കരുവന്നൂർ കുറ്റപത്രം ; ഇഡിയുടേത് കോടതിയിൽ പൊളിഞ്ഞ വാദങ്ങൾ

തൃശൂർ
കരുവന്നൂർ കേസിൽ സിപിഐ എം നേതാക്കളെ കുടുക്കാൻ ഇഡി നിരത്തിയത് കോടതിയിൽ പൊളിഞ്ഞ വാദമുഖങ്ങൾ. ഒരു തെളിവിന്റെയും പിൻബലമില്ലാതെ വീണ്ടും നേതാക്കളെ തെരഞ്ഞുപിടിച്ച് കള്ളക്കേസിൽ പ്രതിയാക്കുകയാണ്. ജുഡീഷ്യൽ പരിശോധനയിൽ നിലനിൽക്കില്ലെന്ന് ഉറപ്പുണ്ടെങ്കിലും ബിജെപിയുടെ ചട്ടുകമായാണ് ഇഡി പാർടിയേയും സിപിഐ എമ്മിന്റെ സമുന്നത നേതാക്കളേയും പ്രതിചേർത്തത്.
നേരത്തേ എ സി മൊയ്‌തീന്റെ വീട് റെയ്‌ഡ് നടത്തിയിട്ടും ഒന്നും കണ്ടെത്താനായില്ല. ഇത് എഴുതി മൊയ്‌തീന് നൽകിയിരുന്നു. എന്നാൽ ഭാര്യയുടെയും മകളുടെയും അക്കൗണ്ട് മരവിപ്പിച്ചു. ഭാര്യ സർവീസിൽ നിന്ന് വിരമിച്ചപ്പോൾ ലഭിച്ച പണമാണ് നിക്ഷേപമായി ഉണ്ടായത്. എംഎൽഎക്ക് ലഭിക്കുന്ന വരുമാനം ഉൾപ്പെടെ പണത്തിന്റെ രേഖകളെല്ലാം ഇഡിക്കും കോടതിയിലും ഹാജരാക്കി. ഇഡിയുടെ നടപടി നീതി നിഷേധമാണെന്ന് കോടതി വ്യക്തമാക്കി. ആ പണം തിരിച്ച് നൽകേണ്ടിയും വന്നു.
നേരത്തേ കേസിൽ പ്രതിയാക്കിയ വടക്കാഞ്ചേരി നഗരസഭാ കൗൺസിലർ അരവിന്ദാക്ഷന് ജാമ്യം നൽകാതിരിക്കാൻ ഇഡി ശ്രമിച്ചു. എന്നാൽ ഹൈക്കോടതി ജാമ്യം അനുവദിച്ചു. അരവിന്ദാക്ഷൻ കുറ്റം ചെയ്‌തിട്ടില്ലെന്ന് കരുതാൻ മതിയായ കാരണങ്ങളുണ്ടെന്നായിരുന്നു ഹൈക്കോടതി പറഞ്ഞത്. അരവിന്ദാക്ഷന്റെ അമ്മ ചന്ദ്രമതിയുടെ അക്കൗണ്ടിൽ 63 ലക്ഷം നിക്ഷേപമെന്ന പേരിൽ ഇഡി കോടതിയിൽ ഹാജരാക്കിയ ബാങ്ക് അക്കൗണ്ട് രേഖകൾ വ്യാജമായിരുന്നു. പിന്നീട് അരവിന്ദാക്ഷന്റെ ശബ്‌ദരേഖകളുണ്ടെന്ന് പറഞ്ഞെങ്കിലും പൂർണരൂപം ഹാജരാക്കാനായില്ല.
ബാങ്കിലെ ക്രമക്കേടിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി പ്രതികളെ അറസ്‌റ്റ് ചെയ്‌തിരുന്നു. അന്വേഷണം മുന്നോട്ട് നീങ്ങവേയാണ് ഇഡിയുടെ രാഷ്‌ട്രീയ പ്രേരിത ഇടപെടൽ. ബാങ്കിലെ രേഖകൾ ഇഡി പിടിച്ചെടുത്തു. ക്രൈംബ്രാഞ്ചിന് പകർപ്പുപോലും കൈമാറിയില്ല. ഈ നടപടിയേയും ഹൈക്കോടതി വിമർശിച്ചിരുന്നു.
ജില്ലയിലെ എല്ലാ സിപിഐ എം ഓഫീസുകളും ജില്ലാ കമ്മിറ്റിയുടെ പേരിലാണ് രജിസ്‌റ്റർ ചെയ്യാറുള്ളത്. ജനങ്ങളിൽനിന്ന് പണം ശേഖരിച്ച് കരുവന്നൂർ ലോക്കൽ കമ്മിറ്റി ഓഫീസിനായി വാങ്ങിയ 4.66 സെന്റ് സ്ഥലവും ജില്ലാ കമ്മിറ്റിയുടെ പേരിലാണ് രജിസ്‌റ്റർ ചെയ്‌തിട്ടുള്ളത്. ഭൂമി വാങ്ങിയതിൽ അസാധാരണമായയൊന്നും ഇഡിക്ക് കണ്ടെത്താനായിട്ടില്ല. എന്നാൽ ഇതിന്റെ പേര് പറഞ്ഞാണ് കരുവന്നൂർ കേസിൽ ജില്ലാ സെക്രട്ടറിമാരായിരുന്ന കെ രാധാകൃഷ്‌ണൻ, എ സി മൊയ്‌തീൻ, എം എം വർഗീസ് എന്നിവരെ പ്രതിചേർത്തിട്ടുള്ളത്.
ആസൂത്രിതം, പക്ഷം ചേർന്ന് മാധ്യമങ്ങളും
കരുവന്നൂർ സഹകരണ ബാങ്ക് അഴിമതി കേസിൽ സിപിഐ എമ്മിനെയും നേതാക്കളെയും പ്രതിചേർത്ത ഇഡിയുടെ നടപടി ബിജെപിയും പ്രതിപക്ഷവും ചില മാധ്യമങ്ങളും ചേർന്നുണ്ടാക്കിയ രാഷ്‌ട്രീയ ഗൂഢാലോചന. മുഖ്യധാര മാധ്യമങ്ങൾ ഈ വാർത്ത റിപ്പോർട്ട് ചെയ്‌ത രീതിയിൽനിന്ന് ഇത് വ്യക്തം. നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനവും മത്സരിക്കാനില്ലെന്ന ബിജെപി തീരുമാനവും ഇതുമായെല്ലാം ചേർത്ത് വായിക്കണം. ഇഡിക്കെതിരെ കേരളത്തിന് പുറത്ത് കോൺഗ്രസ് എടുക്കുന്ന നിലപാടൊന്നും ഈ കേസിൽ അവർക്ക് ബാധകമല്ല. സുപ്രീം കോടതിയും രാജ്യത്തെ വിവിധ കോടതികളും ഇഡിക്ക് നൽകിയ ശക്തമായ താക്കീത് മാധ്യമങ്ങൾ അറിഞ്ഞ ഭാവവുമില്ല.
സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നതിന് കൃത്യമായ കാഴ്‌ചപ്പാടും അതനുസരിച്ച് മാർഗനിർദേശവും നൽകിയിട്ടുള്ള പാർടിയാണ് സിപിഐ എം. സഹകരണ മേഖലയിൽ അഴിമതി നടത്തുന്നവർക്കെതിരെ ശക്തമായ നടപടിയാണ് എല്ലാക്കാലത്തും പാർടി എടുത്തിട്ടുള്ളത്. അതേരീതി തന്നെയാണ് കരുവന്നൂരിലും പിന്തുടർന്നത്. ഇത് അറിയാത്തവരല്ല മാധ്യമങ്ങൾ. എന്നാൽ, കടുത്ത സിപിഐ എം വിരോധം സത്യം പറയുന്നതിൽനിന്ന് അവരെ പിന്തിരിപ്പിക്കുന്നു. ഇഡി അടക്കമുള്ള കേന്ദ്ര ഏജൻസികളെ ബിജെപി വ്യാപകമായി ദുരുപയോഗം ചെയ്യുന്നുവെന്ന് ബോധ്യമുണ്ടായിട്ടും കാണിക്കുന്ന മൗനം ഇതാണ് വ്യക്തമാക്കുന്നത്.
കള്ളപ്പണം വെളുപ്പിച്ചു, ബിനാമി വായ്പയെടുത്തു, രഹസ്യ അക്കൗണ്ടുണ്ടാക്കി, ഭരണത്തിൽ അനധികൃതമായി ഇടപെട്ടു തുടങ്ങി കുറ്റപത്രത്തിലെ ഒരു ആരോപണവും കോടതിയിൽ തെളിയിക്കാൻ ഇഡിക്കാവില്ല.
ശ്രമം ഇഡിയുടെ കൊള്ളയ്ക്ക് പുകമറയിടാൻ: മന്ത്രി വാസവൻ
കരുവന്നൂർ ബാങ്ക് ക്രമക്കേടിൽ സമർപ്പിച്ച കുറ്റപത്രം ഇഡി നടത്തുന്ന കൊള്ളരുതായ്‌മകൾക്ക് പുകമറയിടാനാണെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. ഇഡി ചെയ്‌ത കാര്യങ്ങൾ ഓരോന്നായി പുറത്തുവരികയാണ്. വിജിലൻസ് അന്വേഷണമാരംഭിച്ചു. അതിന് പുകമറയിടാൻ സഹായിക്കുന്നതരത്തിൽ നേതാക്കളെ ബോധപൂർവം പ്രതിപ്പട്ടികയിൽപെടുത്തി കുറ്റപത്രം കൊടുക്കുകയായിരുന്നു. സംശുദ്ധമായ രാഷ്ട്രീയപ്രവർത്തനം നടത്തുന്ന ഉന്നതനേതാക്കളെയാണ് പ്രതിയാക്കിയത്. ബാങ്കിൽനിന്ന് ഒരുരൂപ പോലും എടുത്തവരല്ല ഇവരാരും. കേന്ദ്രനിർദേശമനുസരിച്ചുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായാണിതെന്ന് പകൽപോലെ വ്യക്തമാണ്–- മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.








0 comments