ക്രൂഡ് ഓയിൽ വില ഇടിഞ്ഞു, ഡോളർ ദുർബലമായി; രൂപയ്ക്ക് നേട്ടം

മുംബൈ : ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ഇടിഞ്ഞതും, ഡോളറിന്റെ മൂല്യം കുറഞ്ഞതും കാരണം വെള്ളിയാഴ്ച ആദ്യ വ്യാപാരത്തിൽ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 20 പൈസ ഉയർന്ന് 94.79 എന്ന നിലവാരത്തിലെത്തി. യുഎസ് ട്രഷറി യീൽഡുകളിലെ കുറവാണ് രൂപയ്ക്ക് പിന്തുണയായത്.
ഇന്റർബാങ്ക് വിദേശനാണ്യ വിപണിയിൽ, രൂപയുടെ മൂല്യം 94.75 എന്ന നിലയിൽ ആരംഭിച്ചു. പിന്നീട് മുൻ ക്ലോസിംഗിനേക്കാൾ 20 പൈസയുടെ നേട്ടത്തിൽ 94.79 എന്ന നിലവാരം രേഖപ്പെടുത്തി. വ്യാഴാഴ്ച ഡോളറിനെതിരെ രൂപയുടെ മൂല്യം 18 പൈസ ഉയർന്ന് 94.99 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. ആറ് കറൻസികൾക്കെതിരെ ഡോളറിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക 0.54 ശതമാനം ഇടിഞ്ഞ് 102 എന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്.
ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് ഇന്നത്തെ വ്യാപാരത്തിൽ 0.54 ശതമാനം ഇടിഞ്ഞ് ബാരലിന് 105.35 ഡോളറിലെത്തി. ആഭ്യന്തര ഓഹരി വിപണിയിൽ സെൻസെക്സും നിഫ്റ്റിയും നേട്ടത്തിൽ മുന്നേറുകയാണ്. ഐടി മേഖലയിലെ ഓഹരികളാണ് ഇന്ന് ഓഹരി വിപണിയെ പിന്തുണച്ചത്. അതേസമയം, വിദേശ നിക്ഷേപകർ വ്യാഴാഴ്ച 5,285.37 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചതായി എക്സ്ചേഞ്ച് ഡാറ്റ സൂചിപ്പിക്കുന്നു.








0 comments