print edition പൊതുവിദ്യാലയങ്ങൾ ഹൈ ക്ലാസ്: എൽഡിഎഫ് സർക്കാർ ചെലവഴിച്ചത് 5,000 കോടിയിലധികം

മുണ്ടേരി ഗവ. എച്ച്എസ്എസിലെ പുതിയ കെട്ടിടത്തിന് മുന്നിൽ കുട്ടികൾ / ഫോട്ടോ: പി ദിലീപ് കുമാർ

ബിജോ ടോമി
Published on Nov 20, 2025, 03:00 AM | 2 min read
തിരുവനന്തപുരം: ചോർന്നൊലിച്ച ക്ലാസ് മുറികൾ, പാഠപുസ്‌തകമില്ലാത്ത കുട്ടികൾ, വിൽക്കാൻ വച്ച പൊതുവിദ്യാലയങ്ങൾ, പരീക്ഷ നടത്താൻ വൈകിയതെന്താണെന്ന് ചോദിച്ചപ്പോൾ, ഓണം നേരത്തെ വന്നതുകൊണ്ടാണെന്ന് മറുപടി പറഞ്ഞ വിദ്യാഭ്യാസമന്ത്രി 2011 – 16 വരെ യുഡിഎഫ് ഭരണകാലത്ത് കേരളത്തിന്റെ പൊതുവിദ്യാഭ്യാസത്തിന്റെ അവസ്ഥയായിരുന്നിത്. എന്നാൽ ഇന്ന് അതെല്ലാം മാറി. വൈറ്റ് ബോർഡും മാർക്കറും ഡിജിറ്റൽ സ്‌ക്രീനുമുള്ള ക്ലാസ് മുറികൾ. അത്യാധുനിക സൗകര്യമുള്ള ബഹുനില മന്ദിരങ്ങൾ. ടൈൽവിരിച്ച മുറ്റം, എസി മുറികൾ, ലിഫ്‌റ്റ്... എൽഡിഎഫ് സർക്കാരിന്റെ കരുതലിൽ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ എങ്ങനെ മാറിയെന്നതിന്റെ നേർക്കാഴ്‌ചകളാണിത്. പൊതുവിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യവികസനത്തിനായി ഒമ്പതര വർഷത്തിനിടെ 5,000 കോടിയിലധികം രൂപയാണ് എൽഡിഎഫ് സർക്കാർ ചെലവഴിച്ചത്. കിഫ്‌ബി വഴി 973 പുതിയ സ്‌കൂൾ കെട്ടിടങ്ങൾക്ക് 2,598 കോടി അനുവദിച്ചു.
141 സ്‌കൂളിന് അഞ്ചു കോടി വീതവും 386 സ്‌കൂളിന് മൂന്നുകോടി വീതവും 446 സ്‌കൂളിനു ഒരുകോടി വീതവുമാണ് അനുവദിച്ചത്. ഇതിൽ 600 സ്‌കൂൾ കെട്ടിടങ്ങളുടെ നിർമാണം പൂർത്തിയായി. ശേഷിക്കുന്നവയുടെ നിർമാണം വിവിധ ഘട്ടങ്ങളിലാണ്. ഫിഷറീസ് വകുപ്പിലൂടെ മത്സ്യത്തൊഴിലാളികളുടെ കുട്ടികൾ പഠിക്കുന്ന 57 സ്‌കൂളുകൾക്ക് 66 കോടി ലഭ്യമാക്കി.
കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിനിടെയും എസ്‌എസ്‌കെയിൽ വർണക്കൂടാരം പദ്ധതിക്കായി 151.6 കോടി നൽകി. 1516 വിദ്യാലയങ്ങളിൽ വർണക്കൂടാരം അനുവദിച്ചു. 1268 ഇടത്ത് പൂർത്തിയായി. സർക്കാർ, എയ്ഡഡ് സ്‌കൂളുകൾ ഹൈടെക്കാക്കുന്നതിന് 682.06 കോടി ചെലവഴിച്ചു. 16,027 സ്‌കൂളുകൾക്ക് 3.74 ലക്ഷം രൂപയുടെ ഡിജിറ്റൽ ഉപകരണങ്ങൾ നൽകി. 4,752 സെക്കൻഡറി, -ഹയർ സെക്കൻഡറി സ്‌കൂളുകളിലെ 55,000 ക്ലാസ്‌മുറികൾ ഹൈടെക്കാക്കി. 11,275 പ്രൈമറി വിഭാഗം സ്‌കൂളുകളിൽ ഹൈടെക് ലാബ് വന്നു.

കേരളം പഠിപ്പിക്കുന്നു ഗാന്ധിഘാതകൻ ഗോഡ്‌സേ
ഗാന്ധി ഘാതകൻ ആരാണ്?. രാജ്യത്തെ പല സംസ്ഥാനങ്ങളിലെ പാഠപുസ്‌തകത്തിലും ഇത്തരമൊരു ചോദ്യമോ പാഠ്യഭാഗമോ ഇല്ല. എന്നാൽ മഹാത്‌മാഗാന്ധിയെ കൊന്നതാണെന്നും അത് ഹിന്ദുമത ഭ്രാന്തനായ നാഥുറാം വിനായക് ഗോഡ്‌സേയാണെന്നും കേരളത്തിൽ ഇന്നും പഠിപ്പിക്കുന്നുണ്ട്.
ബിജെപി ഭരിക്കുന്ന ഗുജറാത്തിലെയും യുപിയിലെയും മാത്രമല്ല, കോൺഗ്രസ് ഭരിക്കുന്ന കർണാടക, തെലങ്കാന, ഹിമാചൽ എന്നീ സംസ്ഥാനങ്ങളിലെ പാഠപുസ്‌തകവും ഇതെക്കുറിച്ച് മൗനം പാലിക്കുകയാണ്.
കേന്ദ്രത്തിലെ അജൻഡക്കനുസരിച്ചാണ് ഇവിടെയെല്ലാം കുട്ടികളെ പഠിപ്പിക്കുന്നത്. എന്നാൽ കേരളം വിദ്യാഭ്യാസരംഗത്തും ബദലുയർത്തിയാണ് വ്യത്യസ്‌തമാകുന്നത്. മതനിരപേക്ഷത, സാമ്രാജ്യത്വവിരോധം, വർഗീയവിരുദ്ധത ഇവ അടിസ്ഥാനനയമാക്കി സ്വന്തം പാഠപുസ്‌തകവും കേരളം തയ്യാറാക്കി. മുഗളന്മാരുടെ ഭരണത്തിനും ചരിത്രത്തിനും കേന്ദ്രം കത്രികവച്ചപ്പോൾ അവ ഉൾപെടുത്താൻ ഒരുനിമിഷം കേരളം വൈകിയില്ല.
ദേശീയ വിദ്യാഭ്യാസനയത്തിന്റെ മറവിൽ കേന്ദ്രം വർഗീയ അജൻഡയുമായി വന്നപ്പോൾ പാഠപുസ്‌തകം തയ്യാറാക്കാനുള്ള അധികാരം എസ്‌സിഇആർടിക്ക് നൽകി കേരളം പ്രതിരോധിച്ചു. ഗാന്ധി രക്തസാക്ഷിയാണെന്ന പാഠഭാഗം നിലനിർത്തിയത് അങ്ങനെയാണ്. എൻസിഇആർടി പ്ലസ് വൺ, പ്ലസ് ടു പാഠപുസ്‌തകങ്ങളിൽ നിന്ന് മതനിരപേക്ഷത ജനാധിപത്യം ആശയങ്ങളെല്ലാം ഒഴിവാക്കിയപ്പോൾ കേരളം അതും ഉൾപ്പെടുത്തി.












0 comments