ധൃതിക്കുപിന്നിൽ അഴിമതി പിടികൂടിയതിന്റെ നാണക്കേട്‌

രാഷ്‌ട്രീയ 
ഗൂഢാലോചന ; ഇഡി കുറ്റപത്രം സിപിഐ എമ്മിനെ വേട്ടയാടാൻ

ed on karuvannur bank political drama
വെബ് ഡെസ്ക്

Published on May 27, 2025, 03:21 AM | 1 min read


തിരുവനന്തപുരം

തെരഞ്ഞെടുപ്പുകൾ മുന്നിൽനിൽക്കെ കരുവന്നൂർ ബാങ്ക്‌ ക്രമക്കേടിന്റെ പേരിൽ സിപിഐ എമ്മിനെയും പാർടിയുടെ സമുന്നത നേതാക്കളെയും വേട്ടയാടാനുള്ള എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റിന്റെ നീക്കം ജനാധിപത്യ മര്യാദകളുടെ സർവപരിധികളും ലംഘിക്കുന്നതാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌. കേന്ദ്രകമ്മിറ്റി അംഗം കെ രാധാകൃഷ്‌ണൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ സി മൊയ്‌തീൻ, എം എം വർഗീസ്‌ എന്നിവരെ രാഷ്‌ട്രീയ ഗൂഢലക്ഷ്യത്തോടെയാണ്‌ പ്രതിപ്പട്ടികയിൽ ചേർത്തത്‌. കേസ്‌ കോടതി തള്ളുമെന്ന്‌ ഉറപ്പാണെന്നിരിക്കെ, ആർഎസ്‌എസ്‌–-ബിജെപി താൽപര്യത്തിൽ പാർടിയെ അധിക്ഷേപിക്കാനുള്ള നീക്കം തീക്കളിയാണ്‌. കള്ളക്കേസുകൾ രാഷ്‌ട്രീയവും നിയമപരവുമായി നേരിടും –-സെക്രട്ടറിയറ്റ്‌ പ്രസ്‌താവനയിൽ പറഞ്ഞു.


അഴിമതിക്കാരെ പുറത്തുകൊണ്ടുവരാനും ബാങ്കിന്റെ പ്രവർത്തനം പുനഃസ്ഥാപിച്ച്‌ നിക്ഷേപകർക്ക്‌ പണം തിരികെ നൽകാനും സർക്കാരിനൊപ്പംനിന്ന്‌ പ്രവർത്തിച്ചവരാണ്‌ സിപിഐ എം നേതാക്കൾ. കള്ളക്കേസെടുത്ത്‌ വിരട്ടാമെന്ന്‌ കരുതേണ്ട. ഇഡി ഉദ്യോഗസ്ഥരുടെ അഴിമതി സംസ്ഥാന വിജിലൻസ്‌ കൈയോടെ പിടികൂടിയതിന്റ നാണക്കേടും ധൃതിപിടിച്ചുള്ള കുറ്റപത്രത്തിന്‌ പിന്നിലുണ്ട്‌. കേസൊതുക്കാൻ കൈക്കൂലി വാങ്ങാൻ നേതൃത്വം നൽകുന്നത്‌ ഇഡിയുടെ ഉന്നത ഉദ്യോഗസ്ഥരാണെന്ന്‌ വിജിലൻസ്‌ കണ്ടെത്തിയിട്ടുണ്ട്‌.


ഇഡിയുടെ അനധികൃത ഇടപെടലുകളെല്ലാം ഫെഡറലിസത്തിനുതന്നെ വെല്ലുവിളിയാണെന്ന്‌ കഴിഞ്ഞ ദിവസമാണ്‌ സുപ്രീംകോടതി പറഞ്ഞത്‌. ജനപിന്തുണയോടെ വളർന്ന നേതാക്കളെ വീഴ്‌ത്തിക്കളയാമെന്നാണ്‌ ഇഡിയുടെ മോഹമെങ്കിൽ കൈയിൽ വച്ചാൽ മതി. എന്തും ചെയ്യാമെന്നും ആരെയും വേട്ടയാടാമെന്നുമാണ്‌ ഇഡി കരുതുന്നതെങ്കിൽ കേരളത്തിന്റെ ചരിത്രമാണ്‌ ഓർമിപ്പിക്കാനുള്ളത്‌. ഭരണകൂട ഭീകരതയുടെ നടുവിൽനിന്നാണ്‌ സിപിഐ എം വളർന്നത്‌.


എൽഡിഎഫ്‌ സർക്കാരിനെതിരായി കൊണ്ടുവന്ന സ്വർണക്കള്ളക്കടത്ത്‌ കേസും കിഫ്‌ബിക്കെതിരായ കേസും എവിടെ എത്തിയെന്ന്‌ എല്ലാവർക്കും അറിയാം. സായുധസേനയെ അടക്കം നിരത്തി ഭീതിപരത്തി 10 മണിക്കൂറാണ്‌ എ സി മൊയ്‌തീന്റെ വീട്ടിൽ റെയ്‌ഡ്‌ നടത്തിയത്‌. കൈയിലുള്ള പണത്തിന്‌ എല്ലാ രേഖയും ഹാജരാക്കിയിട്ടും അസാധാരണ വാർത്താക്കുറിപ്പ്‌ ഇറക്കി കുടുംബത്തെ അധിക്ഷേപിച്ചു. ലോക്കൽ കമ്മിറ്റികളുടെ ഭൂമി ജില്ലാകമ്മിറ്റിയുടെ പേരിൽ രജിസ്റ്റർ ചെയ്‌തതിന്റെ പേരിലാണ്‌ എം എം വർഗീസിനെ പ്രതിചേർത്തത്‌. കുറ്റം ചെയ്‌തിട്ടില്ലെന്ന്‌ കരുതാൻ മതിയായ കാരണങ്ങളുണ്ടെന്നാണ്‌ വടക്കാഞ്ചേരി നഗരസഭ കൗൺസിലർ പി ആർ അരവിന്ദാക്ഷന്‌ ജാമ്യം അനുവദിച്ചപ്പോൾ ഹൈക്കോടതി പറഞ്ഞത്‌.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home