ജിസിഡിഎ ഭൂമി കുംഭകോണം: മുൻ ചെയർമാൻ എൻ വേണുഗോപാലിനെ വിചാരണ ചെയ്യും

കൊച്ചി : ജിസിഡിഎ ഭൂമി കുംഭകോണ കേസിൽ മുൻ ചെയർമാനും കെപിസിസി ജനറൽ സെക്രട്ടറിയുമായിരുന്ന എൻ വേണുഗോപാൽ അടക്കം മൂന്നുപേരെ വിചാരണ ചെയ്യാൻ സംസ്ഥാന സർക്കാരിന്റെ അനുമതി. സ്വകാര്യ വ്യക്തികളുമായി ഗൂഢാലോചന നടത്തി ജിസിഡിഎ ഭൂമി നിസ്സാരവിലയ്‌ക്ക് കൈമാറിയെന്നാണ് കേസ്. ഇതിലൂടെ ജിസിഡിഎക്ക് 9.68 കോടി രൂപ നഷ്ടമുണ്ടാക്കിയെന്നാണ് ആക്ഷേപം.
ജിസിഡിഎ സെക്രട്ടറിയായിരുന്ന കൊല്ലം സ്വദേശി ആർ ലാലു, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്ന തോപ്പുംപടി ചുള്ളിക്കൽ സ്വദേശി അക്ബർ ബാദുഷ എന്നിവരാണ് മറ്റു പ്രതികൾ.
എൻ വേണുഗോപാൽ ജിസിഡിഎ ചെയർമാനായിരുന്ന 2013–15 കാലത്തെ ഭൂമി ഇടപാടുകളാണ് വിജിലൻസ് പരിശോധിച്ചത്. എളംകുളം വില്ലേജിലെ 45.83 സെന്റ് ഭൂമി ഇവർ റിയൽ എസ്റ്റേറ്റ് കമ്പനിക്ക് മറിച്ചുകൊടുത്തെന്നാണ് വിജിലൻസ് കണ്ടെത്തൽ.
ഇതിൽ ജിസിഡിഎക്ക് 1.20 കോടിയുടെ നഷ്ടമുണ്ടായി.
സമാനരീതിയിൽ എറണാകുളം വില്ലേജിലെ മൂന്നിടങ്ങളിലായി 20 സെന്റ് വീതമുള്ള 60 സെന്റ് സ്ഥലം വിൽപ്പന നടത്തിയപ്പോൾ 5.21 കോടി, 1.35 കോടി, 1.92 കോടി രൂപവീതവും നഷ്ടമുണ്ടാക്കിയെന്ന് കണ്ടെത്തി.
ചില വ്യക്തികളുമായി ഗൂഢാലോചന നടത്തിയാണ് ജിസിഡിഎ ഭൂമി നിസ്സാരവിലയ്ക്ക് കൈമാറിയതെന്നും അതിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നുമായിരുന്നു വിജിലൻസ് റിപ്പോർട്ട്. മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ചാണ് എൻ വേണുഗോപാലിനെ ഉൾപ്പെടെ മൂന്നുപേരെ വിചാരണ ചെയ്യാൻ സർക്കാർ അനുമതി നൽകിയത്.








0 comments