ദുൽഖർ കൊച്ചിയിലെത്തി, മമ്മൂട്ടി ചെന്നൈയിൽ; ഇ ഡി പരിശോധന തുടരുന്നു

ദുൽഖർ സൽമാൻ, പൃഥ്വിരാജ് സുകുമാരന്‍ (ഇടത്), മമ്മൂട്ടിയുടെ പനമ്പള്ളിനഗറിലെ വീട്ടിൽനിന്നും പരിശോധനയ്ക്കിടെ പുറത്തേക്കുവരുന്ന ഇ ഡി ഉദ്യോഗസ്ഥർ (വലത്)
കൊച്ചി: അനധികൃത വാഹനക്കടത്ത് ആരോപിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തുന്ന പരിശോധനയ്ക്കിടെ നടൻ ദുൽഖർ സൽമാൻ കൊച്ചി എളംകുളത്തെ വീട്ടിലെത്തി. ഇ ഡി ആവശ്യപ്പെട്ടപ്രകാരമാണ് ചെന്നൈയിൽനിന്നും താരം എത്തിയത്. ചെന്നൈയിലുള്ള ദുൽഖറിന്റെയും മമ്മൂട്ടിയുടെയും വീട്ടിലും ഇ ഡി പരിശോധന നടത്തുന്നുണ്ട്. ഹൈദരാബാദിൽ നിന്ന് ഷൂട്ടിങ് പൂർത്തിയാക്കി മമ്മൂട്ടി ചെന്നൈയിലെ വീട്ടിലെത്തി.
മമ്മൂട്ടിയുടെയും ദുൽഖറിന്റെയും കൊച്ചിയിലെ രണ്ട് വീടുകൾ, നടൻ പൃഥ്വിരാജിന്റെ തേവരയിലെയും തോപ്പുംപടിയിലെ ഫ്ലാറ്റുകള്‍, വാഹന ഡീലർ അമിത് ചക്കാലക്കലിൻറെ കലൂരിലെ വീട് എന്നിവയുൾപ്പെടെ 17 സ്ഥലത്താണ് പരിശോധന നടത്തുന്നത്. ഫെമ നിയമലംഘനത്തിന്റെ ഭാഗമായാണ് റെയ്ഡ് എന്നാണ് വിശദീകരണം. ഓപ്പറേഷൻ നുംഖോറിൽ കസ്റ്റംസ് പിടിച്ചെടുത്ത വാഹനം ദുൽഖറിന് വിട്ടുകൊടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് ഇ ഡിയുടെ പരിശോധന.
നേരത്തെ ഭൂട്ടാൻ വഴി ആഡംബര കാറുകൾ നികുതിവെട്ടിച്ച് ഇന്ത്യയിലേക്ക് എത്തിച്ചെന്ന് ആരോപിച്ചാണ്, ദുൽഖറിൻറെയും പൃഥ്വിരാജിൻറെയും വീട്ടിൽ കസ്റ്റംസ് പരിശോധന നടത്തിയത്. ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത വാഹനം നടൻ ദുൽഖർ സൽമാന് വിട്ടുകൊടുക്കണമെന്ന് ഹൈക്കോടതി ചൊവ്വാഴ്ച ഉത്തരവിട്ടു. വാഹനം കിട്ടാൻ കസ്റ്റംസ് അസിസ്റ്റന്റ് കമീഷണർക്ക് ദുൽഖർ അപേക്ഷ നൽകണം. അപേക്ഷ പരിഗണിച്ച് ദുൽഖറിന് ഉപാധികളോടെ വാഹനം വിട്ടുനൽകണമെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. അപേക്ഷ തള്ളിയാൽ കൃത്യമായ കാരണം ബോധിപ്പിക്കണമെന്നും കോടതി സിംഗിൾബെഞ്ച് വ്യക്തമാക്കിയിരുന്നു.








0 comments