കരുവന്നൂരിൽ സിബിഐ അന്വേഷണം വേണ്ട : ഹെെക്കോടതി

കൊച്ചി
കരുവന്നൂർ സഹകരണ ബാങ്ക് കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹെെക്കോടതി. വിചാരണ കോടതിയിലെ നടപടി പുരോഗമിക്കുന്ന സാഹചര്യത്തിൽ മറ്റൊരു അന്വേഷണം ആവശ്യമില്ലെന്നും യഥാർഥ പ്രതികളെ നിയമത്തിന് മുന്നിലെത്തിക്കുകയാണ് വേണ്ടതെന്നും ഹർജി പരിഗണിച്ച ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണൻ വ്യക്തമാക്കി.
ബാങ്കിൽ നടന്നെന്ന് ആരോപിക്കുന്ന 100കോടിയുടെ തട്ടിപ്പ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ജീവനക്കാരൻ പൊറത്തിശേരി സ്വദേശി എം വി സുരേഷ് നൽകിയ ഹർജി തള്ളിയാണ് ഉത്തരവ്. കേസിൽ ക്രൈംബ്രാഞ്ചിന്റെ അന്വേഷണം അവസാനഘട്ടത്തിലാണ്.
യഥാർഥ കുറ്റവാളികളെ ഹാജരാക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യമായതെല്ലാം ചെയ്യുമെന്ന് കോടതി വിശ്വസിക്കുന്നുവെന്നും ഉത്തരവിൽ പറഞ്ഞു. നിലവിൽ ബാങ്കുമായി ബന്ധപ്പെട്ട് ഒരു പ്രധാനകേസും 21 മറ്റു കേസുകളും നിലവിലുണ്ടെന്ന് സർക്കാർ അറിയിച്ചു. പ്രധാന കേസിൽ രണ്ട് ഉപ കുറ്റപത്രങ്ങൾ ഫയൽ ചെയ്തിട്ടുണ്ട്. മറ്റ് 21 കേസുകളിൽ 10 എണ്ണത്തിലും കുറ്റപത്രം സമർപ്പിച്ചു.
ബാക്കി 11 കേസുകളിൽ അന്വേഷണം ഏതാണ്ട് പൂർത്തിയായെന്നും ചില രേഖകൾ സംബന്ധിച്ച ഫോറൻസിക് റിപ്പോർട്ടുകൾക്കായി അന്വേഷണ ഉദ്യോഗസ്ഥൻ കാത്തിരിക്കുകയാണെന്നും പബ്ലിക് പ്രോസിക്യൂട്ടർ പി നാരായണൻ അറിയിച്ചു. തുടർന്ന് അന്തിമ റിപ്പോർട്ട് വിചാരണ കോടതികളുടെ പരിഗണനയിലായതിനാൽ ഹർജിക്കാരന് ആവശ്യമെങ്കിൽ ആ കോടതികളെ സമീപിക്കാമെന്നും നിർദേശിച്ചു.








0 comments