print edition എ കെ ജി സെന്റർ നിർമാണവുമായി ബന്ധപ്പെട്ട് വ്യാജവാർത്ത ; മാതൃഭൂമിക്കും മനോരമയ്‌ക്കും സിപിഐ എമ്മിന്റെ വക്കീൽനോട്ടീസ്

തിരുവനന്തപുരം
എ കെ ജി സെന്ററിന്റെ നിർമാണച്ചെലവുമായി ബന്ധപ്പെട്ട് വ്യാജ വാർത്ത നൽകിയ മാതൃഭൂമിക്കും മലയാള മനോരമയ്‌ക്കും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വക്കീൽ നോട്ടീസയച്ചു. എ കെ ജി സെന്റർ നിർമാണച്ചെലവിൽ രണ്ടു കണക്ക് എന്ന നിലയിൽ പ്രാധാന്യത്തോടെയാണ് വാർത്ത പ്രസിദ്ധീകരിച്ചത്.
സുപ്രീംകോടതിയിൽ ഒരു കേസുമായി ബന്ധപ്പെട്ട്, നിർമാണച്ചെലവ് 30 കോടിയാണെന്ന് അറിയിക്കുകയും കെട്ടിട നിർമാണത്തൊഴിലാളി ക്ഷേമ സെസ് ഫണ്ടിലേക്ക് തുക അടയ്‌ക്കുന്നതിന് 10 കോടി രൂപയാണ് നിർമാണച്ചെലവ് എന്ന് കാട്ടുകയും ചെയ്‌തു എന്നാണ് വാർത്ത.
കെട്ടിട നിർമാണത്തൊഴിലാളി സെസ് കണക്കാക്കുന്നത് കെട്ടിട ഉടമ നൽകുന്ന കണക്ക് അടിസ്ഥാനമാക്കിയല്ല എന്നതാണ് വസ്‌തുത. മാത്രമല്ല, പ്ലിന്ത് ഏരിയ കണക്കാക്കിയാണ് സെസിനായി നിർമാണച്ചെലവ് കണക്കാക്കുന്നത്. 1996ലെ സെസ് നിയമവും 1998ലെ ചട്ടങ്ങളും അനുസരിച്ചാണ് ഇത്. 400 ചതുശ്ര മീറ്ററിനു മുകളിലുള്ള കെട്ടിടങ്ങൾക്ക് ഒരു ചതുശ്ര മീറ്ററിന് 16,600 രൂപയും പത്തു ശതമാനം അധികവും ചേർത്താണ് ചെലവ് കണക്കാക്കുന്നത്. എ കെ ജി സെന്ററിന്റെ മൊത്തം പ്ലിന്ത് ഏരിയ 5603.36 ചതുശ്ര മീറ്ററാണ്. ഇത്തരത്തിൽ 10,23,47,300 രൂപയാണ് സെസിനായി കണക്കാക്കിയത്.
2024ലെ തദ്ദേശ വകുപ്പിന്റെ ഉത്തരവ് പ്രകാരം, ഒക്യുപൻസി സർട്ടിഫിക്കറ്റ് നൽകുന്നതിനു മുമ്പ് തദ്ദേശസ്ഥാപനത്തിന് സെസ് പിരിക്കാൻ അധികാരമുണ്ട്. കോർപ്പറേഷന്റെ നിർദേശപ്രകാരം സെസ് ഓഫീസർമാരാണ് കണക്കുകൂട്ടുന്നത്. കെട്ടിട ഉടമയുടെ ഇടപെടലില്ലാതെ പൂർത്തീകരണ പദ്ധതിയുടെ അടിസ്ഥാനത്തിലാണ് ഇതെല്ലാം ചെയ്യുന്നത്. ഒക്യുപൻസി പെർമിറ്റ് എടുക്കുന്നതിനുമുമ്പ് ആവശ്യപ്പെട്ട സെസ് തുക സിപിഐ എം അടയ്‌ക്കുകയും ചെയ്‌തു. കെട്ടിടത്തിന്റെ നിർമാണച്ചെലവ് അടിത്തറ വിസ്തീർണം മാത്രം നോക്കിയല്ല. തറ, മേൽക്കൂര, ലിഫ്റ്റുകൾ ഉൾപ്പെടെ വിവിധ സംവിധാനങ്ങൾ എന്നിവ ഉൾക്കൊള്ളുന്നതാണ് യഥാർഥ ചെലവ്.
വസ്‌തുത ഇതായിരിക്കെ തെറ്റായ വാർത്തയാണ് പ്രസിദ്ധീകരിച്ചത്. കെട്ടിട ഉടമയുമായോ തദ്ദേശസ്ഥാപനവുമായോ സെസ് അതോറിറ്റിയുമായോ അന്വേഷിക്കാതെയാണ് വാർത്ത നൽകിയത്. ഇൗ സാഹചര്യത്തിൽ തെറ്റായ വാർത്ത തിരുത്തി പ്രസിദ്ധീകരിച്ച് തുടർനിയമനടപടികൾ ഒഴിവാക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടു. അഡ്വ. എം രാജഗോപാലൻ നായർ മുഖേനയാണ് നോട്ടീസ് അയച്ചത്.










0 comments