print edition കർഷകസംഘം സംസ്ഥാന സമ്മേളനം ; സെമിനാറുകൾ ഇന്ന് തുടങ്ങും


സ്വന്തം ലേഖകൻ
Published on Sep 04, 2026, 01:31 AM | 1 min read
ആലപ്പുഴ : കർഷകസംഘം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള സെമിനാറുകൾ വെള്ളിയാഴ്‌ച തുടങ്ങും. ഡോ. എം എസ് സ്വാമിനാഥൻ നഗറിൽ (മാന്പുഴക്കരി സത്യവ്രത എസ്‌എൻഡിപി ഹാൾ) വൈകിട്ട് മൂന്നിനാണ് ‘കാലാവസ്ഥാ വ്യതിയാനവും കുട്ടനാടിന്റെ അതിജീവനവും’ എന്ന വിഷയത്തിലെ സെമിനാർ. അഖിലേന്ത്യ കിസാൻ സഭ വൈസ് പ്രസിഡന്റ് ഇ പി ജയരാജൻ ഉദ്‌ഘാടനം ചെയ്യും. കെ പ്രസാദ് അധ്യക്ഷനാകും. ഡോ. കെ ജി പത്‌മകുമാർ വിഷയം അവതരിപ്പിക്കും.
ആറ് പ്രധാന സെമിനാറുകളാണ് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. ഞായറാഴ്‌ച പകൽ മൂന്നിന് ‘വർത്തമാനകാലത്തെ മാധ്യമ പ്രവർത്തനം’ എന്ന വിഷയത്തിൽ ചേർത്തലയിൽ സെമിനാർ ദേശാഭിമാനി റസിഡന്റ് എഡിറ്റർ എം സ്വരാജ് ഉദ്‌ഘാടനം ചെയ്യും. മാധ്യമപ്രവർത്തകൻ എം വി നികേഷ്‌കുമാർ വിഷയം അവതരിപ്പിക്കും.
10 ന് പകൽ മൂന്നിന് ‘സമകാലീന ഇന്ത്യ–കേരളം. മതേതരത്വം നേരിടുന്ന വെല്ലുവിളി’ എന്ന വിഷയത്തിൽ അരൂർ പൊന്നാംവെളിയിലെ സെമിനാർ സിപിഐ എം സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്യും. സിപിഐ നേതാവ് മുല്ലക്കര രത്‌നാകരൻ മുഖ്യപ്രഭാഷണം നടത്തും. അന്ന് പകൽ മൂന്നിന് ആലപ്പുഴയിൽ ‘കാർഷിക മേഖലയും തദ്ദേശ–സഹകരണ മേഖലകളും’ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ സജി ചെറിയാൻ എംഎൽഎ ഉദ്‌ഘാടനം ചെയ്യും. എച്ച് സലാം വിഷയം അവതരിപ്പിക്കും.
11 ന് പകൽ മൂന്നിന് കായംകുളത്തും മാവേലിക്കരയിലുമായി രണ്ട് സെമിനാറുകൾ നടക്കും. കായംകുളം എസ്‌എൻഡിപി ഹാളിൽ ‘കാർഷിക മേഖലയിലെ ആധുനികവൽക്കരണം’ എന്ന വിഷയത്തിലെ സെമിനാർ ഡോ. ടി എം തോമസ് ഐസക് ഉദ്‌ഘാടനം ചെയ്യും. കെ എച്ച് ബാബുജാൻ അധ്യക്ഷനാകും. മാവേലിക്കരയിൽ ‘സ്വതന്ത്ര വ്യാപാരക്കരാറുകളും കാർഷികമേഖലയും’ എന്ന വിഷയത്തിലെ സെമിനാർ കെ എൻ ബാലഗോപാൽ ഉദ്‌ഘാടനം ചെയ്യും. ജി ഹരിശങ്കർ അധ്യക്ഷനാകും.










0 comments