print edition മുണ്ടക്കൈ ദുരിതാശ്വാസനിധി : കോൺഗ്രസ് സംഭാവന വട്ടപ്പൂജ്യം

സുജിത് ബേബി
Published on Jan 15, 2026, 01:51 AM | 1 min read
കോഴിക്കോട്
വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ ദുരന്തബാധിതരെ സഹായിക്കാൻ പണം നൽകാതെ കോൺഗ്രസും ബിജെപിയും. ദുരിതാശ്വാസ നിധിയിലേക്ക് ഇരുകൂട്ടരും തുക നൽകിയില്ലെന്ന് വിവരാവകാശരേഖ വ്യക്തമാക്കുന്നു. വയനാട് എംപിയായിരുന്ന രാഹുൽ ഗാന്ധിയും നിലവിലെ എംപി പ്രിയങ്ക ഗാന്ധിയും പണം നൽകിയില്ല. ദുരന്തബാധിതരെ പൂർണമായി അവഗണിക്കുകയായിരുന്നു ബിജെപി. അവരുടെ സംഭാവനയും വട്ടപ്പൂജ്യം.
യൂത്ത് കോൺഗ്രസ്, കെഎസ്‌യു, മഹിളാ കോൺഗ്രസ്, യുവമോർച്ച, എബിവിപി തുടങ്ങിയ സംഘടനകളും സിഎംഡിആർഎഫിനോട് മുഖംതിരിച്ചു. കോൺഗ്രസ് എംഎൽഎമാരുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകിയെന്നും ഇൗ പണവും കൽപ്പറ്റയിൽ ടൗൺഷിപ്പ് നിർമാണത്തിന് ഉപയോഗപ്പെടുത്തിയെന്നുമാണ് വി ഡി സതീശനും ടി സിദ്ദിഖുമടക്കമുള്ള നേതാക്കളുടെ കള്ളപ്രചാരണം. ഇതും തെറ്റാണെന്ന് വിവരാവകാശ രേഖ തെളിയിക്കുന്നു. 22 എംഎൽഎമാരുള്ള കോൺഗ്രസിൽ സഹായം നൽകിയത് ഏഴുപേർ. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഒരുലക്ഷം രൂപ നൽകി. രമേശ് ചെന്നിത്തല, ടി സിദ്ദിഖ്, സി ആർ മഹേഷ്, ടി ജെ വിനോദ്, അൻവർ സാദത്ത്, സജീവ് ജോസഫ് എന്നീ എംഎൽഎമാർ 50,000 വീതം നൽകി. ദുരന്തഘട്ടത്തിൽ കേരളത്തിൽനിന്ന് യുഡിഎഫിന് 19 എംപിമാരുണ്ടായിരുന്നു. സംഭാവന നൽകിയത് ആറുപേർ മാത്രം.
മുസ്ലിംലീഗ് എംഎൽഎമാർ 50,000 രൂപ വീതം നൽകി. എന്നാൽ, കേരള കോൺഗ്രസ്, ആർഎംപി തുടങ്ങിയ പാർടികളോ എംഎൽഎമാരോ നൽകിയില്ല. കേരള കോൺഗ്രസ് ജേക്കബ് വിഭാഗം നൽകിയത് 10,000 രൂപ. ആർഎസ്‌പി അഞ്ച് ലക്ഷം രൂപ നൽകിയത് ഒഴിച്ചാൽ യുഡിഎഫ് ഘടകകക്ഷികളാരും ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകാൻ തയ്യാറായില്ലെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു.










0 comments