പരാതികളിൽ ഞെട്ടി ഇഡി: ശബ്‌ദരേഖ ലഭിച്ചതായി സൂചന

കൊച്ചി: കൈക്കൂലിക്കേസിൽ വിജിലൻസ് അന്വേഷണത്തിന് പ്രതിരോധം തീർക്കാൻ ഇഡി. ഉദ്യോഗസ്ഥർക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് പരാതിക്കാരൻ ഉന്നയിക്കുന്നതെന്ന് പറഞ്ഞ ഇഡി, ഇയാൾക്കെതിരെയുള്ള കള്ളപ്പണം വെളുപ്പിക്കൽ കേസിൽനിന്ന് ശ്രദ്ധതിരിക്കാനാണ് ശ്രമമെന്നും വിശദീകരിക്കുന്നു.
വിജിലൻസ് എടുത്ത കേസിൽ വിവരങ്ങൾ തേടിയിട്ടുണ്ട്. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായും ഇഡി കൂട്ടിച്ചേർത്തു.
വിജിലൻസ് പിടിമുറുക്കുന്നതായി കണ്ടതോടെയാണ് വിശദീകരണവുമായി ഇഡി രംഗത്തെത്തിയത്. നേരത്തേയും കൈക്കൂലിയുമായി ബന്ധപ്പെട്ട് ഇഡിക്കെതിരെ ആരോപണമുണ്ട്. എന്നാൽ അന്നൊന്നും പരാതിപ്പെടാൻ ആർക്കും ധൈര്യമുണ്ടായിരുന്നില്ല. ഇഡിവേട്ട ഭയന്നായിരുന്നു ഇത്. ഇതിന്റെ പിൻബലത്തിലാണ് ഇഡിയുടെ വിരട്ടലും കൈക്കൂലി വാങ്ങലും അനുസ്യൂതം നടന്നത്.
അതേസമയം, കൈക്കൂലി കേസിൽ ഇ ഡി ഉന്നതന്റെ പങ്കിന് കൂടുതൽ തെളിവായി ശബ്‌ദരേഖ ലഭിച്ചതായി സൂചന. പ്രതികളിൽനിന്ന് കസ്‌റ്റഡിയിൽ എടുത്ത മൊബൈൽ ഫോണിലെ വാട്‌സാപ്പ് ചാറ്റിലാണ് ശബ്‌ദ സന്ദേശമുള്ളത്. ശബ്‌ദ പരിശോധനക്കായി ഇവ ഫോറൻസിക് വിഭാഗത്തിന് കൈമാറി. ഇതോടൊപ്പം അറസ്‌റ്റിലായവരിൽനിന്ന് പിടിച്ചെടുത്ത ഇലക്‌ട്രേണിക് ഉപകരണങ്ങൾ അന്വേഷണ സംഘം ഫോറൻസിക് പരിശോധനക്കയച്ചു.
ഫോണുകളും ലാപ്‌ടോപ്പിലെ ഹാർഡ് ഡിസ്‌കുമാണ് കോടതി മുഖേനെ തിങ്കളാഴ്‌ച ഫോറൻസിക് ലാബിലേക്ക് അയച്ചത്. പരിശോധന ഫലം ലഭിച്ചാലുടൻ കേസിലെ ഒന്നാം പ്രതി ഇ ഡി അസി.ഡയറക്ടർ ശേഖർ കുമാറിനെ ചോദ്യം ചെയ്യും.








0 comments