ad
Deshabhimani

print edition ‘ ചീഫ്‌ ലെയ്‌സൺ ഓഫീസർ ’ : കോൺഗ്രസ്‌ സംഘടനാ നേതാക്കൾക്ക്‌ ഇല്ലാത്ത തസ്തികയിൽ നിയമനം

Congress flag

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jun 10, 2026, 12:00 AM | 1 min read

പത്തനംതിട്ട: ഇതുവരെയില്ലാത്ത തസ്തിക സൃഷ്‌ടിച്ച്‌ കോൺഗ്രസ്‌ അനുകൂല സംഘടനാ സംസ്ഥാന നേതാക്കൾക്ക്‌ ആരോഗ്യവകുപ്പ്‌ ഡയറക്ടറേറ്റിൽ നിയമനം. ഗവ. നഴ്‌സസ്‌ യൂണിയൻ സംസ്ഥാന പ്രസിഡന്റ്‌ കെ എസ്‌ സന്തോഷ്‌, സെക്രട്ടറി ജി ജി ഗിരീഷ്‌ എന്നിവർക്കാണ്‌ " ചീഫ്‌ ലെയ്‌സൺ ഓഫീസർ ' തസ്‌തികയിൽ നിയമനം.


കെ എസ്‌ സന്തോഷ്‌ തിരുവനന്തപുരം നെടുമങ്ങാട്‌ ജില്ലാ ആശുപത്രിയിൽ സീനിയർ നഴ്‌സിങ്‌ ഓഫീസറും ജി ജി ഗിരീഷ്‌ തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ നഴ്‌സിങ്‌ ഓഫീസർ ഗ്രേഡ്‌ ഒന്നുമാണ്‌. നഴ്‌സിങ്‌ മേഖലയുടെ ഏകീകരണത്തിനും നിരീക്ഷണത്തിനുമാണ്‌ നിയമനമെന്നാണ് ആരോഗ്യവകുപ്പ്‌ ചൊവ്വാഴ്ച പുറപ്പെടുവിച്ച ഉത്തരവിലുള്ളത്‌. എന്നാൽ ഇത്തരമൊരു തസ്‌തിക ആരോഗ്യവകുപ്പ്‌ ഡയറക്ടറേറ്റിൽ ഇല്ല. ഡയറക്ടറേറ്റിലെ ജീവനക്കാരെയാകെ നിരീക്ഷിക്കാനുള്ള കോൺഗ്രസ്‌ തന്ത്രമാണ്‌ ഇല്ലാത്ത തസ്‌തികയിലെ നിയമനമെന്നുറപ്പ്‌.


യുഡിഎഫ്‌ അധികാരത്തിലെത്തിയതുമുതൽ ജീവനക്കാരുടെ സംഘടനാ നേതാക്കൾക്കായി അകമഴിഞ്ഞ "സഹായ'മാണ്‌ നൽകുന്നത്‌. അതേസമയം ഇടതുപക്ഷ സംഘടനാ നേതാക്കളെ മാനദണ്ഡവിരുദ്ധമായി സ്ഥലം മാറ്റുകയാണ്‌. ഗവ. നഴ്സസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ടി സുബ്രമണ്യന്‌ ജില്ലാ നഴ്സിങ്‌ ഓഫീസറായി സ്ഥാനക്കയറ്റം നൽകിയതിന്റെ മറവിൽ മാനദണ്ഡവിരുദ്ധമായി വയനാട് ജില്ലാ മെഡിക്കൽ ഓഫീസിലേക്ക് സ്ഥലംമാറ്റിയത്‌ ഇതിന്റെ ഭാഗമായിട്ടായിരുന്നു.


സർക്കാർ ജീവനക്കാരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ പ്രകാരം അംഗീകൃത സർവീസ് സംഘടനകളുടെ ജനറൽ സെക്രട്ടറിമാർക്ക് സ്ഥലംമാറ്റത്തിൽ നിയമപരമായ പരിരക്ഷയുണ്ട്. ഇത്‌ തഴഞ്ഞായിരുന്നു ആരോഗ്യവകുപ്പിന്റെ ഉത്തരവ്‌. മാനദണ്ഡവിരുദ്ധ സ്ഥലമാറ്റത്തിനെതിരെ കേരള അഡ്‌മിനിസ്‌ട്രേറ്റീവ്‌ ട്രിബ്യൂണലിനെ സമീപിച്ചിരിക്കുകയാണ്‌ ടി സുബ്രഹ്മണ്യൻ.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home