുമരാമത്ത് വകുപ്പിന്റെ 50 ശതമാനം റോഡും ബി എം ബി സി റോഡാക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. ബി എം ബി സി റോഡാണ് രാജ്യത്ത് ഏറ്റവും ഉയർന്ന ഗുണനിലവാരം ഉറപ്പുവരുത്തുന്ന നിർമാണ രീതി. ഒരു കിലോമീറ്ററിന് 50 ലക്ഷം രൂപ അധികം ചെലവാണ്.








0 comments