"പീഡന വീരനെ ഇനിയും സഹിക്കണോ?"; രാഹുലിനെതിരെ വീടുകൾ കയറിയിറങ്ങി യുവാക്കൾ

പാലക്കാട്: ഗുരുതര ലൈംഗികാരോപണം നേരിടുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗൃഹസന്ദർശനവുമായി യുവാക്കൾ. മണ്ഡലത്തിലെ വീടുകൾ കയറിയാണ് ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർ പ്രചരണം നടത്തുന്നത്. രാഹുൽ നടത്തിയ ഗുരുതര കുറ്റങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തിയും, എംഎൽഎ സ്ഥാനം രാജിവെക്കണമെന്നും ആവശ്യപ്പെട്ടാണ് ഡിവൈഎഫ്ഐ, എസ്എഫ്ഐ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ ക്യാമ്പയിൻ.
പറക്കുന്നത്തെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് ഇന്ന് പ്രചരണം നടത്തുന്നത്. "ഇനിയും തുടരണോ ഈ കൊടുംക്രിമിനൽ, പീഡന വീരനെ ഇനിയും സഹിക്കണോ, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കുക" - തുടങ്ങിയ പ്ലക്കാർഡുകൾ ഉയർത്തിയാണ് പ്രചരണം. വരും ദിവസങ്ങളിൽ മണ്ഡലത്തിലെ മുഴുവൻ ജനങ്ങളെയും നേരിട്ട് കാണുമെന്നും, എംഎൽഎ രാജി വയ്ക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും നേതാക്കൾ അറിയിച്ചു.

ലൈംഗിക പീഡന പരാതികളിൽ ഡിജിപിയുടെ നിർദേശപ്രകാരം രാഹുലിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡിജിപിക്ക് ഇമെയിലിലും വിവിധ സ്റ്റേഷനുകളിലും ലഭിച്ച പരാതികളുടെ ഗൗരവ സ്വഭാവം കണക്കിലെടുത്താണ് കേസ്. നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കുന്ന സന്ദേശം അയച്ചു, ഫോണ്‍ വിളിച്ചു ഭീഷണിപ്പെടുത്തി, സ്‌ത്രീകളെ സമൂഹമാധ്യമങ്ങളിൽ പിന്തുടര്‍ന്ന് ശല്യപ്പെടുത്തി, സ്‌ത്രീകള്‍ക്ക് മാനസിക വേദനയുണ്ടാക്കി തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.
ക്രൈംബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് ഡിവൈഎസ്‌പി സി ബിനുകുമാറിനാണ് അന്വേഷണച്ചുമതല. പരാതിക്കാരുടെ മൊഴി ഉടൻ രേഖപ്പെടുത്തും. നിർബന്ധിത ഗർഭഛിദ്രം നടത്തിയെന്ന ആരോപണത്തിൽ കേസെടുക്കണമെന്ന് ഹൈക്കോടതി അഭിഭാഷകൻ എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകിയിരുന്നു. വിവിധ ജില്ലകളിലായി നിരവധി പരാതികളാണ് രാഹുലിനെതിരെ പൊലീസ് മേധാവിക്ക് ലഭിച്ചത്.
യുവതികളെ വിവാഹ വാഗ്‌ദാനംനൽകി പീഡിപ്പിച്ചു, ഗർഭഛിദ്രം നടത്താൻ നിർബന്ധിച്ചു, തുടങ്ങി കോൺഗ്രസിലെ വനിതാ പ്രവർത്തകർക്കുൾപ്പെടെ അശ്ലീല സന്ദേശങ്ങൾ അയച്ചു.. എന്നീ ആരോപണങ്ങളാണ് രാഹുലിനെതിരെ ഉയർന്നത്. അതിജീവിതയെയും ഗർഭസ്ഥശിശുവിനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്ന ഫോൺസംഭാഷണവും പുറത്തുവന്നു. ജാതിയുടെപേരിൽ രാഹുൽ വിവാഹ വാഗ്‌ദാനത്തിൽനിന്ന് പിന്മാറിയെന്ന് കോൺഗ്രസ് മുൻ എംപിയുടെ മകൾ എഐസിസിക്ക് പരാതിയും നൽകിയിട്ടുണ്ട്.








0 comments