പഴയ ബാങ്ക് അക്കൗണ്ടുകളിലെ പണം അവകാശികള്‍ക്ക് തിരിച്ചെടുക്കാം; റിസര്‍വ് ബാങ്ക് നടപടി തുടങ്ങി

Reserve bank of India.jpg
വെബ് ഡെസ്ക്

Published on Oct 03, 2025, 10:47 PM | 1 min read

കൊച്ചി: ഉടമകള്‍ മരിച്ചോ, മറന്നുപോയോ പഴയ ബാങ്ക് അക്കൗണ്ടുകളില്‍ പിൻവലിക്കാതെ കിടക്കുന്ന പണം അവകാശികള്‍ക്ക്‌ കൈമാറാന്‍ റിസര്‍വ് ബാങ്ക് നടപടി തുടങ്ങി. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ പരമാവധിപേര്‍ക്ക് തുക തിരിച്ചുകൊടുക്കണമെന്നാണ് ബാങ്കുകളോട് നിര്‍ദേശിച്ചിരിക്കുന്നത്. ഇതിനായി ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ എല്ലാ ജില്ലകളിലും ബാങ്കുകൾ ക്യാമ്പുകള്‍ സംഘടിപ്പിക്കണം. "നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം’ എന്ന പേരില്‍ മൂന്നുമാസത്തെ പ്രചാരണ പരിപാടിയും റിസര്‍വ് ബാങ്ക് ആരംഭിച്ചു.


രണ്ടുമുതല്‍ പത്തുവര്‍ഷംവരെ ഉപയോഗിക്കാത്ത സേവിങ്സ്, കറന്റ് അക്കൗണ്ടുകളിലെ പണം, കാലാവധി കഴിഞ്ഞ് പത്തുവര്‍ഷമായിട്ടും പിന്‍വലിക്കാത്ത സ്ഥിരനിക്ഷേപം എന്നിവയാണ് അവകാശികളില്ലാത്ത നിക്ഷേപമായി റിസര്‍വ് ബാങ്ക് കണക്കാക്കുന്നത്. ജൂണിലെ കണക്കുപ്രകാരം 67,003 കോടി രൂപയാണ് ഇത്തരത്തിൽ വിവിധ ബാങ്കുകളിലായുള്ളത്. ഇതില്‍ 58,330 കോടി പൊതുമേഖലാ ബാങ്കുകളിലാണ്.


വിവിധ ബാങ്കുകളിലായി പല അക്കൗണ്ടുകളും സ്ഥിരനിക്ഷേപങ്ങളുമുള്ളവര്‍ ചിലത് ഉപയോഗിക്കാതിരിക്കുകയോ മറന്നുപോകുകയോ ചെയ്യുന്നത്, നോമിനി ഇല്ലാതെ മരിച്ചവരുടെ നിക്ഷേപത്തിന്‌ അവകാശമുന്നയിക്കാതിരിക്കൽ, താമസം–ജോലി മാറ്റം, വിദേശത്തേക്ക് കുടിയേറൽ എന്നിവയിലൂടെ ഉപേക്ഷിക്കുകയോ വിലാസം പുതുക്കാതിരിക്കുയോ ചെയ്യല്‍ തുടങ്ങിയ വിവിധ കാരണങ്ങളാലാണ്‌ അവകാശികളില്ലാത്ത നിക്ഷേപം പെരുകിയത്.


ബാങ്കുകള്‍ ഈ തുക റിസര്‍വ് ബാങ്കിലേക്ക്‌ മാറ്റുകയാണ് (ഡിഇഎ ഫണ്ട്‌) ചെയ്യുക. എന്നാല്‍, ബാങ്കിനെ സമീപിച്ച് ഉടമയ്‌ക്കോ നിയമപരമായ അവകാശിക്കോ ഇത് വീണ്ടെടുക്കാം. അവകാശം ഉന്നയിക്കാത്ത നിക്ഷേപങ്ങൾ എളുപ്പത്തില്‍ കണ്ടെത്തുന്നതിന് 30 ബാങ്കുകളെ ഉള്‍പ്പെടുത്തിയ ‘ഉദ്ഗം’ (യുഡിജിഎഎം)’ പോർട്ടലും (https://udgam.rbi.org.in) സജ്ജമാക്കിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home