വ്യാജതിരിച്ചറിയൽ കാർഡ് : രാഹുൽ മാങ്കൂട്ടത്തിലിന് ക്രൈംബ്രാഞ്ച് നോട്ടീസ്

Rahul Mamkootathil
വെബ് ഡെസ്ക്

Published on Aug 27, 2025, 11:51 AM | 1 min read

തിരുവനന്തപുരം : ​യൂത്ത്‌ കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റാകാൻ രാഹുൽ മാങ്കൂട്ടത്തിലും സംഘവും വ്യാജ ഐഡി കാർഡുകളുണ്ടാക്കി സംഘടനാ തെരഞ്ഞെടുപ്പ്‌ അട്ടിമറിച്ച കേസിൽ രാഹുലിന് ക്രൈംബ്രാഞ്ച് നോട്ടീസ്. ശനിയാഴ്ച ചോദ്യം ചെയ്യാൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. തിരുവനന്തപുരം യൂണിറ്റിന്റെ നേതൃത്വത്തിലുള്ള അന്വേഷണം അന്തിമഘട്ടത്തിലാണ്.


വ്യാജരേഖ ചമയ്‌ക്കലും വഞ്ചനാക്കുറ്റവും ക്രിമിനൽ ഗൂഢാലോചനയും വ്യാജ ഇലക്‌ട്രോണിക്‌ രേഖയുണ്ടാക്കലുമടക്കം ഗുരുതര കുറ്റകൃത്യങ്ങളാണ് പ്രതികൾ നടത്തിയതെന്ന് അന്വേഷക സംഘം വ്യക്തമാക്കിയിരുന്നു. യൂത്ത് കോൺഗ്രസ് നേതാക്കളും രാഹുലിന്റെ അടുത്ത സുഹൃത്തുക്കളുമായ അഭിനന്ദ്‌ വിക്രമൻ, രഞ്ജു, ഫെനി നൈനാന്‍, ബിനില്‍ ബിനു, വികാസ് കൃഷ്ണ,ജെയ്സൺ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. ഫെനി നൈനാനും, ബിനില്‍ ബിനുവും പിടിയിലാകുമ്പോൾ സഞ്ചരിച്ചിരുന്നത് രാഹുൽ മാങ്കൂട്ടത്തിന്റെ കാറിലായിരുന്നു.


മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് സംഘം കാർഡുകൾ നിർമിച്ചത്. തെരഞ്ഞെടുപ്പ് കമീഷന്റെ വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത തിരിച്ചറിയൽ കാർഡുകളിലെ ഫോട്ടോയും പേരും മാറ്റിയാണ് സംഘടനാ തെരഞ്ഞെടുപ്പിന്‌ ഉപയോഗിച്ചതെന്ന്‌ തിരുവനന്തപുരം ഫോറൻസിക്‌ ലാബിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തി. ഇത് രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയാണെന്ന് അന്വേഷണത്തിൽ പറയുന്നു.


അഭിനന്ദ്‌ വിക്രമന്റെ ലാപ്‌ടോപിൽ ഫോട്ടോഷോപ്‌ ഉപയോഗിച്ചാണ്‌ കാർഡുകൾ നിർമിച്ചതെന്ന്‌ പരിശോധനയിൽ വ്യക്തമായി. ദിവസവും 50 മുതൽ 60 വരെ കാർഡുകൾ എന്നനിലയിൽ രണ്ടായിരത്തോളം വ്യാജ കാർഡുകളാണ് നിർമിച്ചത്. ഇതിനായി ദിവസവും 1000 രൂപ വീതം നൽകി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 465, 468, 471, 419, 120 (ബി), ഐടി നിയമത്തിലെ 66(സി) വകുപ്പുകൾ പ്രകാരമാണ്‌ കേസ്‌. വ്യാജരേഖ ചമയ്‌ക്കുന്നവർക്ക്‌ ഐപിസി 465 പ്രകാരം രണ്ടുവർഷംവരെ തടവും പിഴയും ഇലക്ട്രോണിക്‌ രേഖ ചമയ്‌ക്കുന്നത്‌ 468 പ്രകാരം ഏഴ്‌ വർഷം വരെ തടവും ലഭിക്കാം. 419 അനുസരിച്ച്‌ വഞ്ചനാക്കുറ്റത്തിന്‌ മൂന്ന്‌ വർഷം വരെ തടവും പിഴയുമുണ്ടാകാം.


120(ബി) പ്രകാരം ക്രിമിനൽ ഗൂഢാലോചനയ്‌ക്ക്‌ ആറ്‌ മാസം വരെ തടവും പിഴയും നൽകാം. ഡിജിറ്റൽ ഒപ്പ്‌, പാസ്‌വേർഡ്‌, മറ്റ്‌ വ്യക്തിഗത വിവരങ്ങൾ എന്നിവ വ്യാജമായി നിർമിച്ചതിന്‌ മൂന്ന്‌ വർഷംവരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയുമാണ്‌ ശിക്ഷ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home