ധനരാജ് വധക്കേസ്: കൊലക്കുറ്റം തെളിഞ്ഞു, മൂന്ന് ആർഎസ്എസ് പ്രവർത്തകർ കുറ്റക്കാർ

തളിപ്പറമ്പ്: പയ്യന്നൂരിലെ സിപിഐ എം നേതാവ് സി വി ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ ആർഎസ്എസ് ക്രിമിനലുകളില്‍ മൂന്ന് പ്രതികൾ കുറ്റക്കാരെന്ന് കോടതി. ഒന്നുമുതൽ മൂന്നുവരെ പ്രതികളായ ടി പി ബിജു, എം വിപിൻ, എം വൈശാഖ് എന്നിവർക്കെതിരെയാണ് കൊലക്കുറ്റം തെളിഞ്ഞത്. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. പത്ത് വർഷത്തോളം നീണ്ട നിയമനടപടികൾക്കൊടുവിലാണ് കേസിൽ വിധിയുണ്ടായത്.
ഡിവൈഎഫ്ഐ നേതാവും സിപിഐ എം ഏഴിമല ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന കുന്നരു കാരന്താട്ടെ സി വി ധനരാജിനെ 2016 ജൂലൈ 11ന് രാത്രിയാണ് ബിജെപി–ആർഎസ്എസ് ക്രിമിനൽ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ പിന്തുടർന്നെത്തിയ സംഘം വീടിന് സമീപത്തുവച്ച് മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. അമ്മയുടെയും ഭാര്യയുടെയും മകന്റെയും കൺമുന്നിലായിരുന്നു ക്രൂരമായ ആക്രമണം. ഗുരുതരമായി പരിക്കേറ്റ ധനരാജിനെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കേസിൽ ആകെ 20 പ്രതികളാണുണ്ടായിരുന്നത്. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് ജഡ്ജി കെ എൻ പ്രശാന്താണ് കേസിൽ വിധി പറഞ്ഞത്. 2025 സെപ്തംബറിലാണ് വിചാരണ ആരംഭിച്ചത്. കേസിലെ ഒന്നാംസാക്ഷിയും പരാതിക്കാരനുമായ പി വി പ്രജീഷ് ഉൾപ്പെടെയുള്ളവരെ കോടതി വിസ്തരിച്ചു. ധനരാജിനെ ആക്രമിച്ച സംഭവവും പരിക്കുകളോടെ കണ്ടെത്തിയതും ആശുപത്രിയിലെത്തിച്ചതുമെല്ലാം പ്രജീഷ് കോടതിയിൽ വിവരിച്ചിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച കത്തി, അരിവാൾ ഉൾപ്പെടെയുള്ള ആയുധങ്ങളും ധനരാജ് ധരിച്ചിരുന്ന വസ്ത്രങ്ങളും ഒന്നാംസാക്ഷി കോടതിയിൽ തിരിച്ചറിഞ്ഞു.
ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്‌പിയായിരുന്ന വി മധുസൂദനനായിരുന്നു കേസിന്റെ അന്വേഷണച്ചുമതല. ഹൈക്കോടതി അഭിഭാഷകൻ സി കെ ശ്രീധരൻ സ്പെഷ്യൽ പ്രോസിക്യൂട്ടറായി ഹാജരായി.









0 comments