കോടതിയിൽനിന്ന് കസ്റ്റംസിന് കനത്ത പ്രഹരമേറ്റതിന് പിന്നാലെയാണ് ഇഡി പരിശോധന
ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും വീട്ടിൽ പരിശോധന ; ജാള്യം മറയ്‌ക്കാൻ ഇഡിയെ ഇറക്കി

എറണാകുളം പനമ്പിള്ളി നഗറിലെ ദുൽഖറിന്റെ വീട്ടിൽനിന്ന് പരിശോധനയ്ക്കിടെ പുറത്തുവരുന്ന ഇഡി ഉദ്യോഗസ്ഥർ
കൊച്ചി
ഓപ്പറേഷൻ നുംഖോർ കേസിൽ കസ്റ്റംസിന് ഹൈക്കോടതിയിൽനിന്ന് കിട്ടിയ തിരിച്ചടിയുടെ ജാള്യം മറയ്‌ക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റി (ഇഡി)നെ ഇറക്കി കേന്ദ്രസർക്കാർ. നടന്മാരായ ദുൽഖർ സൽമാന്റെയും പൃഥ്വിരാജിന്റെയും വീടുകളിൽ അടക്കം 17 ഇടങ്ങളിൽ ഇഡി പരിശോധന നടത്തി. ദുൽഖറിന്റെ പനന്പിള്ളി നഗർ, എളംകുളം, ചെന്നൈ എന്നിവിടങ്ങളിലെ വീടുകളിലും പൃഥ്വിരാജിന്റെ തേവരയിലെയും തോപ്പുംപടിയിലെയും ഫ്ലാറ്റുകളിലും, നടൻ അമിത് ചക്കാലയ്‌ക്കലിന്റെ കലൂരിലെ വീട്ടിലുമാണ് പരിശോധന നടത്തിയത്.
വ്യക്തികൾക്കെതിരെ തെളിവില്ലാതെ ആരോപണം ഉന്നയിക്കരുതെന്ന് ഹൈക്കോടതി ചൊവ്വാഴ്‌ച കസ്റ്റംസിനോട് കർശനമായി പറഞ്ഞിരുന്നു. തന്റെ ലാൻഡ് റോവർ ഡിഫൻഡർ കാർ പിടിച്ചെടുത്തത് നിയമവിരുദ്ധമാണെന്നും വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ട് ദുൽഖർ നൽകിയ ഹർജിയിലാണ് കസ്റ്റംസിനെ ഹൈക്കോടതി വിമർശിച്ചത്. വാഹനം വിട്ടുകിട്ടാൻ ദുൽഖറിന് കസ്റ്റംസിനെ സമീപിക്കാമെന്നും കോടതി നിർദേശിച്ചു. കോടതിയിൽനിന്ന് കനത്ത പ്രഹരമേറ്റതിന് പിന്നാലെയാണ് ഇഡി വേട്ടയ്‌ക്കിറങ്ങിയത്. ബുധൻ രാവിലെ ഏഴുമുതൽ ആരംഭിച്ച പരിശോധന രാത്രിവരെ നീണ്ടു.
ചെന്നൈയിലായിരുന്ന ദുൽഖർ സൽമാൻ, ഇഡി ആവശ്യപ്പെട്ടപ്രകാരം പകൽ 2.15ന് എളംകുളത്തെ വീട്ടിലെത്തി. ഓപ്പറേഷന്‍ നുംഖോര്‍ എന്നപേരില്‍ കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ്, ഭൂട്ടാനില്‍നിന്ന് എത്തിച്ച വാഹനങ്ങള്‍ക്കെതിരെ നടപടി ആരംഭിച്ചത്. ഭൂട്ടാനില്‍നിന്നുള്ള കാര്‍കടത്തലില്‍ ഫെമ നിയമ (ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട്) ലംഘനം നടന്നിട്ടുണ്ടെന്നാണ് ഇഡി വാദം. അതിനിടെ സംഘപരിവാറിന് വഴങ്ങാത്ത നടന്മാരെ കേന്ദ്രഏജൻസികളെ ഉപയോഗിച്ച് ബിജെപി വേട്ടയാടുയാണെന്ന് ആരോപണമുയർന്നു.








0 comments